Sorry, you need to enable JavaScript to visit this website.

ഹിമാചലിൽ അധികാര നൂൽപാലത്തിൽ കോൺഗ്രസിന് പുതിയ വെല്ലുവിളി

ഷിംല - അധികാരത്തിലേക്കുള്ള നൂൽപാലത്തിൽ നിൽക്കുമ്പോഴും ഹിമാചൽ പ്രദേശിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്കുള്ള പുതിയ വെല്ലുവിളി. അധികാരം തിരിച്ചുപിടിക്കാൻ, കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സംഖ്യ കോൺഗ്രസ് കടന്നതോടെയാണ് മുഖ്യമന്ത്രി മോഹവുമായി പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.
  ഹിമാചലിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നി ഹോത്രിയോ പ്രദേശ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുഖ്‌വീന്ദർ സുഖുവോ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ പി.സി.സി അധ്യക്ഷയും മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ പത്‌നിയുമായ പ്രതിഭ സിങ്ങും മുഖ്യമന്ത്രിയാകാൻ രംഗത്തിറങ്ങുമെന്നാണ് വിവരം. പ്രതിഭ സിംഗ് മുഖ്യമന്ത്രി സ്ഥാനത്തേക്കായി രംഗത്തുണ്ടാകുമെന്ന് മകനും എം.എൽ.എയുമായ വിക്രമാദിത്യ സിങ് ഇതിനകം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. 
 മുൻ മുഖ്യമന്ത്രി വീർഭദ്ര സിങിന്റെ സ്മരണയും ഭരണനേട്ടങ്ങളുമാണ് കോൺഗ്രസിന് അധികാരത്തിലേക്കു തിരിച്ചുവരാൻ വഴി എളുപ്പമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന് എം.എൽ.എമാരും കോൺഗ്രസ് ഹൈക്കമാൻഡും ചേർന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ബി.ജെ.പിയുടെ ചാക്കുപിടുത്തം ഭയന്ന് കോൺഗ്രസ് എം.എൽ.എമാരെയെല്ലാം റിസോർട്ടിലേക്കു മാറ്റാനുള്ള തകൃതിയായ നീക്കത്തിനിടെയാണ് പുതിയ പ്രസ്താവനകളുണ്ടായത്. 
 68 അംഗ നിയമസഭയിൽ നിലവിൽ 39 സീറ്റുകളിൽ കോൺഗ്രസും 26 സീറ്റുകളിൽ ബി.ജെ.പിയും ലീഡ് ചെയ്യുമ്പോൾ മൂന്നു സീറ്റുകളിൽ സന്തന്ത്രരാണ് മുന്നിലുള്ളത്. അധികാരം നിലനിർത്താൻ സ്വതന്ത്രരെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമായാൽ ബി.ജെ.പി ഏതു കളിയും പുറത്തെടുക്കുമെന്നിരിക്കെ, സ്വന്തം പാർട്ടി നേതാക്കളിൽ പുതിയ അഭിപ്രായ വ്യത്യാസങ്ങളുയർന്നാൽ അത് മുതലെടുക്കാൻ ബി.ജെ.പി ഒട്ടും മടിക്കില്ലെന്ന് കോൺഗ്രസിനറിയാം. അതിനാൽ പഴുതുകളെല്ലാം അടച്ച് വളരെ ശ്രദ്ധയോടെയാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഹിമാചലിലെ കാര്യങ്ങൾ നിരീക്ഷിച്ച് നിർദേശങ്ങൾ നൽകുന്നത്.

Latest News