Sorry, you need to enable JavaScript to visit this website.

അബൂബക്കർ ഫ്രം കാമറൂൺ

ആഫ്രിക്കൻ വിദ്യാർത്ഥികൾ കേരളത്തിലെ സെവൻസ് സീസണിൽ ഇവിടെ എത്തുന്നത് പതിവാണ.് പലരും അവധിക്കാലത്ത് നാട്ടിലേക്ക് പോകാതെ കേരളത്തിലേക്ക് വരും. അവരെ എത്തിക്കാൻ ഫുട്‌ബോൾ ഏജന്റുമാരുമുണ്ട്. കോഴിക്കോട്ടും എറണാകുളത്തും ഇത്തരം വിദ്യാർഥി താരങ്ങളെ മദ്രാസ്, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് സംഘത്തോടെ എത്തിക്കുകയാണ് പതിവ്. 

ദോഹയിൽ, ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ മുൻ ചാമ്പ്യൻമാരായ ബ്രസീലിനെ കാമറൂൺ അട്ടിമറിച്ച രാത്രി. ബ്രസീലിന്റെ വല കുലുക്കിയതിന്റെ അമിതാഹ്ലാദത്തിൽ കാമറൂൺ താരം വിൻസെന്റ് അബൂബക്കർ ജഴ്്‌സി അഴിക്കുന്നു. ഇതു കണ്ട റഫറി താരത്തിന് മഞ്ഞക്കാർഡ് കാട്ടുന്നു. മുമ്പും മഞ്ഞക്കാർഡ് കിട്ടിയിട്ടുള്ളതിനാൽ അതൊരു ചുവപ്പു കാർഡായി മാറി, അബൂബക്കറിന് ടൂർണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കുന്നു.
ബ്രസീലിന്റെ തോൽവി ഏറ്റുവാങ്ങാൻ കരുത്തില്ലാത്ത നാട്ടിലെ ആരാധകർ പിറ്റേന്ന് ഉറക്കമുണർന്നത് അൽപം വൈകിയാണ്. അപ്പോഴേക്കും ആ വാർത്ത നാട്ടിലാകെ പരന്നിരുന്നു. ബ്രസീലിനെതിരെ ഗോൾ നേടിയ കാമറൂൺ താരം വിൻസെന്റ് അബൂബക്കർ മലബാറിന്റെ വിവിധ പ്രദേശങ്ങളിൽ സെവൻസ് ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ടെന്നായിരുന്നു ആ വാർത്ത. മലപ്പുറത്തെ സൂപ്പർ സ്റ്റുഡിയോക്കും തൃശൂരിലെ ജിംഖാന ക്ലബ്ബിനുമെല്ലാം കളിച്ച താരമാണ് വിൻസെന്റ് അബൂബക്കർ എന്നായിരുന്നു വാർത്തകൾ പരന്നത്. മലപ്പുറം ജില്ലയിലെ ഗ്രാമത്തിൽ സെവൻസ് ടൂർണമെന്റ് ഗ്രൗണ്ടിൽ നിന്നെടുത്ത ഫോട്ടോയും പ്രചരിച്ചു. ഇതിൽ അബൂബക്കറാണെന്ന് കാണിച്ച് ഒരു താരത്തെ വട്ടമിട്ട് മാർക്ക് ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ആ പ്രചാരണം കണ്ട് നാട്ടിലെ ഫുട്‌ബോൾ പ്രേമികൾ അമ്പരന്നു. മലബാറിലെ സെവൻസ് ടൂർണമെന്റുകളിൽ എത്ര വലിയ താരങ്ങളാണ് എത്തുന്നതെന്ന് അവരിൽ പലരും മൂക്കത്ത് വിരൽ വെച്ചു. എന്നാൽ ആ പ്രചാരണത്തിന് അൽപായുസ്സായിരുന്നു. ആ ഫോട്ടോയിൽ കണ്ടത് അബൂബക്കറല്ലെന്നും അദ്ദേഹം കേരളത്തിൽ ഫുട്‌ബോൾ കളിക്കാൻ വന്നിട്ടില്ലെന്നും സ്ഥിരീകരണം വന്നു. സോഷ്യൽ മീഡിയയിലെ പ്രചാരണം കണ്ട് പലരും തൃശൂർ ജിഖാന ക്ലബ്ബിന്റെ ഭാരവാഹികളെയും മലപ്പുറം സൂപ്പർ സ്റ്റുഡിയോയുടെ സംഘടകരെയും സെവൻസ് ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികളെയും ബന്ധപ്പെട്ടിരുന്നു. അവരെല്ലാം തന്നെ ആ വാർത്ത ശരിയല്ലെന്ന് പ്രഖ്യാപിച്ചു.
ഇതിനിടയിൽ, അർജന്റീന ആരാധകർ ഊറിച്ചിരിക്കുകയായിരുന്നു. കേരളത്തിലെ സെവൻസ് ടൂർണമെന്റിൽ കളിച്ച ഒരു താരമാണ് ബ്രസീലിനെ മുട്ടുകുത്തിച്ചതെന്ന് അവർ പരമാവധി വൈറലാക്കിയിരുന്നു. അത്രമേൽ നിസ്സാരമാണ് ബ്രസീലിനെ തോൽപിക്കൽ എന്നതായിരുന്നു ആ ട്രോളിന്റെ അർത്ഥം. വിൻസെന്റ് അബൂബക്കറിന്റെ മലബാർ കണക്ഷൻ അർജന്റീന ആരാധകർ മനഃപൂർവം പടച്ചുണ്ടാക്കിയതാണെന്നതാണ് ഏറ്റവുമൊടുവിൽ പരക്കുന്ന സംസാരം.
ആഫ്രിക്കൻ താരങ്ങളും മലബാറിലെ സെവൻസും തമ്മിലുള്ള ബന്ധം ഉറപ്പുള്ളതാണ് എന്ന് തിരിച്ചറിഞ്ഞ ആരോ ആണ് വിൻസെന്റ് അബൂബക്കറിനെ സൂപ്പർ സ്റ്റുഡിയോയുടെയും ജിംഖാനയുടെയും ഒക്കെ താരമാക്കി മാറ്റിയത്. മൂന്നു പതിറ്റാണ്ടിലേറെയായി മലബാറിലെ സെവൻസ് ടൂർണമെന്റുകളിൽ ആഫ്രിക്കൻ താരങ്ങൾ കളിക്കുന്നുണ്ട്. ഇതിൽ ഏറെയും സുഡാനിൽ നിന്നുള്ള താരങ്ങളാണ്. വിൻസെന്റ് അബൂബക്കറിനെ പോലുള്ള കാമറൂൺ താരങ്ങൾ കേരളത്തിൽ എത്താറില്ലെന്നാണ് ഫുട്‌ബോൾ സംഘാടകർ പറയുന്നത്. ഇന്ത്യയിലെ പല സർവകലാശാലകളിലും വിദേശ വിദ്യാർഥികൾക്ക് സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിൽ പ്രവേശനം നേടുന്ന ആഫ്രിക്കൻ വിദ്യാർത്ഥികൾ കേരളത്തിലെ സെവൻസ് സീസണിൽ ഇവിടെ എത്തുന്നത് പതിവാണ്. പലരും അവധിക്കാലത്ത് നാട്ടിലേക്ക് പോകാതെ കേരളത്തിലേക്ക് വരും. അവരെ എത്തിക്കാൻ ഫുട്‌ബോൾ ഏജന്റുമാരുമുണ്ട്. കോഴിക്കോട്ടും എറണാകുളത്തും ഇത്തരം വിദ്യാർഥി താരങ്ങളെ മദ്രാസ്, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് സംഘത്തോടെ എത്തിക്കുകയാണ് പതിവ്. അവരെ രണ്ടു മാസം ഇവിടെ താമസിപ്പിക്കും. ടൂർണമെന്റുകളിൽ കളിപ്പിക്കും. ആഫ്രിക്കൻ ടീമുകളെന്ന പേരിൽ ഏജന്റുമാർ വൻതുക ടൂർണമെന്റ് കമ്മിറ്റിക്കാരിൽ നിന്ന് ഈടാക്കും. ഒരു തുക ആഫ്രിക്കൻ താരങ്ങൾക്ക് കൊടുക്കും. കമ്മീഷൻ ഏജന്റ് പോക്കറ്റിലിടും. കളിക്കാനെത്തുന്നത് വിദ്യാർഥികളാണെന്ന് പലർക്കും അറിയുമായിരുന്നില്ല. ആഫ്രിക്കയിൽ നിന്ന് നേരിട്ട് സെവൻസ് കളിക്കാനായി കൊണ്ടുവന്നതാണെന്നാണ് സംഘാടകർ പ്രചരിപ്പിക്കുക. സുഡാനികൾ എന്ന് പൊതുവെ അറിയപ്പെടുന്ന ആഫ്രിക്കൻ താരങ്ങൾക്ക് വലിയ ജനപിന്തുണയാണ് എന്നും ലഭിച്ചു വന്നത്. അവരുടെ ടീമുണ്ടെങ്കിൽ ഗാലറിയിൽ ആള് കൂടും.
ഇത്തരത്തിൽ കേരളത്തിലെത്തിയ സുഡാനികൾക്കിടയിൽ വിൻസെന്റ് അബൂബക്കറുമുണ്ടായിരുന്നെന്ന് ആരെങ്കിലും പറഞ്ഞാൽ അവിശ്വസിക്കാതിരിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്. ആഫ്രിക്കൻ താരങ്ങൾ മലബാറിൽ കളിക്കാനെത്തുന്നുണ്ടെന്നത് യാഥാർഥ്യം. അവർക്കെല്ലാം ഏതാണ്ട് ഒരേ മുഖഛായയാണെന്നും മലയാളിക്ക് അവരെ അത്ര പെട്ടെന്ന് വേർതിരിച്ചെടുക്കാൻ കഴിയില്ലെന്നതും മറ്റൊരു യാഥാർഥ്യം. ഇത്തരം യാഥാർഥ്യങ്ങൾക്കും മിഥ്യകൾക്കുമിടയിലേക്കാണ് വിൻസെന്റ് അബൂബക്കറിനെ കുറിച്ചുള്ള വാർത്ത ചിലർ ഇറക്കി വിട്ടത്. ഇനിയുള്ള കാലം ബ്രസീൽ ആരാധകരെ കളിയാക്കാൻ മലബാറിലെ മൈതാനങ്ങളിൽ അബൂബക്കറിനെ, അർജന്റീന ഫാൻസ് ഇടക്കിടെ എത്തിച്ചുകൊണ്ടിരിക്കും, സെവൻഅപ് പോലെ....

Latest News