Sorry, you need to enable JavaScript to visit this website.

തോൽവിയിലും ആം ആദ്മിക്ക് ദേശീയ പാർട്ടിയുടെ തിളക്കം; വിള്ളലുണ്ടായത് കോൺഗ്രസ് വോട്ടിൽ

അഹമ്മദാബാദ് / ന്യൂദൽഹി - ദൽഹിക്കും പഞ്ചാബിനും പിന്നാലെ ഗുജറാത്തിലും അട്ടിമറി വിജയം നേടുമെന്ന അവകാശവാദങ്ങളുടെ നാലയലത്തുപോലും എത്തിയില്ലെങ്കിലും ആം ആദ്മി പാർട്ടിക്കിത് ചരിത്രനേട്ടം. പാർട്ടി രൂപീകരിച്ച് അതിന്റെ പത്താം വർഷത്തിൽ ആം ആദ്മി പാർട്ടി ദേശീയ പാർട്ടി പദവിലെത്തുകയാണ്. ഗുജറാത്ത് നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ആറു ശതമാനത്തോളം വോട്ടു ലഭിച്ചതോടെയാണ് എ.എ.പി ദേശീയ പാർട്ടി അംഗീകാരത്തിന് അർഹത നേടിയത്. 
 ഗുജറാത്തിൽ തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം അവർക്ക് പണികൊടുത്താണ് ആം ആദ്മി തങ്ങളുടെ സമ്പാദ്യം കൂട്ടിയത്. ഗുജറാത്തിൽ ഏഴു മണ്ഡലങ്ങളിലാണ് എ.എ.പി ലീഡ് ചെയ്യുന്നത്. ആപ്പിന് ലഭിച്ച വോട്ടുകളിലേറെയും മതനിരപേക്ഷ കക്ഷികളുടെ സീറ്റുകളിലാണ് നഷ്ടമുണ്ടാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഇവിടങ്ങളിലെല്ലാം ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വൻ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാൽ, ഹിമാചൽ പ്രദേശിൽ എ.എ.പിക്ക് ഇതുവരെയും നിലംതൊടാനായിട്ടില്ല.
 നിലവിൽ ദൽഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി സംസ്ഥാന പാർട്ടിയാണ്. ഇതിൽ ദൽഹിയിലും പഞ്ചാബിലും അവരാണ് ഭരിക്കുന്നത്. നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയും ആറു ശതമാനം വോട്ടുമാണ് ദേശീയ പാർട്ടി പദവിക്കു വേണ്ടത്. ഗുജറാത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാനായില്ലെങ്കിലും വോട്ടുബാങ്കിലുണ്ടാക്കിയ തിളക്കം പാർട്ടിക്കു ദേശീയ പാർട്ടിയെന്ന വലിയ ബഹുമതിക്കാണ് അവസരം ഒരുക്കിയത്.
 എന്തായാലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ അംഗീകാരം തേടിയെത്തുന്നതോടെ, അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയെന്ന തലയെടുപ്പോടെ മത്സരത്തെ നേരിടാൻ ആപിനാകും. രാജ്യത്ത് നിലവിൽ ഏഴു രാഷ്ട്രീയ പാർട്ടികൾക്കാണ് ഈ പദവിയുള്ളത്.
 

Latest News