ന്യൂദൽഹി - രാജ്യമെമ്പാടുമുള്ള ജയിലുകളിൽ കൊള്ളാവുന്നതിലധികം കുറ്റവാളികൾ തിങ്ങി നിറയുന്നതിൽ ആശങ്ക പ്രകടപ്പിച്ച് സുപ്രീം കോടതി. ഉൾക്കൊള്ളാനാകുന്നതിലും 150 ശതമാനം അധികം പേരാണ് പല ജയിലുകളിലും കഴിയുന്നതെന്നാണു സുപ്രീം കോടതി നീരീക്ഷിച്ചത്. വിഷയത്തെ മനുഷ്യാവകാശ ലംഘനമായി കണക്കിലെടുത്ത് അതീവ ഗൗരവത്തോടെ സമീപിക്കണമെന്നും രാജ്യത്തെ ഹൈക്കോടതികൾക്കു സുപ്രീം കോടതി നിർദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ ഈ വിഷയത്തിൽ സ്വമേധയാ ഇടപെടണമെന്നും അമിക്കസ് ക്യൂരിയെ വെച്ച് അന്വേഷിപ്പിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു നിർദേശം നൽകിയത്.
ഓരോ ഹൈക്കോടതികളും ഈ വിഷയത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണം.
സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റിയുടെ സഹായവും തേടാം. വിശദമായ പഠനത്തിലൂടെയേ ജയിലുകളിൽ പരിധിയിലധികം ആളുകളെ പാർപ്പിച്ചിരിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനാകൂ എന്നും സുപ്രീം കോടതി പറഞ്ഞു. ഇതു സംബന്ധിച്ച ഉത്തരവിന്റെ പകർപ്പുകൾ എല്ലാ ഹൈക്കോടതി രജിസ്ട്രാർ ജനറലുമാർക്കും അയച്ചു കൊടുക്കാനും സുപ്രീം കോടതി സെക്രട്ടറി ജനറലിന് നിർദേശം നൽകി.

പല സംസ്ഥാനത്തെയും ജയിലുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമനങ്ങൾ നടത്താൻ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും അലംഭാവം കാണിക്കുന്നു. ഈ വിഷയത്തിലും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സ്വമേധയാ കേസെടുക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
വനിതകളുടെ ജയിലുകളിൽ പരിധിയിലധികം ആളുകളെ പാർപ്പിച്ചിരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ദേശീയ വനിത കമ്മീഷനെയും നാഷണൽ ലോ യൂണിവേഴ്‌സിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ജൂൺ 30 ന് ഇതു സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് രണ്ടിന് സുപ്രീം കോടതി വിഷയം പരിഗണിക്കും.
രാജ്യവ്യാപകമായി തുറന്ന ജയിലുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ നോക്കുന്നുണ്ടെന്നും ഇതിനുള്ള മാതൃകാ നിയമം രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു. നിലവിൽ രാജ്യത്ത് 63 തുറന്ന ജയിലുകൾ ഉണ്ടെങ്കിലും ഇതിന്റെ സാധ്യതകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല. ഇതിനായി സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്നും സർക്കാർ പറഞ്ഞു.






