അബുദാബി- ഇറാന്‍ ആണവായുധം സ്വന്തമാക്കിയാല്‍ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സൗദി അറേബ്യ അടക്കമുള്ള മറ്റു മേഖലാ രാജ്യങ്ങള്‍ എല്ലാ സാധ്യതകളും തേടുമെന്ന് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. വേള്‍ഡ് പോളിസി കോണ്‍ഫറന്‍സിന്റെ ഭാഗമായി അബുദാബിയില്‍ നടക്കുന്ന പതിനഞ്ചാമത് ഗ്ലോബല്‍ ഗവേണന്‍സ് ഡയലോഗ് സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശ മന്ത്രി. ഇറാനുമായുള്ള ആണവ കരാര്‍ പരാജയപ്പെടുന്നതിലൂടെ വളരെ അപകടകരമായ ഘട്ടത്തിലേക്കായിരിക്കും മേഖല പ്രവേശിക്കുക. ഇറാനുമായി ആണവ കരാര്‍ ഒപ്പുവെക്കാന്‍ സൗദി അറേബ്യ സമ്മര്‍ദം ചെലുത്തുന്നത് തുടരും. ആണവ കരാര്‍ ആദ്യപടി മാത്രമാണ്. ഇത് അവസാനത്തേതല്ല. ആണവ കരാര്‍ ഒപ്പുവെക്കുന്നതിലൂടെ ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ ശ്രമിക്കില്ല എന്നതിന് ഉറപ്പുകളുണ്ടെന്ന് അര്‍ഥമാക്കുന്നില്ല.
ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നത് മേഖലയുടെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ സംഭവവികാസമായിരിക്കും. ഇറാന്‍ ആണവായുധം നേടിയാല്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ പ്രയാസമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ സരക്ഷ ഉറപ്പാക്കാന്‍ മേഖലാ രാജ്യങ്ങള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കും. ഇറാനുമായുള്ള ആണവ കരാര്‍ അവസാന ഘട്ടമല്ല. ആണവായുധം വികസിപ്പിക്കില്ല എന്നതിന് ഇറാന്‍ മതിയായ ഉറപ്പുകള്‍ നല്‍കണം.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുമായുള്ള ചര്‍ച്ചകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള സല്‍മാന്‍ രാജാവിന്റെ പരിഷ്‌കരിച്ച വിഷന്‍ സൗദി അറേബ്യ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ വര്‍ഷം സൗദിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനം ഒരു ട്രില്യണ്‍ ഡോളര്‍ കവിയും. വ്യക്തമായ റോഡ് മാപ്പ് അനുസരിച്ച് സൗദി അറേബ്യ സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സൗദി ജനതയുടെ ക്ഷേമത്തിനും സുസ്ഥിര വളര്‍ച്ച കൈവരിക്കാനുമാണ് മുന്‍ഗണന നല്‍കുന്നത്. മുഴുവന്‍ പങ്കാളികളുമായും ചര്‍ച്ചകള്‍ നടത്തി എണ്ണ വില സ്ഥിരതക്ക് സൗദി അറേബ്യ ശ്രമം തുടരും. നിലവില്‍ എണ്ണ വില ഭദ്രമാണ്. സൗദി അറേബ്യയും റഷ്യയും തമ്മില്‍ മികച്ച ബന്ധങ്ങളുണ്ട്. ഇതാണ് ചില തടവുകാരുടെ മോചനത്തിന് മധ്യസ്ഥം വഹിക്കാന്‍ സൗദി അറേബ്യയെ സഹായിച്ചത്.
ഭിന്നതകള്‍ക്കിടെയും അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സഹകരണ മേഖലകളും താല്‍പര്യങ്ങളും ശക്തമായി തുടരുമെന്ന്, അമേരിക്കയിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് ഭരണകൂടങ്ങള്‍ തമ്മിലെ വ്യത്യാസത്തെ കറിച്ച ചോദ്യത്തിന് മറുപടിയായി സൗദി വിദേശ മന്ത്രി പറഞ്ഞു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരണം എന്ന നിലപാടിനൊപ്പമാണ് സൗദി അറേബ്യയെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.