Sorry, you need to enable JavaScript to visit this website.

പെണ്‍വേഷത്തില്‍ ഏഷ്യന്‍ പ്രവാസികള്‍; 3,000 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി - ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍ നിന്ന് 3,000 സ്വവര്‍ഗാനുരാഗികളെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി നാടുകടത്തി. സ്വവര്‍ഗാനുരാഗികളെ പാടെ നിരസിക്കുന്ന കുവൈത്തി സമൂഹത്തില്‍ ഇത്തരക്കാര്‍ രോഗങ്ങള്‍ പരത്തുന്നത് കണക്കിലെടുത്ത് മുഴുവന്‍ ഗവര്‍ണറേറ്റുകളിലും ശക്തമായ റെയ്ഡുകള്‍ നടത്തി സ്ത്രീകളെ അനുകരിച്ച് നടക്കുന്ന സ്വവര്‍ഗാനുരാഗികളെ പിടികൂടി നാടുകടത്താന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ത്വലാല്‍ അല്‍ഖാലിദ് സുരക്ഷാ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍, സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പുരുഷ മസാജ് കേന്ദ്രങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ റെയ്ഡുകള്‍ നടത്തുകയായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമീപ കാലത്ത് കുവൈത്തില്‍ സ്ത്രീകളെ പോലെ നടക്കുന്ന സ്വവര്‍ഗാനുരാഗികള്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും ഓഫറുകളും പരസ്യങ്ങളും പ്രചരിപ്പിച്ചും തിരിച്ചറിയാന്‍ പറ്റാത്ത നിലക്ക് സ്ത്രീകളെ പോലെ നടന്നുമാണ് ഇത്തരക്കാര്‍ ഇളംപ്രായക്കാരെ വലയിലാക്കുന്നത്.
റെയ്ഡുകള്‍ക്കിടെ പിടിയിലായ സ്വവര്‍ഗാനുരാഗികളെ റിക്രൂട്ട് ചെയ്ത കമ്പനികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നടത്തിയ പരിശോധകളില്‍ ഇത്തരം സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരാണെന്ന് വ്യക്തമായി. മസാജ് കേന്ദ്രങ്ങള്‍ വഴിയാണ് സ്വവര്‍ഗാനുരാഗികള്‍ തങ്ങളുടെ സേവനങ്ങള്‍ നല്‍കുന്നത്. ചില ഉപയോക്താക്കള്‍ ഇത്തരക്കാരെ വീടുകളിലേക്ക് വിളിച്ചുവരുന്നുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളുടെ എംബസികളുമായി സുരക്ഷാ വകുപ്പുകള്‍ ഏകോപനം നടത്തിയതിലൂടെ കുവൈത്ത് വിസ ലഭിച്ച് രാജ്യത്ത് പ്രവേശിച്ച സ്വവര്‍ഗാനുരാഗികളുടെയും ഇവരെ റിക്രൂട്ട് ചെയ്ത കമ്പനികളുടെയും പേരുവിവരങ്ങള്‍ അടങ്ങിയ പട്ടിക ഒരു ഏഷ്യന്‍ രാജ്യം കൈമാറിയിരുന്നെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

 

Latest News