Sorry, you need to enable JavaScript to visit this website.

ബാലികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വയോധികനെ അടിച്ചുകൊന്നു

ബംഗളൂരു- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് തമിഴ്‌നാട് സ്വദേശിയായ 73 കാരനെ ബംഗളൂരുവില്‍ അടിച്ചുകൊന്നു.
പെണ്‍കുട്ടിയും മരിച്ചയാളും അയല്‍വാസികളാണെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ബാബുസാപല്യ സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ കുപ്പണ്ണ എന്നയാളാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി മയക്കാനുള്ള മരുന്ന് നല്‍കിയത്. അര്‍ദ്ധബോധാവസ്ഥയിലായപ്പോള്‍ കുപ്പണ്ണ പെണ്‍കുട്ടിയെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി.

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിനു പുറത്തു പോയ പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കുപ്പണ്ണയുടെ വീട്ടിനുള്ളില്‍ നഗ്‌നയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം മാതാപിതാക്കളോട് വിശദീകരിച്ചതിന് പിന്നാലെ 73 കാരനായ പ്രതിയെ വീട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ പിന്നീട് പോലീസിനെ സമീപിക്കുകയും പോലീസ് കുപ്പണ്ണയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പ്രതി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ഭീമ ശങ്കര്‍ ഗുലേദ് പറഞ്ഞു.

 

Latest News