വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞു  വീണ് മരിച്ചു, അന്വേഷിക്കുമെന്ന് പോലീസ് 

ലഖ്‌നൗ-വിവാഹ മണ്ഡപത്തില്‍ വരന്‍ വരണമാല്യം അണിയിക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലാണ് സംഭവം. 20 വയസ് പ്രായമുള്ള യുവതിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹത്തിനിടെ വധു മരണപ്പെട്ട വിവരം പോലീസ് അറിഞ്ഞത്. തൊട്ടുപിന്നാലെ മാലിഹാബാദ് സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം ഗ്രാമത്തിലേക്ക് പുറപ്പെട്ടതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞു. ഇവര്‍ നല്‍കുന്ന വിവരം അനുസരിച്ച് ഭാദ്വാന ഗ്രാമത്തിലെ രാജ്പാലിന്റെ മകള്‍ ശിവാംഗിയാണ് വിവാഹത്തിനിടെ മരണപ്പെട്ടത്. യുവതിയും വിവേക് എന്ന യുവാവുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.വിവാഹത്തിനിടെ കുഴഞ്ഞുവീണ ശിവാംഗിയെ തൊട്ടടുത്ത കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. തുടര്‍ന്ന് ട്രോമ സെന്ററിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി അയച്ചെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
 

Latest News