ഐഎസ്ആര്‍ഒ ചാരക്കേസ്; ഉദ്യോഗസ്ഥരുടെ ജാമ്യ ഹരജയില്‍ പ്രത്യേക സിറ്റിംഗ്

കൊച്ചി-ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹരജി തീര്‍പ്പാക്കുന്നത് വരെ പ്രതികള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി.
ചാരക്കേസില്‍ പ്രതികളായ മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവര്‍ക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഇടക്കാല ജാമ്യം റദ്ദാക്കുകയും ഹരജി വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹരജിയില്‍ ഈ മാസം 15ന് പ്രത്യേക സിറ്റിംഗ് നടക്കും. ജാമ്യഹരജിയില്‍ ഇടക്കാല ഉത്തരവ് അന്നേ ദിവസം പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സി.ബി.ഐയുടെ തുടര്‍നടപടി. ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സി.ബി.ഐ സ്വീകരിച്ചേക്കും.

 

Latest News