Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി അറേബ്യയും ചൈനയും ആറു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു

സമഗ്ര സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ച ശേഷം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും ഹസ്തദാനം ചെയ്യുന്നു.
ചൈനീസ് പ്രസിഡന്റിനെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ സ്വീകരിക്കുന്നു.

റിയാദ് - സര്‍വ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യയും ചൈനയും സമഗ്ര സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ റിയാദ് അല്‍യെമാമ കൊട്ടാരത്തില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചത്.
സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ ബന്ധവും, ഇരു രാജ്യങ്ങള്‍ക്കും സൗദിയിലെയും ചൈനയിലെയും ജനങ്ങള്‍ക്കും ഗുണകരമാകും വിധം എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെ കുറിച്ചും രാജാവും ചൈനീസ് പ്രസിഡന്റും ചര്‍ച്ച ചെയ്തു. സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാനും ചടങ്ങില്‍ സംബന്ധിച്ചു.
അല്‍യെമാമ കൊട്ടാരത്തിലെ റോയല്‍ കോര്‍ട്ടില്‍ വെച്ച് നേരത്തെ കിരീടാവകാശിയും ചൈനീസ് പ്രസിഡന്റും പ്രത്യേകം ചര്‍ച്ച നടത്തി. സൗദി അറേബ്യയും ചൈനയും തമ്മിലുള്ള പങ്കാളിത്തവും വ്യത്യസ്ത മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ നടത്തുന്ന സംയുക്ത ഏകോപനങ്ങളും ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും വിശകലനം ചെയ്തു. ചര്‍ച്ചയുടെ അവസാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചൈനീസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും ആറു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവും തമ്മിലുള്ള സമന്വയ പദ്ധതി കരാര്‍, ഹൈഡ്രജന്‍ ഊര്‍ജ മേഖലാ സഹകരണ ധാരണാപത്രം, നീതിന്യായ മേഖലാ സഹകരണ കരാര്‍, സൗദിയില്‍ ചൈനീസ് ഭാഷാ പഠന സഹകരണ ധാരണാപത്രം, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ധാരണാപത്രം, പാര്‍പ്പിട മേഖലാ സഹകരണ ധാരണാപത്രത്തിലെ വകുപ്പുകള്‍ നടപ്പാക്കാനുള്ള കര്‍മ പദ്ധതി കരാര്‍ എന്നിവയാണ് ഒപ്പുവെച്ചത്. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, നീതിന്യായ മന്ത്രി ഡോ. വലീദ് അല്‍സ്വംആനി, വിദ്യാഭ്യാസ മന്ത്രി ഡോ. യൂസുഫ് അല്‍ബുനയ്യാന്‍, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ എന്നിവരാണ് കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. ചൈനയിലെ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരും കരാറുകളില്‍ ഒപ്പുവെച്ചു.
മാനേജ്‌മെന്റ്, ഭരണ മേഖലകളില്‍ ചൈനീസ് പ്രസിഡന്റിന്റെ നേട്ടങ്ങളും നടത്തിയ പ്രയത്‌നങ്ങളും, സൗദി അറേബ്യയും ചൈനയും തമ്മിലുള്ള നിരന്തര സഹകരണവും മികച്ച ബന്ധവും കണക്കിലെടുത്ത് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ചൈനീസ് പ്രസിഡന്റിന് മാനേജ്‌മെന്റില്‍ ഓണററി ഡോക്ടറേറ്റും സമ്മാനിച്ചു.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അല്‍ഈബാന്‍, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ എന്നിവര്‍ കൂടിക്കാഴ്ചയിലും ചര്‍ച്ചയിലും സംബന്ധിച്ചു.

 

 

Latest News