വിശാഖപട്ടണം - ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങിയ വിദ്യാർത്ഥിനി മരണത്തിന് കീഴടങ്ങി. ഗുണ്ടൂർ രായഗഡ പാസഞ്ചറിൽ നിന്ന് ഇറങ്ങുന്നതിനിടെ ബുധനാഴ്ചയാണ് ശശികല എന്ന എം.സി.എ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്കേറ്റത്. തുടർന്ന് ഷീലാ നഗറിലെ കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ദുവ്വാഡ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിനി കാൽവഴുതി സ്റ്റേഷൻ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയത്. ഉടനെ റെയിൽവേ ജീവനക്കാർ ട്രെയിൻ നിർത്തി വിദ്യാർത്ഥിനിയെ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്തു. കുരുക്കിനിടയിൽ പെട്ട വിദ്യാർത്ഥിനിയുടെ രക്ഷയ്ക്കായി ആർ.പി.എഫ്, റെയിൽവേ ഉദ്യോഗസ്ഥർ അടക്കം കണ്ടുനിന്നവരെല്ലാം കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും അസഹനീയ വേദനയാൽ പുളയുകയായിരുന്നു വിദ്യാർത്ഥിനി. അവസാനം വളരെ ബുദ്ധിമുട്ടി, ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പ്ലാറ്റ്‌ഫോമിന്റെ ഒരു ബ്ലോക്ക് തകർത്താണ് വിദ്യാർത്ഥിനിയെ സ്‌ട്രെച്ചറിൽ ആശുപത്രിയിലെത്തിച്ചത്.
കാഴ്ചയിൽ ശരീരത്തിന് പുറത്ത് വലിയ പരുക്കുകളൊന്നും ഇല്ലാത്തതിനാൽ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സഹപാഠികളും കുടുംബവും മറ്റുള്ളവരുമെല്ലാം. എന്നാൽ വിശദമായ പരിശോധനയിൽ വിദ്യാർത്ഥിനിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റതായി ഡോക്ടർമാർ കണ്ടെത്തി. എല്ലിന് ഒന്നിലധികം ഒടിവുകളുണ്ടായി. മൂത്രസഞ്ചിക്ക് ഗുരുതരമായ പരുക്കുണ്ടായി. ആന്തരിക മുറിവായതിനാൽ രക്തസമ്മർദ്ദം കുറഞ്ഞ് പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നെങ്കിലും, നിർഭാഗ്യവശാൽ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
'എല്ലാ ദിവസവും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി മകൾ ദുവ്വാഡയിലെ ഒരു ഹോസ്റ്റലിൽ മുറിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇത് ഞങ്ങളുടെ ദൗർഭാഗ്യമാണെന്നും ഒരു രക്ഷിതാവിനും ഇത്തരമൊരു ദുരന്തം ഉണ്ടാകരുതെന്ന് പ്രാർത്ഥിക്കുകയാണെന്നും ശശികലയുടെ പിതാവ് എം ബാബു റാവു കണ്ണീരോടെ പ്രതികരിച്ചു.