ഗുണ്ടകള്‍ക്കറിയുമോ അധ്വാനത്തിന്റെ വില, ശക്തിവേലിന്റെ കണ്ണീരിലുണ്ട് ആ വേദന

ആലുവ- പതിനാറാമത്തെ വയസ്സില്‍ തമിഴ്‌നാട്ടില്‍നിന്നു പിതാവ് തലയമൂര്‍ത്തിക്കൊപ്പം ആലുവയിലെ ഇഷ്ടികക്കളത്തില്‍ പണിക്കെത്തിയ ശക്തിവേലിന്റെ (42) സ്വപ്‌നമായിരുന്നു ശക്തി ഫുഡ്‌സ് എന്ന ഹോട്ടല്‍. കഠിനാധ്വാനം കൊണ്ടു പടുത്തുയര്‍ത്തിയ ഈ സ്ഥാപനം ഗുണ്ടാ ആക്രമണത്തില്‍ തകര്‍ന്നു.
ഗുണ്ടാപ്പിരിവ് നല്‍കാതിരുന്നതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.  ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി ഗാരിജിന് എതിര്‍വശത്തായിരുന്നു ഹോട്ടല്‍. രാത്രി ഒന്നിന് ഇവിടെ എത്തിയ ഒരാള്‍ കടയുടമ തമിഴ്‌നാട് സ്വദേശി ശക്തിവേലിനോട് 200 രൂപ ആവശ്യപ്പെട്ടു. പരിചയമില്ലാത്തവര്‍ക്കു പണം നല്‍കാനാവില്ലെന്നു പറഞ്ഞപ്പോള്‍ കയ്യേറ്റത്തിനൊരുങ്ങി.  ഒടുവില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ തന്നാല്‍ പണം നല്‍കാമെന്നു ശക്തിവേല്‍ സമ്മതിച്ചു.
കുപിതനായ അക്രമി കടയിലെ കറിപ്പാത്രങ്ങളും മറ്റും എടുത്തെറിഞ്ഞു. ഭയപ്പെട്ട ശക്തിവേല്‍ കടയടച്ചു മടങ്ങി. 2 മണിക്കൂര്‍ കഴിഞ്ഞ് അക്രമി തിരിച്ചെത്തി ഹോട്ടലിനുള്ളില്‍ അതിക്രമിച്ചു കയറിയാണു ഫര്‍ണിച്ചര്‍ അടക്കമുള്ള സാധനങ്ങള്‍ തല്ലിത്തകര്‍ത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു.   ഇന്‍സ്‌പെക്ടര്‍ എല്‍. അനില്‍കുമാര്‍ എത്തി അന്വേഷണം നടത്തി. 3 മാസം മുന്‍പ് ഇതിനടുത്തു മറ്റൊരു ഹോട്ടലിലും സമാനമായ ആക്രമണം നടന്നിരുന്നു. ഭക്ഷണം വാങ്ങിയതിന്റെ പണം ചോദിച്ചതിനാണ് അന്നു ഹോട്ടല്‍ തകര്‍ക്കുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തത്. സംഭവത്തില്‍ 4 പേരെ പോലീസ് പിടികൂടിയിരുന്നു.
12 വര്‍ഷമായി കെ.എസ്.ആര്‍.ടി.സി ഗാരിജിനു സമീപം ശക്തി ഫുഡ്‌സ് നടത്തുകയാണു ശക്തിവേല്‍.

 

Latest News