മുന്‍ ഫുട്‌ബോള്‍ താരം എം. അബ്ദുല്‍ സലാം നിര്യാതനായി

കണ്ണൂര്‍ -  മുന്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ താരവും റിട്ട. ബാങ്ക് മാനേജരുമായ, പയ്യന്നൂര്‍ സജിന്‍ വില്ലയില്‍ എം. അബ്ദുല്‍ സലാം (77) നിര്യാതനായി.  രോഗബാധിതനായി കണ്ണൂര്‍ ധനലക്ഷ്മി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വളപട്ടണം പാലോട്ടുവയല്‍ സ്വദേശിയായ ഇദ്ദേഹം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പയ്യന്നൂര്‍ ശാഖാ മാനേജരായാണ് വിരമിച്ചത്. കണ്ണൂര്‍ സ്പിരിറ്റഡ്
യൂത്ത്‌സ്് ക്ലബ്ബിനു കളിച്ചുകൊണ്ടിരിക്കെയാണ് എം.അബ്ദുല്‍ സലാം കേരളാ സ്‌റ്റേറ്റ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന് വേണ്ടി 1963 ല്‍ അജ്മീറിലും അടുത്ത വര്‍ഷം ഒഡീഷയിലും ജേഴ്‌സി അണിയുന്നത്. തുടര്‍ന്ന് കൊല്ലത്തു നടന്ന മത്സരത്തിലും കേരളത്തിന്റെ കുപ്പായമണിഞ്ഞു.1966 മനിലയില്‍ വച്ചുനടന്ന ഏഷ്യന്‍ യൂത്ത് ഫുട്ബാളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ അബ്ദുല്‍ സലാം കല്‍ക്കത്ത മുഹമ്മദന്‍സിലൂടെ പ്രസിദ്ധമായ കൊല്‍ക്കത്ത യുണിവേഴ്‌സിറ്റിക്കുവേണ്ടിയും കളത്തിലിറങ്ങി. പിന്നീട് മെര്‍ദെക്കയിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ അബ്ദുല്‍ സലാം 1967 ല്‍ ബംഗാളിനെ പ്രതിനിധികരിച്ച് ഹൈദരാബാദ് നാഷനലിലും കളിക്കുകയുണ്ടായി. മുഹമ്മദന്‍സില്‍നിന്നു മദിരാശി സ്‌റ്റേറ്റ് ബാങ്കിലേക്ക് മാറിയ രക്ഷാനിരയിലെ അതിസമര്‍ഥനായ കളിക്കാരനായിരുന്നു ഇദ്ദേഹം.
ഭാര്യ സൈബുന്നിസ. മക്കള്‍: സജിന, സാജിദ്, ഷഹന. മരുമക്കള്‍:  അലി ടി.എം. എടക്കാട്, റിയാസ് അലി എറണാകുളം. സഹോദരി ഫാത്തിമ.
പയ്യന്നൂരില്‍ സ്വവസതിയിലും പിന്നീട് പാലോട്ടുവയലിലെ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം  വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ കബറടക്കി.

 

Latest News