കോഴിക്കോട് വ്യാപാരിയെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ പിടികൂടി

കോഴിക്കോട്- മിഠായിത്തെരുവിലെ വ്യാപാരിയെ കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടി. ഇരിങ്ങലൂര്‍ സ്വദേശി അര്‍ഷാദ് ബാബു (41), നല്ലളം ഉള്ളിശ്ശേരിക്കുന്ന് ഷാഹുല്‍ ഹമീദ്(40), കിണാശ്ശേരി വാകേരിപറമ്പ് റാഷിദ് (46), കിണാശ്ശേരി ചെരണം കുളം പറമ്പ് അബ്ദുള്‍ മനാഫ് (42), മാത്തോട്ടം വാഴച്ചാല്‍ വയല്‍ അബദുള്‍ അസീസ് (38) എന്നിവരാണ് പിടിയിലായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പേ മാത്തോട്ടം സ്വദേശി ഫൈസലിനെ പിടികൂടിയിരുന്നു. ജില്ലാ പോലീസ് മേധാവി അക്ബറിന്റെ നിര്‍ദേശപ്രകാരം നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

നവംബര്‍ 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വ്യാപാര തര്‍ക്കത്തെത്തുടര്‍ന്ന് ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി വരികയായിരുന്ന പരാതിക്കാരനെ അര്‍ഷാദ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം മര്‍ദിക്കുകയും ആയുധമുപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ഒരു മാസത്തോളമായി കേരളത്തിലും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. വക്കീലിന്റെ നിര്‍ദേശപ്രകാരം പല സ്ഥലങ്ങളിലായാണ് പ്രതികള്‍ കഴിഞ്ഞിരുന്നത്.

 

Latest News