ഏതൊരു ജനാധിപത്യ - മതേതരവാദിയെയും ആശങ്കപ്പെടുത്തുന്ന തെരഞ്ഞെടുപ്പു വാർത്തകളാണ് ഗുജറാത്തിൽ നിന്നും വന്നിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിന് ഒരിക്കലും ഗുണകരമല്ലാത്ത രീതിയിൽ ബി.ജെ.പിയുടെ ഏഴാമത്തെ തുടർഭരണത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. അതും അവർപോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തിന്. ഭരണത്തിനെതിരായി നിലനിൽക്കുന്നു എന്നു പറയപ്പെട്ടിരുന്ന വികാരത്തിന്, എന്തിനു മോർബി ദുരന്തത്തിനുപോലും ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാനായില്ല. അതേ സമയം സ്ഥിരമായി ഭരണ മാറ്റം സംഭവിച്ചിരുന്ന ഹിമാചൽ ആ ചരിത്രം നിലനിർത്തിയിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ രാഷ്ടീയ പ്രാധാന്യമുള്ള വിജയമാണ് കോൺഗ്രസ് അവിടെ നേടിയിരിക്കുന്നത്. ഗുജറാത്ത് നൽകുന്ന ആശങ്കയിലും ഹിമാചൽ നൽകുന്നത് പ്രതീക്ഷയാണ്. 2024 ൽ ലോക്സഭ തെരഞ്ഞെടപ്പു നടക്കുന്ന സാഹചര്യത്തിൽ ഈ ഫലം തീർച്ചയായും പ്രതീക്ഷ നൽകുന്നു.
വർഗീയതയുടെയും വംശീയ ഹത്യയുടെയും അടിത്തറയാണ് ഗുജറാത്തിൽ ബിജെപിയുടേത്. അതിനു മുകളിലാണ് അവരുടെ ജൈത്രയാത്ര നടക്കുന്നത്. വംശീയ കലാപ കാലത്തെ ഭീകരരെ തുറന്നുവിട്ടും സ്വീകരണം നൽകിയും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചും തങ്ങളുടെ നയത്തിൽ അടിസ്ഥാന മാറ്റമില്ലെന്നു തന്നെയാണ് അവർ പ്രഖ്യാപിക്കുന്നത്. അപ്പോഴും ഇത്രമാത്രം വൻവിജയം എന്നതാണ് ഭയപ്പെടുത്തുന്നത്. ഭരണത്തിനെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന വികാരം പോലും അവിടെയില്ല എന്നതാണ് അത്ഭുതം. ഉണ്ടാകുമെന്ന് പല എക്സിറ്റ് പോളുകളും പറഞ്ഞെങ്കിലും. തീർച്ചയായും വോട്ടർമാരെ സ്വാധീനിച്ച വേറെയും ഘടകങ്ങൾ ഉണ്ടാകും. രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനം എന്ന ഇമേജ് സൃഷ്ടിക്കാൻ മോഡിയുടെയും അദാനിയുടെയും നാടിനായിട്ടുണ്ട്. ഗുജറാത്ത് വികസനത്തിൽ വളരെ പിറകിലാണെന്ന് കണക്കുകളടക്കം കേരളത്തിൽ നിരന്തരം കാണാറുണ്ടെന്നത് ശരിയാണ്. എന്നാൽ അതു മാത്രമായിരിക്കണമെന്നില്ല വസ്തുത. ഏതാനും ദിവസം മുമ്പ് ദിവസക്കൂലി ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. തോമസ് ഐസക് പറഞ്ഞ ഒരു വസ്തുതയുണ്ട്്. ഗുജറാത്തിൽ തൊഴിലവസരങ്ങൾ ധാരാളമായതിനാൽ ഇവിടത്തെ പോലെ തൊഴിലില്ലായ്മ അവിടെ ഇല്ലെന്ന്. ഇതൊരു പ്രധാന ഘടകമായിരിക്കാം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ഏറെ വിജയ സാധ്യത പ്രതീക്ഷിച്ചിരുന്നത്. പല ദളിത്, പിന്നോക്ക, മുസ്ലിം സംഘടനകളും അന്ന് അവർക്കൊപ്പം ഉണ്ടായിരുന്നു. മേവാനി, ഹാർദിക് തുടങ്ങിയ നേതാക്കളും. അന്ന് രാഹുൽ ഗാന്ധി തന്നെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകി. മോഡിയോ രാഹുലോ എന്ന ചോദ്യം തന്നെ ഉയർന്നു. പക്ഷേ വിജയം മോഡിക്കു തന്നെയായിരുന്നു. ഇത്തവണ പക്ഷേ അന്നു പിന്തുണച്ച പലരും കോൺഗ്രസിനെ കൈവിട്ടു. തന്നെ മാത്രം ആശ്രയിക്കുന്ന ഒന്നായി കോൺഗ്രസ് മാറരുതെന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമായി ഇക്കുറി രാഹുൽ അങ്ങോട്ട് പോയില്ല. ഇതിനെല്ലാം പുറമേയാണ് ആം ആദ്മിയുടെ സാന്നിധ്യം. കുറെ സീറ്റുകളെങ്കിലും കോൺഗ്രസിനു നിഷേധിക്കാൻ അവർക്കായി. എല്ലാം കൂടിയായപ്പോൾ അനിവാര്യമായതു സംഭവിച്ചു.
ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ് ആം ആദ്മിയുടെ സാന്നിധ്യം. അത് ഇരു സംസ്ഥാനങ്ങളിലും അവർ മികച്ച പ്രകടനം കാഴ്ച വെച്ചതുകൊണ്ടല്ല. കഴിഞ്ഞ ദിവസം വന്ന ഫലത്തിൽ ദൽഹി കോർപറേഷനിൽ അവർ വൻവിജയം നേടിയെങ്കിലും ഇപ്പോഴും ദൽഹി - പഞ്ചാബ് മേഖല മാത്രമാണ് അവരുടെ ശക്തികേന്ദ്രം. പക്ഷേ അപ്പോഴും ചുരുങ്ങിയ കാലത്തിൽ തന്നെ അവരുടെ രാഷ്ട്രീയത്തിൽ വന്ന മാറ്റം വളരെ പ്രധാനമാണ്. വരുംകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് വളരെ പ്രധാനമാണ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ അമൃത് ലാൽ ഈ മാറ്റത്തെ കൃത്യമായി തന്നെ വിശദീകരിക്കുന്നുണ്ട്. നവസാമൂഹ്യ പ്രസ്ഥാനങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവതരിപ്പിക്കാൻ ഒരു പാർട്ടി എന്ന നിലയ്ക്കാണ് ആം ആദ്മി പാർട്ടി രൂപം കൊണ്ടതെന്ന് അദ്ദേഹം പറയുന്നു. ജനസഞ്ചയത്തിന്റെ രാഷ്ട്രീയമെന്ന രീതിയിലായിരുന്നു അത്. അഴിമതിക്കെതിരായ ശക്തമായ നിലപാടും അവർക്കുണ്ടായിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ആപ് മത്സരിച്ചത് ഈ രാഷ്ട്രീയ കാഴ്ചപ്പാട് മുൻനിർത്തിക്കൊണ്ടായിരുന്നു. മേധ പട്കറും സോണി സൂരിയും ഉദയ്കുമാറും രാജ്മോഹൻ ഗാന്ധിയും സാറ ജോസഫുമൊക്കെ സ്ഥാനാർത്ഥികളായത് അങ്ങനെയാണ്. വരാണസിയിൽ നരേന്ദ്ര മോഡിയെ നേരിട്ട് രണ്ടാം സ്ഥാനത്തെത്തിയ കെജ്രിവാൾ ഒരു പുതിയ ഇന്ത്യൻ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കാൻ പോകുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്തു.
എന്നാൽ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ആപ് മാറുകയായിരുന്നു. അതാകട്ടെ, സംഘടനാതലത്തിലും രാഷ്ട്രീയമായും. സംഘടനാതലത്തിൽ, ബിജെപിയിൽ മോഡി എങ്ങനെയാണോ ആപിൽ അദ്ദേഹം അങ്ങനെയായി. മറ്റെല്ലാ നേതാക്കളെയും അപ്രസക്തരാക്കിയോ പുറത്താക്കിയോ അദ്ദേഹം സംഘടനയെ പൂർണമായും കൈപ്പിടിയിലൊതുക്കി. മറുവശത്ത് മോഡിയുടെ ഹിന്ദുത്വ രാഷ്ടീയത്തിലൂടെ തന്നെ മുന്നേറാനും അദ്ദേഹം തീരുമാനിച്ചു എന്നും കാണാം.
ബിജെപി രാഷ്ട്രീയത്തെ എതിർക്കാതെ ബിജെപിയെ എതിർക്കുക എന്നൊരു തന്ത്രമാണ് അദ്ദേഹം മെനഞ്ഞത്. അഥവാ ബിജെപിയുടെ ബി ടീം തന്നെ. വിലക്കയറ്റത്തിന് തടയിടാൻ കറൻസി നോട്ടുകളിൽ സരസ്വതിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ മുദ്രണം ചെയ്യുക, ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്ക് സൗജന്യതീർത്ഥയാത്ര തുടങ്ങിയവയൊക്കെ വരുന്നത് അങ്ങനെയാണ്. നേരത്തെ തന്നെ പൗരത്വ, കർഷക സമരങ്ങളിൽ കാര്യമായി ഇടപെടാതെ ആപ് അതിന്റെ നയം വ്യക്തമാക്കിയിരുന്നു. ഇപ്പോഴത് കൂടുതൽ പ്രകടമായെന്നു മാത്രം. അതിനാൽ തന്നെ ഗുജറാത്തിൽ സംഘടനാപരമായി വിജിയച്ചില്ലെങ്കിലും രാഷ്ടീയമായി അവർ വിജയിച്ചിരിക്കുക തന്നെയാണ്. രാജ്യത്ത് ശക്തമായിരിക്കുന്ന ഈ ഹിന്ദുത്വ ബോധത്തെ പിന്തുടാൻ മറ്റു പ്രതിപക്ഷ പാർട്ടികളും തയാറാകുമോ എന്ന ആശങ്കയാണ് ഉയരുന്നത്. എങ്കിലത് അപകടകരമായിരിക്കും. കോൺഗ്രസിൽ തന്നെ അത്തരത്തിൽ ചിന്തിക്കുന്നവരുണ്ടെന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്.
തീർച്ചയായും ഇന്ത്യൻ ജനാധിപത്യം അത്ര വേഗം തകരാനൊന്നും പോകുന്നില്ല എന്നു തന്നെയാണ് ഹിമാചൽ നൽകുന്ന സന്ദേശം. രാജ്യത്തു പല ഭാഗത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നു. എത്രയോ പ്രതികൂലമായ സാഹചര്യത്തിലാണ് ഹിമാചലിൽ കോൺഗ്രസ് വിജയക്കൊടി പാറിച്ചത്. തീർച്ചയായും മറ്റു പല സംസ്ഥാനങ്ങളിലും ചെയ്ത പോലെ ജനവിധി അട്ടിമറിക്കാനുള്ള നീക്കം അവിടെയും ഉണ്ടാകും. അതിനെ ചെറുക്കേണ്ടതുണ്ട്. ഒപ്പം ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമാകുന്തോറും വരുംദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരത്തിനൊത്തുയരാനും ബിജെപിക്കെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനുമാണ് പ്രതിപക്ഷം തയാറാകേണ്ടത്.
ബിജെപി സർക്കാരിന് ഒരു മൂന്നാമൂഴും ലഭിക്കുകയാണെങ്കിൽ എന്തൊക്കെയാണ് സംഭവിക്കുക എന്നതിന്റെ സൂചനകളുമായി പല വാർത്തകളും പുറത്തു വന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം പൗരത്വ ഭേദഗതി നിയമവും ഏക സിവിൽ കോഡും പാസാക്കുമെന്നു മാത്രമല്ല, അതിനായി ഭരണഘടനയിൽ തന്നെ ഭേദഗതി വരുത്തുമെന്നുമാണ്. ഹിന്ദുത്വ രാഷ്ട്രത്തിന്റേതായ ഭരണഘടനക്ക് അണിയറയിൽ രൂപം കൊടുത്തു കഴിഞ്ഞതായി വിശ്വാസയോഗ്യരായ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ പൗരന്മാരും തുല്യരാണെന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വം തന്നെയാണ് തിരുത്തിയെഴുതാൻ പോകുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാം, പക്ഷേ രണ്ടാം തരം പൗരന്മാരായി, വോട്ടവകാശം പോലുമില്ലാതെ എന്നതാണത്രേ ഇവരുടെ സങ്കൽപത്തിലെ ഭരണഘടനയിലെ പ്രധാന വകുപ്പ്. അത്തരമൊരു നീക്കത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കാണ് ഇനിയുള്ള ദിവസങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്.
സത്യത്തിൽ ബിജെപിയുടെ ഫാസിസ്റ്റ് രഥത്തെ പിടിച്ചുകെട്ടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗിലെ കണക്കുകളും അതിനു ശേഷം പലയിടത്തായി നടന്ന തെരഞ്ഞെടുപ്പുകളുടെ കണക്കുകളും ഇപ്പോഴത്തെ ഹിമാചൽ ഫലവും പരിശോധിച്ചാൽ അതു ബോധ്യമാകും. നാൽപതു ശതമാനത്തിനു താഴെ മാത്രമാണ് ഇപ്പോഴും ബിജെപിയുടെ വോട്ട് വിഹിതം. പ്രശ്നം എല്ലാവരും ചൂണ്ടിക്കാട്ടുന്ന പോലെ പ്രതിപക്ഷ ഐക്യം സാധ്യമാകുമോ എന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് വീണ്ടും അധികാരത്തിലെത്താമെന്നു കരുതിയ ഇന്ദിരാഗാന്ധിക്ക് പ്രതിപക്ഷ പാർട്ടികളും ജനങ്ങളും നൽകിയ മറുപടി മറക്കാറായിട്ടില്ലല്ലോ. അതിനേക്കാൾ അതിരൂക്ഷമായ ഈ സാഹചര്യത്തിൽ ആ ചരിത്രം പുതിയ കാലത്തിന് അനുസൃതമായി ആവർത്തിക്കാനാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് രാജ്യത്തിന്റെ ഭാവി. അതിൽ ഗുജറാത്ത് നൽകുന്ന നിരാശയിലും ഹിമാചൽ നൽകുന്നത് പ്രതീക്ഷയാണ്.






