Sorry, you need to enable JavaScript to visit this website.

മസ്മക് കൊട്ടാരമുറ്റത്ത് സൗദിയുടെ നാടോടി നൃത്തം അർദ കാണാൻ വൻതിരക്ക്

ദീര മസ്മക് കൊട്ടാരമുറ്റത്ത് നടക്കുന്ന അർദ പ്രദർശനത്തിൽ നിന്ന്‌

റിയാദ്- അറേബ്യൻ പാരമ്പര്യ നാടോടി നൃത്തമായ അർദ ആസ്വദിക്കാൻ വിദേശികളടക്കം നിരവധി പേർ ബത്ഹക്ക് സമീപമുള്ള ദീരയിലെ മസ്മക് കൊട്ടാര മുറ്റത്തെത്തി. അറബ് ഗോത്ര സംസ്‌കാരങ്ങളുടെ ഉജ്വല പ്രതീകമായി അറിയപ്പെടുന്ന അർദയുടെ ചരിത്രവും വർത്തമാനവും വിശദീകരിക്കുന്നതാണ് മസ്മക് കൊട്ടാരമുറ്റത്ത് നടക്കുന്ന പ്രദർശനം. ശനിയാഴ്ച സമാപിക്കും.
സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ നടക്കുന്ന ഈ പരിപാടിയിൽ അർദയുടെ സാങ്കേതികവും ചരിത്രപരവുമായ മുഴുവൻ ഭാഗങ്ങളും പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. രാഷ്ട്ര പിതാവ് അബ്ദുൽ അസീസ് രാജാവ് നടത്തിയ പടയോട്ടങ്ങൾ, സൗദി ദേശീയ പതാകയുടെ ചരിത്രം, രാജാക്കൻമാരുടെയും അമീറുമാരുടെയും പ്രഖ്യാപനങ്ങൾ തുടങ്ങി സൗദിയുടെ ചരിത്രവും പാരമ്പര്യവും പുതുതലമുറക്ക് പകർന്നു നൽകാനുതകുന്ന പ്രദർശനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 
വൈകുന്നേരം നാലു മുതൽ രാത്രി 11 വരെ എട്ട് അർദ ഷോകളാണ് എല്ലാ ദിവസവും നടക്കുന്നത്. പ്രവേശനം സൗജന്യമാണെങ്കിലും സന്ദർശകർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ബാർക്കോഡ് എടുത്ത് ഗൈറ്റിൽ കാണിക്കണം.
അർദക്കുപയോഗിക്കുന്ന വാൾ, വേഷങ്ങൾ, ചെണ്ട തുടങ്ങിയവയുടെ പ്രദർശിപ്പിക്കുന്ന ഇവിടെ അതിന്റെ നിർമാണം ഉപയോഗ ശൈലിയും വിശദീകരിക്കുന്നുണ്ട്.  യുനെസ്‌കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കലാരൂപമായ അർദ ആസ്വദിക്കാൻ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളടക്കം നിരവധി പ്രമുഖർ എത്തുന്നുണ്ട്.
യുദ്ധത്തിന് പോകുന്നതിന് മുമ്പ് റിയാദ് ഉൾക്കൊളളുന്ന മധ്യ നജ്ദ് മേഖലയിലെ ഗോത്രവർഗ്ഗക്കാരായ പുരുഷന്മാർ നടത്തിയിരുന്ന നൃത്തമായിരുന്നു അർദ. ഒരു ഗോത്രത്തിന്റെ പോരാട്ട വീര്യം പരസ്യമായി പ്രദർശിപ്പിച്ച് സായുധ നീക്കത്തിന് മനോവീര്യം നൽകലായിരുന്നു അർദയുടെ ലക്ഷ്യം.  എന്നാൽ ഇപ്പോൾ സൗദിയിൽ എല്ലാ ആഘോഷങ്ങളിലും മുഖ്യ ഇനമായി മാറിയിട്ടുണ്ട്. വാദ്യങ്ങൾക്കും കവിതകൾക്കുമനുസരിച്ച് വാളുകൾ താളം പിടിച്ച്  രണ്ട് വരികളിലായി മുഖാമുഖം നിന്ന് പുരുഷന്മാർ നൃത്തം അവതരിപ്പിക്കും. വിവിധ അറബ് രാജ്യങ്ങളിൽ വിവിധ പേരുകളിൽ വ്യതിയാനങ്ങളോടെയാണ്  ഇപ്പോൾ അവതരിപ്പിക്കുന്നത്.

Tags

Latest News