Sorry, you need to enable JavaScript to visit this website.

നാടിനു നൊമ്പരമായി മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണം

തളിപ്പറമ്പ്- കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി മിഫ്‌സലുറഹ്മാന്റെ  മരണം നാടിനും കാമ്പസിനും ഒരുപോലെ നൊമ്പരമായി.
തളിപ്പറമ്പിലുണ്ടായ വാഹനാപകടമാണ് മിഫ്‌സലിന്റെ ജീവനെടുത്തത്.  സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ആരോഗ്യ സര്‍വകലാശാല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. വഴിമദ്ധ്യേ, പാലക്കാട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡീലെക്‌സ് എയര്‍ ബസും മിഫ്‌സലുറഹ്മാന്‍ സഞ്ചരിച്ച ബൈക്കും തമ്മില്‍ ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാം മൈലില്‍ കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടുമാസം മുമ്പ് കോഴിക്കോട് നടന്ന കേരള ആരോഗ്യ സര്‍വകലാശാല ഡി സോണ്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച കളിക്കാരനായി മിഫ്‌സലുറഹ്മാന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനത്തെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ടീമിലെ പ്രധാന കളിക്കാരനായ മിഫ്‌സലായിരുന്നു.
മസ്‌കത്തില്‍ ജോലി ചെയ്യുന്ന തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ ഫസല്‍ റഹ്മാന്‍-മുംതാസ് ദമ്പതികളുടെ മകനാണ് മിഫ്‌സല്‍. റബീഹ്, ഇസാന്‍, ഷന്‍സ എന്നിവര്‍ സഹോദരങ്ങളാണ്.
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് തിങ്കളാഴ്ച പ്രിന്‍സിപ്പല്‍ അവധി നല്‍കി. ഉച്ചയ്ക്ക് ഒന്നുമുതല്‍കോളജ് അക്കാദമിക് ബ്ലോക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷീബാ ദാമോദര്‍, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, മുന്‍ എം.എല്‍.എ ടി.വി. രാജേഷ്, ഡന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. സജി, മെഡിക്കല്‍ കോളജ് പി.ടി.എ ഭാരവാഹികള്‍, വിവിധ കോളജ് യൂനിയന്‍ ഭാരവാഹികള്‍, ജീവനക്കാരുടെ സംഘടനകള്‍ തുടങ്ങിയവര്‍ മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ഥികളും ജീവനക്കാരുമാണ് അക്കാദമിക് ബ്ലോക്കിലെത്തി അന്തിമോപചാരമര്‍പ്പിച്ചത്.
മിഫ്‌സലുറഹ്മാന്റെ വിയോഗത്തില്‍ എം. വിജിന്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ ഡോ.എസ്. പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് തുടങ്ങിയവര്‍ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ അനുശോചനയോഗം നടക്കും.

 

Latest News