റിയാദ്- മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് തെരുവിൽ അലയുന്നതിനിടെ ഒരു പറ്റം സാമൂഹിക പ്രവർത്തകർ സംരക്ഷണമേകിയ തൃശൂർ കയ്പമംഗലം സ്വദേശി ശംസുൽ ഹുദായെ നാട്ടിലെത്തിച്ചു. രോഗം ഏറെക്കുറെ ഭേദമായതോടെ ഇന്നലെ ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ നിന്ന് റിയാദ് വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോവുകയും
ചെയ്തു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇദ്ദേഹത്തെ അനുഗമിച്ചു. ബൈപോളാർ ഡിസോർഡർ എന്ന രോഗം ബാധിച്ച് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇദ്ദേഹത്തെ ബത്ഹയിലെ ഒരു ഗല്ലിയിൽ നിന്നാണ് മലയാളി സാമൂഹിക പ്രവർത്തകർ കണ്ടെത്തിയത്. തെരുവിൽ ബഹളം വെച്ചും അക്രമാസക്തനായും ചിലപ്പോൾ വിഷാദ ഭാവത്തിൽ നടന്നും കഴിഞ്ഞു കൂടിയിരുന്ന ഇദ്ദേഹത്തെ സഹായിക്കാൻ സുമനസ്സുകൾ മുന്നോട്ട് വരികയായിരുന്നു. എവിടെ നിന്നോ മർദനമേറ്റതിനാൽ ചെവിയിൽ മുറിവുമുണ്ടായിരുന്നു.
ബത്ഹയിലെ ശിഫ അൽജസീറ ക്ലിനിക്കിൽ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ നൽകി. വലിയ വ്രണമായി മാറിയതിനാൽ തുടർച്ചയായി ഡ്രസിങ് നടത്തി മരുന്നു വെച്ച് പരിചരിക്കേണ്ടതുണ്ടായിരുന്നു. ക്ലിനിക്കിൽ സൗകര്യമില്ലാത്തതിനാൽ റിയാദ് ഹെൽപ് ഡെസ്‌ക് വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത് കിടത്തി സാമൂഹിക പ്രവർത്തകർ രാപകൽ ഭേദമന്യേ കൂട്ടിരുന്ന് ശുശ്രൂഷിച്ചു. മുറിവുണങ്ങിത്തുടങ്ങുകയും മാനസിക വിഭ്രാന്തിക്ക് ശമനമുണ്ടാവുകയും ചെയ്തപ്പോഴാണ് നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. രോഗിക്കും കൂടെ പോകുന്നവർക്കും ടിക്കറ്റും ഹോട്ടൽ വാടകയുമെല്ലാം ഹെൽപ് ഡെസ്‌ക് അംഗങ്ങൾ തന്നെ ഏറ്റെടുത്തു. അങ്ങനെയാണ് സുരക്ഷിതമായി സാമൂഹിക പ്രവർത്തകരുടെ സംരക്ഷണത്തിൽ അദ്ദേഹത്തെ നാട്ടിലെത്തിച്ചത്.
റിയാദിൽ പ്രവാസിയായിരുന്ന ശംസുൽ ഹുദ നാട്ടിലേക്ക് മടങ്ങിയ ശേഷം ഏതാനും മാസം മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നു. കുറച്ചു നാൾ മുമ്പാണ് ബൈപോളാർ ഡിസോർഡർ എന്ന രോഗം സ്ഥിരീകരിച്ചത്. തുടർന്ന് റിയാദിലെ അൽഅമൽ മനോരോഗ ആശുപത്രിയിലായിരുന്നു ചികിത്സ. കുറച്ചു നാൾ അവിടെ ചികിത്സയിൽ കഴിഞ്ഞു. സുഖമായപ്പോൾ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. എന്നാൽ വീണ്ടും രോഗബാധിതനാവുകയായിരുന്നു.
തെരുവിൽ അലയുന്നതിനിടയിൽ പോലീസ് പിടിച്ച് ജയിലിൽ പാർപ്പിച്ചു. എന്നാൽ അവിടെയും പ്രശ്‌നമായപ്പോൾ തുറന്നുവിട്ടു. ശേഷമാണ് ബത്ഹയിലെ തെരുവിൽ അലയാൻ തുടങ്ങിയത്. ഇതിനിടെ ഒളിച്ചോടിയെന്ന് കാണിച്ച് സ്‌പോൺസർ ഹുറൂബാക്കിയിരുന്നു. ശിഹാബ് കൊട്ടുകാട് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയും അവരുടെ സഹായത്തോടെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് ഫൈനൽ എക്‌സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. കരുതലും സ്‌നേഹവും നൽകിയാണ് ഹോട്ടലിൽ സാമൂഹിക പ്രവർത്തകർ രാപകൽ ഊഴമിട്ട് യുവാവിന് കാവലിരുന്നത്. ചില സമയങ്ങളിൽ യുവാവ് ഉച്ചത്തിൽ അലറി വിളിക്കുകയും ബഹളമുണ്ടാക്കുകയും അക്രമാസക്തനാവുകയും ചെയ്യുമായിരുന്നു.
ശിഹാബ് കൊട്ടുകാടിന് പുറമെ വിക്രമൻ, കുമ്മിൾ സുധീർ, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ, ഷൈജു നിലമ്പൂർ, ഷരീഖ് തൈക്കണ്ടി, ബിനു കെ.തോമസ്, സുരേഷ് ശങ്കർ, സഗീർ, ജലീൽ ആലപ്പുഴ, ലോക്‌നാഥ്, ഫൈസൽ തൃശൂർ, സലാം പെരുമ്പാവൂർ, ലത്തീഫ്, കാർഗോ രാജു, റഹീം, ഉമർ കൂൾടെക്, ഷിബു ഉസ്മാൻ, കബീർ പട്ടാമ്പി, അസ് ലം പാലത്ത് തുടങ്ങിയ സാമൂഹിക പ്രവർത്തകരാണ് യുവാവിനെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്.