പറ്റ്‌ന - സർക്കാർ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായുള്ള അധ്യാപകരുടെ ലീവ് അപേക്ഷകൾ വൈറലാകുന്നു. ബിഹാറിലാണ് സംഭവം.
'എന്റെ അമ്മ 5.12.22ന് മരിക്കും. അതിനാൽ 6.12.22 മുതൽ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ ലീവ് അനുവദിക്കണം' എന്നാണ് ഒരാളുടെ ലീവ് അപേക്ഷ. 4.12.22 മുതൽ 5.12.22 വരെ എനിക്ക് അസുഖമുണ്ടാകും, അതിനാൽ കാഷ്വൽ ലീവ് അനുവദിക്കണമെന്നാണ് മറ്റൊരപേക്ഷ. 7.12.22ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ എന്റെ വയറിന് അസ്വസ്ഥതയുണ്ടാകം, അതിനാൽ പ്രസ്തുത തിയ്യതി മുതൽ ഞാൻ കാഷ്വൽ ലീവിലായിരിക്കുമെന്ന് അറിയിക്കുന്നതാണ് ലീവ് അപേക്ഷ.
ബിഹാറിൽ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇത്തരം ലീവ് അപേക്ഷകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കാഷ്വൽ ലീവ് അനുവദിച്ച് മൂന്നുദിവസത്തിനു ശേഷം മാത്രമേ ഏതെങ്കിലും അധ്യാപകനോ ജീവനക്കാരനോ അവധിയിൽ പ്രവേശിക്കാനാകൂവെന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള ലീവ് അപേക്ഷകൾ സോഷ്യൽമീഡിയയിൽ പ്രവഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് ബിഹാർ പഞ്ചായത്ത് സിറ്റി പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആനന്ദ് കൗശൽ സിംഗ് ആരോപിച്ചു. ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.