ദുബായ് - ദുബായില്‍ നടക്കുന്ന ഏഷ്യന്‍ ക്ലാസിക് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ മലയാളി പെണ്‍കുട്ടികള്‍ താരമായി. ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത ഒമ്പത് മലയാളി കുട്ടികളില്‍ ഒരാളൊഴിച്ച് എട്ട് പേരും മെഡല്‍ കൊയ്തു. ഇതില്‍ മൂന്നു പേര്‍ വീതം സ്വര്‍ണം, വെള്ളി എന്നിവയും രണ്ടുപേര്‍ വെങ്കലവും നേടി. ഒരാള്‍ നാലാം സ്ഥാനത്തെത്തി.
കോഴിക്കോട് തളി സ്വദേശിനി വി.കെ. അഞ്ജന കൃഷ്ണന്‍ 47 കിലോ വിഭാഗത്തിലും ആലപ്പുഴ സ്വദേശിനി എം.എ. ആശംസ 67 കിലോയിലും കണ്ണൂര്‍ പിലാത്തറ സ്വദേശിനി കെ.വി. നന്ദന 63 കിലോ വിഭാഗത്തിലുമാണ് സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായത്. തൃശൂര്‍ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിനി പി.വി.അനഘ (69 കിലോ), വയനാട് മാനന്തവാടി സ്വദേശിനി ഡാനിയ ആന്റണി (52 കിലോ), കണ്ണൂര്‍ പിലാത്തറ എടാട്ട് സ്വദേശിനി അല്‍ക രാഘവ് (76 കിലോ) എന്നിവര്‍ വെള്ളിയും തിരുവനന്തപുരം നാലാംചിറ സ്വദേശിനി എസ്. എസ്.ശ്രീലക്ഷ്മി (47 കിലോ), കോഴിക്കോട് പുതിയകടവ് സ്വദേശിനി സി.വി.െഎഷാ ബീഗം (76 കിലോ) എന്നിവര്‍ വെങ്കലവും നേടി. 84 കിലോ വിഭാഗത്തില്‍ തിരുവനന്തപുരം ഈഞ്ചിക്കല്‍ സ്വദേശിനി എ.വി. അഞ്ജന നാലാം സ്ഥാനത്തെത്തി. കേരളത്തില്‍നിന്നടക്കം ഇന്ത്യയില്‍ നിന്നുള്ള ആകെ 34 പേര്‍ മാറ്റുരച്ചു. ഇവരില്‍ മിക്കവര്‍ക്കും മെഡലുകള്‍ ലഭിച്ചു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിജയിച്ച ശേഷമാണ് ഇവരെല്ലാം ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ദുബായിലെത്തിയത്.
ദേശീയ ചാമ്പ്യനും ദേശീയ റെക്കോര്‍ഡ് ഹോള്‍ഡറുമായ കണ്ണൂര്‍ പിലാത്തറ സ്വദേശി ജുനൈദ് അഹമ്മദാണ് ഇന്ത്യന്‍ കായിക താരങ്ങളുടെ മുഖ്യ പരിശീലകന്‍. കോഴിക്കോട് സ്വദേശി അനില്‍കുമാര്‍ പരിശീലകനുമാണ്. 29 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 600 കായികതാരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്.