പാലക്കാട്- ആത്മീയഗുരുവെന്ന വിശ്വാസം പിടിച്ചു പറ്റി യുവതിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ സിദ്ധന്‍ അറസ്റ്റില്‍. കോഴിക്കോട് വടകര മശ്ഹൂര്‍ മന്‍സിലില്‍ സൈനുല്‍ ആബിദ് തങ്ങളെ(48)യാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
ഒറ്റപ്പാലം സ്വദേശിനിയായ 37കാരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. 2002 മുതല്‍ 2020 വരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പീഡനം തുടര്‍ന്നിരുന്നതായി പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഒറ്റപ്പാലം സി.ഐ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ആദ്യ പീഡനം നടക്കുമ്പോള്‍ തനിക്ക് പതിനാറു വയസ്സായിരുന്നുവെന്നാണ് യുവതി നല്‍കിയിരിക്കുന്ന മൊഴി.
സിദ്ധന്റെ കഴിവുകളില്‍ വിശ്വസിച്ചിരുന്ന യുവതിയുടെ കുടുംബം തങ്ങളേയും കുടുംബത്തേയും പരിചരിക്കാന്‍ പതിനാറുകാരിയെ വടകരയിലേക്ക് പറഞ്ഞയച്ചിരുന്നു. ആ വീട്ടില്‍ വെച്ച് മയക്കുമരുന്ന് നല്‍കിയാണ് ആദ്യമായി പീഡിപ്പിച്ചത് എന്ന് യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നീട് ചൂഷണം പതിവായി. ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പീഡനം തുടര്‍ന്നു. ദൈവീകസന്ദര്‍ശനമെന്നവകാശപ്പെട്ട് സിദ്ധന്‍ യുവതിയുടെ വീട്ടിലെത്തുമ്പോഴെല്ലാം അയാളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നത് എന്നാണ് പരാതി. ഇതിനിടെ യുവതി വിവാഹിതയായി. അതിനു ശേഷവും തങ്ങള്‍ എത്തിയിരുന്നു. ഈ ബന്ധമറിഞ്ഞ്, തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചുവെന്നാണ് യുവതി പറയുന്നത്. ഒറ്റപ്പാലം പോലീസ് വടകരയിലെത്തിയാണ് സിദ്ധനെ അറസ്റ്റ് ചെയ്തത്.






