Sorry, you need to enable JavaScript to visit this website.

പിറന്നാള്‍ ദിനത്തില്‍ മേളക്കാരൻ, ജയറാമിന് സര്‍പ്രൈസ് ഒരുക്കി ആരാധകര്‍

കോട്ടയം- പിറന്നാള്‍ ദിനമായ ഡിസംബര്‍ പത്തിന് മേളക്കാരനായി പെരുന്നയിലെത്തിയ നടന്‍ ജയറാമിന് സര്‍പ്രൈസുമായി കമ്മിറ്റിക്കാര്‍. ഉത്സവപറമ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനൊപ്പം ആസ്വദിച്ച് ചെണ്ടക്കൊട്ടുന്നതിനിടെ ജയറാമിന് സര്‍പ്രൈസ് കിട്ടിയത്. ഹാപ്പി ബര്‍ത്ത്‌ഡേ ജയറാം എന്നെഴുതിയ ഹൈഡ്രജന്‍ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ത്തിയാണ് കമ്മിറ്റിക്കാര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. മേളം അവസാനിച്ച ശേഷം കമ്മിറ്റിക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു.

സാധാരണ പിറന്നാള്‍ ദിനത്തില്‍ കുടുംബത്തിനൊപ്പമാണ് ഉണ്ടാകാറുള്ളത്. ഇത്തവണ ഡിസംബര്‍ പത്തിന് മേളം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആദ്യം മടി കാട്ടിയെങ്കിലും ഭാര്യ പാര്‍വതിയാണ് പെരുന്നയിലെ ക്ഷണം നിരസിക്കരുതെന്ന് തന്നെ ഉപദേശിച്ചതെന്നും ജയറാം പറഞ്ഞു.

കോട്ടയം ചങ്ങനാശേരി പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ നാലാം ദിവസമാണ് നടന്‍ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കാണാന്‍ നിരവധി പേര്‍ തടിച്ചുകൂടിയത്. പ്രിയതാരത്തെ അടുത്ത് കാണാന്‍ കിട്ടിയതിന്റെ  സന്തോഷത്തിലായിരുന്നു നാട്ടുകാര്‍.

 

Latest News