ദുബായ്- കോവിഡ് മരണങ്ങളില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് അടക്കം ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെ, ഇതുവരെ എത്ര പ്രവാസി മലയാളികള്‍ മരണപ്പെട്ടു, അവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം ലഭ്യമാക്കിയോ എന്ന ഇന്‍കാസ് സ്റ്റേറ്റ് സെക്രട്ടറി സി. സാദിഖ് അലിയുടെ ചോദ്യങ്ങള്‍ക്ക് നോര്‍ക്ക തൃപ്തികരമല്ലാത്ത മറുപടി നല്‍കിയതായി ആരോപണം.
കൃത്യമായ രേഖകളോടെ വിദേശത്ത് എത്തി പ്രവാസജീവിതം നയിക്കുന്ന ഇവര്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നവരായിട്ടും ഇതവരോടുള്ള കടുത്ത അവഗണനയാണെന്ന് ഇന്‍കാസ് കുറ്റപ്പെടുത്തി. അപേക്ഷിച്ചവര്‍ക്കെല്ലാം ധനസഹായം വിതരണം ചെയ്തു എന്ന ഒഴുക്കന്‍ മറുപടിയില്‍ അല്ലാത്തവര്‍ക്ക് ധനസഹായം എത്തിക്കേണ്ടതില്ല എന്നാണോ നോര്‍ക്ക ഉദ്ദേശിക്കുന്നത് എന്നാണ് സാദിഖ് അലിയുടെ ചോദ്യം.
17 ലക്ഷത്തോളം മലയാളികള്‍ നാട്ടിലേക്ക് മടങ്ങി എന്ന് നോര്‍ക്കയുടെ കത്തില്‍ പറയുന്നു. അതേ കത്തിലെ കണക്കുകള്‍ പ്രകാരം 1,60000 ല്‍ താഴെ പേര്‍ക്ക് മാത്രമാണ് ചെറിയ തോതില്‍ ധനസഹായങ്ങള്‍ എത്തിയിട്ടുള്ളത്. ബാക്കി 15 ലക്ഷത്തില്‍പരം പേര്‍ക്ക് സര്‍ക്കാര്‍ എന്തു ചെയ്തു എന്നും ഇന്‍കാസ് ചോദിക്കുന്നു.
കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കണക്ക് പ്രകാരം മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നോര്‍ക്കയുടെ മറുപടിയില്‍ ഇങ്ങനെ ഒരു തുകയോ പ്രവാസി ക്ഷേമ സംഘത്തിന് ഉറപ്പ് നല്‍കിയ ഒരു ലക്ഷം രൂപ വീതമോ നല്‍കിയതായി പറയുന്നില്ല. മരിച്ച പ്രവാസി മലയാളികളുടെ കണക്ക് നോര്‍ക്കയുടെ കൈയില്‍ ഇല്ലെന്നത് വ്യക്തം. കൂടാതെ കോവിഡ് ഭീതി ഒഴിഞ്ഞതിനാലും അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തനക്ഷമമായതിനാലും ധനസഹായ വിതരണം നിര്‍ത്തലാക്കി എന്ന് നോര്‍ക്ക മറുപടി പറയുമ്പോള്‍ പ്രവാസി ക്ഷേമം പ്രസംഗിക്കുന്ന സര്‍ക്കാരിന് ഇവരോട് യാതൊരു പ്രതിബദ്ധതയും ഇല്ലേ എന്നും ഇന്‍കാസ് ചോദിക്കുന്നു.