Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ  രേഖകളും പരസ്യപ്പെടുത്തണം

ന്യൂദൽഹി-മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ പ്രധാനമന്ത്രിയുടെ ഓഫീസിനു നിർദേശം നൽകി. ശാസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ 1977 ൽ രൂപീകരിച്ച രാജ് നാരായൺ കമ്മിറ്റിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരസ്യമാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. 1966 ജനുവരി 11 ന് താഷ്‌കന്റിൽ വെച്ചു ദുരൂഹ സാചര്യത്തിൽ മരണപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാൻ അന്നത്തെ ജനത സർക്കാരാണ് രാജ്‌നാരായൺ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മീഷന്റെ രേഖകൾ ഇതു വരെ പുറത്തു വന്നിട്ടില്ലെന്നാണ് വിവരാവകാശ കമ്മീഷൻ പറഞ്ഞത്. 
വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യലു പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവയോട് ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രസിദ്ധപ്പെടുത്തണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ശാസ്ത്രിയുടെ മരണം സംബന്ധിച്ച വസ്തുതകളെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ സർക്കാരിന് ഭരണഘടനാപരമായ കടമയുണ്ടെന്നാണു വിവരാവകാശ കമ്മീഷണർ പറഞ്ഞത്. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താനുള്ള പ്രാഥമിക ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി. 
ശാസ്ത്രിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരാവകാശ അപേക്ഷയെ തുടർന്നാണ് വിവരാവകാശ കമ്മീഷന്റെ നടപടി. 
സോവിയറ്റ് യൂണിയൻ നേതാവായിരുന്ന അലക്‌സി കോസിഗിന്റെ മധ്യസ്ഥതയിൽ പാക്കിസ്ഥാൻ പ്രസിഡന്റുമായി ചർച്ചക്കായി പോയപ്പോഴാണ് താഷ്‌കന്റിൽ വെച്ച് ശാസ്ത്രിയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് റിപ്പോർട്ട് വന്നെങ്കിലും അന്നു മുതൽ അദ്ദേഹത്തിന്റെ മരണത്തിനു പിന്നിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വിവരാവകാശ പ്രകാരം നിരവധി അപേക്ഷകൾ ലഭിച്ചിരുന്നുവെങ്കിലും രാജ്യതാത്പര്യം മുൻനിർത്തി അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പുറുത്തു വിടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ തീരുമാനം. 2011 ൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൈവശമുള്ള ഒരു രേഖയൊഴികെ 11 പേജ് റിപ്പോർട്ട് പരസ്യപ്പെടുത്താൻ വിവരാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. 
ശാസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട രാജ് നാരായൺ കമ്മിറ്റി അദ്ദേഹത്തിന്റെ ഡോക്ടറായിരുന്ന ആർ.എൻ ചഗിനെയും ജോലിക്കാരൻ രാം നാഥിനെയും ചോദ്യം ചെയ്യാനായി വിളിച്ചിരുന്നു. എന്നാൽ ഇരുവരും കമ്മീഷന്റെ മുന്നിൽ ഹാജരാകാൻ പുറപ്പെടുന്ന വഴിക്ക് റോഡപകടത്തിൽ കൊല്ലപ്പെട്ടു. പിന്നീട് രാജ്‌നാരായൺ കമ്മിറ്റിയുടെ റിപ്പോർട്ട് പാർലമെന്റ് ലൈബ്രറിയിൽ പോലും ഇല്ലെന്നും റിപ്പോർട്ടുകൾ വന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ഇപ്പോൾ വിവരാവകാശ കമ്മീഷണർ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉൾപ്പെടെ നിർദേശം നൽകിയത്.     
 

Latest News