Sorry, you need to enable JavaScript to visit this website.

ഗുജറാത്തിൽ അട്ടിമറിയുണ്ടാവുമോ?

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് മോർബി തൂക്കുപാല ദുരന്തമുണ്ടായത്. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം. അല്ലെങ്കിലും ഇത്രയേറെ ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്ത് ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. അതുകൊണ്ടാണല്ലോ ശ്രീകൃഷ്ണന്റെ കൂറ്റൻ പ്രതിമ ദ്വാരകയിലുണ്ടാക്കുമെന്ന് ഭരണ കക്ഷി പ്രഖ്യാപിച്ചത്. അതിലും ഒരു പടി മുന്നിലായിരുന്നു ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രഖ്യാപനം. ഞങ്ങൾ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന പക്ഷം, ഗുജറാത്തികൾക്ക് അയോധ്യയിലേക്ക് സൗജന്യ യാത്ര പാക്കേജാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. കാൽ നൂറ്റാണ്ട് കാലമായി  തുടരുന്ന ബി.ജെ.പി ഭരണം അവസാനിപ്പിക്കാൻ ശേഷി ഏത് പാർട്ടിക്കാണെന്ന് ഫലം വരുമ്പോഴറിയാം. ഒരു കാലത്ത് ആന്ധ്ര പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പോലെ കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്നു ഗുജറാത്ത്.  കൂടപ്പിറപ്പായ ഗ്രൂപ്പ് പോരാട്ട വേദിയുമായിരുന്നു സംസ്ഥാനം.  എൺപതുകളിൽ  കോൺഗ്രസ് ഗ്രൂപ്പ് വഴക്കും പാരമ്യത്തിലെത്തി. സോളങ്കിയെ പുറത്താക്കാൻ വിമത നീക്കം ശക്തം എന്നതെല്ലാമായിരുന്നു അന്നത്തെ പ്രധാന തലവാചകങ്ങൾ. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാജ്യസഭയുടെ പിൻവാതിലിലൂടെയായിരുന്നില്ല പാർലമെന്റിൽ എത്തിയിരുന്നത്. രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിൽ ഗുജറാത്തിലെ ബറൂച്ച് ലോക്‌സഭ സീറ്റിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഭരണത്തിന്റെ ഏഴാം ഊഴം ഉറപ്പിക്കാൻ മത്സരിക്കുന്ന ബി.ജെ.പിയുടെ ദേശീയ നേതാക്കളുടെ പ്രസംഗങ്ങളിൽ ഒരു കാര്യം വ്യക്തം. വർഗീയ ചേരിതിരിവുണ്ടാക്കി പരമാവധി വോട്ടുകൾ നേടാനാണ് ശ്രമം. അവരെ ഒരു പാഠം പഠിപ്പിച്ച കാര്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തെരുവോരങ്ങളിൽ പ്രസംഗിച്ചത്.  
ഗുജറാത്തിൽ രണ്ടു ഘട്ടങ്ങളായാണ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്. ഈ മാസം ഒന്നിനും ഇന്നും. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയിൽ ഉള്ളത്. എട്ടാം തീയതി ഫലമറിയാം. 
തുടർച്ചയായി ഭരിച്ചതിന്റെ ഫലമായി ഭരണ വിരുദ്ധ വികാരമുണ്ടാവും. കർഷകരുടെ അമർഷം വേറെയും. ഈ ഘട്ടത്തിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ നില സുരക്ഷിതമാക്കാൻ ചില കക്ഷികളെത്തിയിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. എ.എ.പിയുടെ റോൾ സംശയിക്കുന്നവരേറെ. തുടക്കത്തിലുണ്ടായ ആവേശം പിന്നീട് കണ്ടില്ല. ചിലേടങ്ങളിൽ ബി.ജെ.പിക്കായി സ്ഥാനാർഥികളെ പിൻവലിക്കുകയും ചെയ്തു. മാത്രവുമല്ല, എ.എ.പി പോലൊരു പുതിയ കക്ഷി ബി.ജെ.പിയുടെ കാഡർ വോട്ടുകൾ പിടിക്കാൻ തീരെ സാധ്യതയില്ല. നഷ്ടം കോൺഗ്രസിനായിരിക്കുമെന്നുറപ്പ്. 
2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ കാലത്തു തന്നെ ദൽഹി മുഖ്യമന്ത്രിയായെത്തിയ പുതിയ പാർട്ടിയുടെ നായകനാണ് കെജ്‌രിവാൾ.  അടുത്തിടെ കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ പഞ്ചാബിലെ ഭരണം കെജ്‌രിവാളിന്റെ പാർട്ടിയായ ആം ആദ്മി പാർട്ടി നേടി. സാധാരണ വിജയമൊന്നുമല്ല ആപ്പിന് ലഭിച്ചത്. 117 സീറ്റുകളിൽ 92 എണ്ണവും ആം ആദ്മിക്കാണ് കിട്ടിയത്. കോൺഗ്രസ് ഭരിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്. ശക്തമായ ത്രികോണ മത്സരമായിരുന്നു പഞ്ചാബിൽ. അതിൽ 42 ശതമാനം വോട്ടുകളാണ് ആപ് നേടിയത്. കോൺഗ്രസ് സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരമാണ് യഥാർഥത്തിൽ ആപ്പിന് സൗകര്യമായത്. 
ദൽഹിയിലെ ഭരണ മികവിന്റെ പേരിലാണ് ആം ആദ്മി പാർട്ടി ജനപ്രീതി കരസ്ഥമാക്കിയത്. കഴിഞ്ഞ ഏഴു ദശാബ്ദക്കാലമായി മാറിമാറി ഭരിച്ച പാർട്ടികളെ അപ്രസക്തമാക്കിയാണ് പഞ്ചാബിൽ ആം ആദ്മി പാർട്ടി തരംഗം സൃഷ്ടിച്ചത്. ദൽഹിയിൽ മാത്രമായി ഒതുങ്ങിയ ആം ആദ്മി പാർട്ടി പഞ്ചാബിലെ വൻ വിജയത്തോടെ നിർണായകമായ മുന്നേറ്റമാണ് നടത്തിയത്. സൂറത്ത് നഗരസഭയിലെ ഡിവിഷനുകളിൽ വിജയിക്കാനായതാണ് എ.എ.പിക്ക് ഗുജറാത്തിലേക്ക് വഴി തുറന്നത്.  ഭൂതകാലത്തിന്റെ ബാധ്യതകളൊന്നുമില്ലാത്ത ആം ആദ്മി പാർട്ടിക്ക് പുതിയ കാലത്തിന്റെ പാർട്ടി എന്ന വിശേഷണം വലിയ തോതിൽ ഗുണം ചെയ്യുന്നു. മധ്യവർഗ വിഭാഗവും ചെറുപ്പക്കാരുമാണ് ആം ആദ്മിയെ പിന്തുണക്കുന്നവർ. ഗോവയിൽ പോലും അഞ്ചു ശതമാനം വോട്ട് നേടിയ എ.എ.പി ബി.ജെ.പിയുടെ സാധ്യത വർധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്ന് കാണാം. 
ആം ആദ്മിയുടെ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഗുജറാത്തിലെ പൊതുസമ്മേളനത്തിൽ കോൺഗ്രസിനെ  കടന്നാക്രമിച്ചിരുന്നു. ഗുജറാത്തിൽ കോൺഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. 
ദേശീയ രാഷ്ട്രീയത്തിൽ അടുത്ത കാലത്ത് പ്രാധാന്യം നേടിയ മറ്റൊരു നേതാവാണ് ഹൈദരാബാദിൽ നിന്നെത്തിയ അസദുദ്ദീൻ ഉവൈസി. ബിഹാർ, യു.പി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലെല്ലാം ന്യൂനപക്ഷ സംരക്ഷകനായി അദ്ദേഹം അവതരിച്ചു. പലേടത്തും വോട്ടർമാർ കണ്ടറിഞ്ഞ് പെരുമാറി. മതേതര വോട്ടുകൾ ഭിന്നിപ്പക്കലാണ് പ്രധാന ജോലി. ഇത് ബി.ജെ.പിക്ക് വളരെ സഹായകമാവുകയും ചെയ്യുന്നു. 
യു.പി ഇലക്ഷനിൽ ഉവൈസിയുടെ അവിസ്മരണീയ പ്രകടനമുണ്ടായിരുന്നു. കാമ്പയിൻ പീക്ക് സ്റ്റേജിൽ നിൽക്കുമ്പോൾ അദ്ദേഹമൊരു വെടിപൊട്ടിച്ചു.  ഹിജാബ് ധരിച്ച വനിത ഒരു നാൾ എന്റെ നാട്ടിലെ പ്രധാനമന്ത്രിയാവുമെന്നായിരുന്നു സ്റ്റേറ്റ്‌മെന്റ്. ഹിന്ദി ബെൽറ്റിലെ സകല പത്രങ്ങളും ചാനലുകളും ഈ പ്രസ്താവന ആഘോഷിച്ചു. ബി.ജെ.പി വിജയത്തിന് കുറച്ചൊന്നുമല്ല ഉവൈസിയുടെ ഡയലോഗ് സഹായകമായത്. 
ഗുജറാത്തിലെ 64 ദശലക്ഷം ജനസംഖ്യയുടെ 10 ശതമാനത്തോളമാണ് മുസ്‌ലിംകൾ. 182 അസംബ്ലി സീറ്റുകളിൽ 42 എണ്ണത്തിലും 40,000 വോട്ടുകളുണ്ട്. നിലവിൽ ഗുജറാത്ത് നിയമസഭയിൽ കോൺഗ്രസിൽ നിന്നുള്ള മൂന്ന് മുസ്്‌ലിം എം.എൽ.എമാരാണുള്ളത്. ആകെയുള്ള മുസ്‌ലിം അംഗങ്ങളും ഇവർ തന്നെ. 
കോൺഗ്രസിന്റെ ശക്തമായ അടിത്തറയായിരുന്നു  ഗുജറാത്തിൽ മുസ്‌ലിം  ജനവിഭാഗം. ബി.ജെ.പി മുഖ്യ പ്രതിപക്ഷമായി ഉയർന്ന് നിന്നപ്പോഴും പിന്നീട് അവർ തുടർച്ചയായി അധികാരത്തിൽ വന്നപ്പോഴുമെല്ലാം മുസ്‌ലിം വോട്ടുകൾ സ്ഥരിമായി കോൺഗ്രസിന് ലഭിച്ച് പോന്നു.  ഇത്തവണ മുസ്്‌ലിം വോട്ടുബാങ്കിൽ കണ്ണും നട്ടാണ്  ഉവൈസിയുടെ എ.ഐ.എം.ഐ എമ്മിനൊപ്പം ആം ആദ്മി പാർട്ടിയും രംഗത്തെത്തിയത്. 
കോൺഗ്രസ് ആറ് മുസ്‌ലിം  സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. മുസ്‌ലിം ജനസംഖ്യ നിർണായകമായതും കോൺഗ്രസിന് മുൻതൂക്കം ഉള്ളതുമായ 14 മണ്ഡലങ്ങളിലാണ് എ.ഐ.എം. ഐ.എം സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയും  മൂന്ന് മുസ്്‌ലിം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.  ബി.ജെ.പി ഇത്തവണയും മുസ്‌ലിം  സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല.
2021 ഫെബ്രുവരിയിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിൽ എ.എ.പിക്കും എ.ഐ.എം.ഐ.എമ്മിനുമുള്ള കടന്നുവരവിന് കളമൊരുക്കിയത്. എ.ഐ.എം.ഐ.എം മത്സരിച്ച 40 സീറ്റിൽ 26 ലും വിജയിച്ചപ്പോൾ കോൺഗ്രസിന് വിജയം ഉറപ്പിച്ച പല സീറ്റുകളിലും പരാജയപ്പെടേണ്ടി വന്നു. ഗോധ്രയിലും അഹമ്മദാബാദിലുമൊക്കെയാണ് ഉവൈസിയുടെ പാർട്ടി നഗരസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 
 ആരൊക്കെ എന്തൊക്കെ അഭ്യാസം കാണിച്ചാലും ഗുജറാത്ത് നിലനിർത്തണമെന്ന വാശിയിലാണ് ബി.ജെ.പി. സവർണ വോട്ടുകളിൽ ചോർച്ചയുണ്ടായാൽ ആദിവാസി-പിന്നോക്ക വോട്ടുകളിലൂടെ അത് കോമ്പൻസേറ്റ് ചെയ്യും. ഓരോ നീക്കവും കണക്കുകൂട്ടലുകളോടെയാണ്. 
നഷ്ടപ്പെട്ടാൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിക്ക് ഏൽക്കുന്ന കനത്ത ആഘാതമായി വിലയിരുത്തപ്പെടും. ഈ സാഹചര്യത്തിൽ കുറഞ്ഞത് 120 ഓളം സീറ്റുകളെങ്കിലും നേടി വിജയിക്കുകയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. 2017 ൽ 99 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടാവുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. കെജ്‌രിവാളിന്റെയും ഉവൈസിയുടെയും സാന്നിധ്യം ബി.ജെ.പി ക്യാമ്പിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 
 

Latest News