അജ്ഞാത നമ്പരില്‍നിന്ന് വീഡിയോ കോള്‍, എടുത്തപ്പോള്‍ നഗ്നയായ യുവതി, പിന്നീട് സംഭവിച്ചത് ....

കണ്ണൂര്‍- അജ്ഞാത യുവതി അശ്ലീല വീഡിയോകോളിലൂടെ കെണിയിലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ ചക്കരക്കല്ലിനടുത്ത് തലമുണ്ടയിലെ ദിപിന്‍ (32) ആണ് വീടിന് സമീപത്തെ പറമ്പില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ദിപിനിന്റെ ആത്മഹത്യക്കുള്ള കാരണം അന്ന് വ്യക്തമായിരുന്നില്ല. ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
ആത്മഹത്യ ചെയ്യാന്‍ ഒരു കാരണവും ഇല്ലാഞ്ഞിട്ടും ജീവനൊടുക്കിയത് എന്തിനെന്ന് അറിയുന്നതിനായി ദിപിന്റെ ഫോണ്‍ സഹോദരി പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തു വന്നത്. തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുഹൃത്തുക്കളോടും ദിപിന്‍ ഈ കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല.
ഏതാനും ദിവസം മുമ്പ് ദിപിന്റെ ഫോണിലേക്ക് വന്ന ഒരു അജ്ഞാത കോളാണ് യുവാവിന്റെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തിച്ചത്. ഫോണിലെത്തിയ പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള വീഡിയോ കോള്‍ ദിപിന്‍ അറ്റന്‍ഡു ചെയ്തപ്പോള്‍ മറുഭാഗത്തുണ്ടായിരുന്നത് നഗ്‌നയായ ഒരു യുവതിയായിരുന്നു. ദിപിന്‍ ഉടന്‍ ഫോണ്‍ കട്ടു ചെയ്തുവെങ്കിലും ഇതിനകം മറുഭാഗത്തുണ്ടായിരുന്നവര്‍ ഇത് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ദിപിന്റെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വന്നു തുടങ്ങി. ഭീഷണി സ്വരത്തിലായിരുന്നു കോളുകള്‍. തങ്ങള്‍ ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. മാനസികമായി ഏറെ തളര്‍ന്ന ദിപിന്‍ അവര്‍ ആവശ്യപ്പെട്ട തുക നല്‍കി. പിന്നീട് വലിയ തുകകള്‍ ആവശ്യപ്പെട്ട് കോളുകള്‍ തുടര്‍ച്ചയായി എത്തിയതോടെയാണ് യുവാവ് ജീവനൊടുക്കിയത്. ദിപിന്റെ ഫോണില്‍ പണമയച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. ഈ തെളിവുകള്‍ വെച്ച് ഉന്നത പോലീസ് അധികാരികള്‍ക്കടക്കം പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് കുടുംബം.

 

 

Latest News