Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തരൂർ വിഷയം, ഗവർണർക്കെതിരായ ബിൽ: അതൃപ്തിയുമായി മുസ്‌ലിം ലീഗ്

- ശശി തരൂർ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമെന്ന് അഡ്വ. പി.എം.എ സലാം
മലപ്പുറം - ശശി തരൂർ വിഷയം കോൺഗ്രസിന്റെ അഭ്യന്തര കാര്യമാണെന്ന് പറയുമ്പോഴും പ്രശ്‌നങ്ങളിൽ കോൺഗ്രസിലുയരുന്ന അലോസരങ്ങളിൽ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ ശശി തരൂർ അടക്കമുള്ളവരെ ഒരുമിച്ചുനിർത്തി രാഷ്ട്രീയ മൈലേജുണ്ടാക്കാൻ നേതൃപരമായ പങ്കുവഹിക്കേണ്ടവർ, അനാവശ്യ വിവാദങ്ങളിലൂടെ പ്രശ്‌നം വഷളാക്കുകയാണെന്ന് പാർട്ടിക്കിടയിൽ അഭിപ്രായമുണ്ട്.     
 കോൺഗ്രസിന്റെ അഭ്യന്തര വിഷയമായതിനാൽ പ്രശ്‌നങ്ങളിൽ പരസ്യമായി പ്രതികരിക്കാൻ പാർട്ടിക്ക് പരിമിതിയുണ്ടെങ്കിലും വിവാദങ്ങളിൽ സമയം പാഴാക്കുന്നതിനോട് ലീഗിന് ഒട്ടും താൽപ്പര്യമില്ല. ഇത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്. തരൂർ വിവാദം സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമേ ഗുണം ചെയ്യുവെന്നും ലീഗിൽ ശക്തമായ വികാരമുണ്ട്.
 വിഷയത്തിൽ പ്രശ്‌നപരിഹാരം ഉടൻ ഉണ്ടാക്കണമെന്നും പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴച്ച് കൂടുതൽ സങ്കീർണമാക്കാതിരിക്കാൻ ആവശ്യമായ പക്വമായ ഇടപെടൽ ഉണ്ടാകണമെന്നുമാണ് ആവശ്യം. തരൂർ വിവാദങ്ങളുടെ പേരിൽ കോൺഗ്രസിനോ യു.ഡി.എഫിനോ ഒരാളെയും നഷ്ടമായിക്കൂടെന്നും, പൊതുസമൂഹത്തെ ആകർഷിക്കാൻ കഴിവുള്ളവരേയടക്കം എല്ലാവരുടെയും പിന്തുണ ഉറപ്പാക്കി കൂടുതൽ ശക്തമായി ഒരുമിച്ച് നീങ്ങണമെന്നും ലീഗ് ആഗ്രഹിക്കുന്നു.
 അതിനിടെ, നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സഭയിലും യു.ഡി.എഫിലും സ്വീകരിക്കേണ്ട ചില നയസമീപനം സംബന്ധിച്ച് ഇന്ന് പാണക്കാട് ചേർന്ന എം.എൽ.എമാരുടെയും മുതിർന്ന നേതാക്കളുടെയും യോഗം വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. ഇക്കാര്യം നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ലീഗ് വ്യക്തമാക്കുമെന്നാണ് നേതൃത്വം പ്രതികരിച്ചത്.
 നിയമസഭയിൽ ചർച്ചക്ക് വരുന്ന സുപ്രധാന ബില്ലുകളിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യുന്നതിനാണ് ഇന്ന് യോഗം ചേർന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ശശി തരൂർ വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അത് സംബന്ധിച്ച് ലീഗ് യോഗത്തിൽ ചർച്ചകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 അതേസമയം, ഗവർണർക്കെതിരെ സർക്കാർ കൊണ്ടുവരുന്ന ബിൽ എതിർക്കുമെന്ന കോൺഗ്രസ് നിലപാടിൽ ലീഗ് അതൃപ്തി പരസ്യമാക്കിയതാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫ് യോഗത്തിലും തുടർന്ന് നിയമസഭയിലും അഭിപ്രായസമന്വയത്തോടെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ തീരുമാനം പ്രതിപക്ഷ പാർട്ടികളിൽ ഉണ്ടാകണമെന്നാണ് ലീഗ് താത്പര്യപ്പെടുന്നത്.
 

Latest News