ഭരണഘടന സംരക്ഷിക്കാൻ മോഡിയെ കൊല്ലണം; കോൺഗ്രസ് നേതാവിന്റെ പ്രംസംഗം വിവാദത്തിൽ

ഭോപ്പാൽ- ഭരണഘടനയെ രക്ഷിക്കാൻ പ്രാധനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാൻ തയാറെടുക്കണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് വിവാദത്തിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് രാജ പടേരിയയുടെ പ്രസംഗമാണ് വലിയ വിവാദത്തിന് വഴിയൊരുക്കിയത്. 

ഭരണഘടനയെ രക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാനാണ്  അദ്ദേഹം ആഹ്വാനം ചെയ്തത്. "കൊല്ലൽ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് "തോൽപ്പിക്കൽ" എന്നാണെങ്കിലും കിട്ടിയ അവസരം മുതലെടുത്ത് ബി.ജെ.പി വിദ്വേഷ പ്രചാരണം ഊർജിതമാക്കി. കൊല്ലൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരാജയപ്പെടുത്തൽ ആണെന്ന് അപ്പോൾ തന്നെ അദ്ദേഹം വിശദീകരിച്ചിരുന്നുവെങ്കിലും വിവാദത്തിൽനിന്ന് രക്ഷപ്പെടാൻ സഹായകമായില്ല.

നിരവധി ബിജെപി നേതാക്കൾ പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. മുൻ സംസ്ഥാന മന്ത്രി കൂടിയായ പട്ടേരിയയ്‌ക്കെതിരെ പോലീസ് കേസെടുക്കാൻ മധ്യപ്രദേശ് സർക്കാർ ഉത്തരവിട്ടു. മാപ്പർഹിക്കാത്ത കുറ്റമെന്നാണ് കേന്ദ്രമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഭാരത് ജോഡോ യാത്ര നടത്തുമെന്ന് നടിക്കുന്നവരുടെ യഥാർത്ഥ മുഖം പുറത്തുവന്നിരിക്കയാണെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രാഹുൽ ഗാന്ധിയെ വിമർശിച്ചുകൊണ്ടു പറഞ്ഞു.

മോഡി തെരഞ്ഞെടുപ്പ് അവസാനിപ്പിക്കും, മോഡി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കും; ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോഡിയെ കൊല്ലാൻ തയ്യാറാകൂ-ഇതായിരുന്നു പടേരിയയുടെ പ്രസംഗം.

Latest News