രൂപയുടെ മൂല്യതകർച്ചയ്ക്ക് ഇടയിലും ഓഹരി സൂചികയുടെ തിളക്കം വർധിച്ചു. പതിനാല് ആഴ്ച്ചകളിലെ ഏറ്റവും ഉയർന്ന റേഞ്ചിലേയ്ക്ക് സൂചിക സഞ്ചരിച്ചത് പ്രദേശിക ഓപ്പറേറ്റർമാരെ ആകർഷിച്ചു. സെൻസെക്‌സും നിഫ്റ്റിയും മികവ് കാണിച്ചെങ്കിലും ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയത് ആശങ്ക ഉളവാക്കി. ബോംബെ സെൻസെക്‌സ് 620 പോയിന്റും നിഫ്റ്റി 188 പോയിന്റും ഉയർന്നു.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ സമ്മർദ്ദമുളവാക്കി. രൂപയുടെ മൂല്യം 51 പൈസ ഇടിഞ്ഞു. 66.87 ൽ നിന്ന് വിനിമയ നിരക്ക് 67.38 ലേക്ക് നീങ്ങി. ന്യൂയോർക്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70.52 ഡോളറിലാണ്. എണ്ണ വിപണി സാങ്കേതികമായി ബുള്ളിഷ് ട്രന്റ് നിലനിർത്തുന്നത് കണക്കിലെടുത്താൽ രൂപയുടെ മൂല്യം 68.90 വരെ നീങ്ങാൻ ഇടയുണ്ട്. കൊറിയൻ മേഖലയിലെ സമാധാനന്തരീക്ഷം ഏഷ്യൻ-യൂറോപ്യൻ മാർക്കറ്റുകൾക്ക് നേട്ടമെങ്കിലും ക്രൂഡ് ഓയിൽ വില ഉയരുന്നത് വിനിമയ വിപണിയിലെ ചാഞ്ചാട്ടം ശക്തമാക്കും.
നിഫ്റ്റി സൂചിക 10,635 ൽ നിന്ന് 10,800 ലെ നിർണായക തടസം മറികടന്ന് 10,812 വരെ കയറി. കഴിഞ്ഞ വാരം സുചിപ്പിച്ച 10,824 പ്രതിരോധം വിപണിക്ക് ഭേദിക്കാനായില്ല. വാരാന്ത്യം 10,806 പോയിന്റിൽ നീങ്ങുന്ന നിഫ്റ്റിക്ക് ആദ്യ തടസം 10,867 പോയിന്റിലാണ്. ഇത് മറികടക്കാനായില്ലെങ്കിൽ 10,690 ലേക്ക് സാങ്കേതിക പരീക്ഷണങ്ങൾ വഴി പുതിയ കരുത്തുമായി 10,928-11,044 ലേയ്ക്ക് സൂചിക മുന്നേറാം. സൂചികയ്ക്ക് തിരിച്ചടി നേരിട്ടാൽ 10,574-10,513 പോയിന്റിൽ താങ്ങുണ്ട്.
ബോംബെ സൂചിക 34,915 നിന്ന് 35,596 വരെ കയറിയ ശേഷം ക്ലോസിങിൽ 35,535 പോയിന്റിലാണ്. ഈവാരം 35,142 ലെ സപ്പോർട്ട് നിലനിർത്തിയാൽ സൂചിക 35,761-35,988 നെ ലക്ഷ്യമാക്കി മുന്നേറും. ഈ തടസം ഭേദിക്കാനായാൽ 36,380 വരെ സെൻസെക്‌സ് ചുവടുവെക്കാമെങ്കിലും പ്രതികൂല വാർത്തകളിൽ തിരിച്ചടി നേരിട്ടാൽ 34,750-34,523 വരെ തളരാം. ജപ്പാൻ, കൊറിയൻ, ഹോങ്കോങ് ഇൻഡക്‌സുകൾ വാരാന്ത്യം നേട്ടത്തിലാണ്. യൂറോപ്യൻ വിപണികൾ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിലാണ്. അമേരിക്കയിൽ ഡൗ ജോൺസ് സൂചിക തുടർച്ചയായ ഏഴാം ദിവസവും മികവ് കാണിച്ചു.