കൊച്ചി- ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ സ്‌പൈസ്‌ജെറ്റ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ സംഭവത്തില്‍ യാഥാര്‍ഥ്യമെന്താണ്... വിമാനം ജിദ്ദയില്‍ നിന്ന് ടേക്കോഫ് ചെയ്യുമ്പോള്‍ ടയര്‍ റണ്‍വേയില്‍ അമിതമായി ഉരഞ്ഞ് റബര്‍ കഷണങ്ങള്‍ പൊഴിഞ്ഞുവീഴതായി അറിപ്പ് ലഭിച്ചെന്ന് വ്യോമയാന വിദഗ്ധന്‍ ജേക്കബ് കെ. ഫിലിപ്പ് പറയുന്നു. വിമാനം ഒരു തവണ കോഴിക്കോട്ട് ഇറക്കാന്‍ നോക്കി, വിമാനം മൂന്നു തവണ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടു തുടങ്ങിയ വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം..
സൗദിയിലെ ജിദ്ദയില്‍നിന്ന് ഇന്നലെ കാലത്ത് പത്തരയോടെ ടേക്കോഫ് ചെയ്ത സ്‌പൈസ്‌ജെറ്റ് എസ് ജി 036 ബോയിങ്737-800 മാക്‌സ് വിമാനം കോഴിക്കോട്ട് ഇറങ്ങാതെ കൊച്ചിയിലേക്ക് പറന്ന് കുറേ ചുറ്റിപ്പറക്കലുകള്‍ക്കു ശേഷം കൊച്ചിയില്‍ ഇറങ്ങിയതിനെപ്പറ്റി വന്ന വാര്‍ത്തകള്‍ക്കും യാഥാര്‍ഥ്യത്തിനും തമ്മില്‍ പതിവുപോലെ കുറച്ച് അകലമുണ്ട്.
ജിദ്ദിയില്‍ നിന്ന് പറന്നുയര്‍ന്ന് അല്‍പ്പനേരത്തിനു ശേഷം, വിമാനത്തിന്റെ ആന്റിസ്‌കിഡ് സംവിധാനത്തിന് തകരാറുണ്ട് എന്നറിയിക്കുന്ന കോക്പിറ്റിലെ ലൈറ്റ് കത്തിയതാണ് സംഭവങ്ങളുടെ തുടക്കം. വിമാനത്തിന്റെ ചക്രങ്ങളുടെ വേഗം വിമാനത്തിന്റെ വേഗവുമായി പൊരുത്തപ്പെടാതെ, വിമാനം സ്‌കിഡ് ചെയ്യുന്നതു തടയുന്നതിനുള്ള സംവിധാനമാണിത്. ബ്രേക്കുകളുടെ പ്രവര്‍ത്തനവുമായും ഇതിന് ബന്ധമുണ്ട്.
എന്തായാലും, അല്‍പ്പനേരം കഴിഞ്ഞ് ജിദ്ദയിലെ എടിസിയില്‍നിന്ന് ഒരു സന്ദേശം ലഭിച്ചു ടേക്കോഫ് ചെയ്ത റണ്‍വേയില്‍ റബറിന്റെ കഷണങ്ങള്‍ കാണുന്നുണ്ട്. വിമാനം ജിദ്ദയില്‍നിന്ന് ടേക്കോഫ് ചെയ്യുമ്പോള്‍ ടയര്‍ റണ്‍വേയില്‍ അമിതമായി ഉരഞ്ഞ് പൊഴിഞ്ഞു വീണ കഷണങ്ങള്‍. എന്തായാലും കോഴിക്കോട് ലക്ഷ്യമാക്കി 35,000 അടി പൊക്കത്തില്‍ പറക്കുന്നതിനിടെ, വിമാനത്തിന്റെ ചിറകിലെയും വാലിലെയും ഇളകുന്ന ഭാഗങ്ങളുടെയുള്‍പ്പെടെയുള്ള പലതിന്റെയും ചലനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സംവിധാനം നേരാംവണ്ണം പ്രവര്‍ത്തിക്കുന്നില്ല എന്ന സൂചനയും കിട്ടി. ലാന്‍ഡിങ് കൃത്യമാക്കുന്ന, വിലുകള്‍ താഴേക്കിറങ്ങുന്നതും ലോക്കു ചെയ്യുന്നതും സാധ്യമാക്കുന്ന, ലാന്‍ഡിങ്ങില്‍ വിമാനം ഓടി നില്‍ക്കുന്ന ദുരം കുറയ്ക്കുന്ന ഈ സംവിധാനത്തിന് തകരാറുണ്ടായേക്കാമെന്ന സുചനയും വന്നതോടെ, വിമാനം കോഴിക്കോട്ടേക്ക് പോകേണ്ടതില്ല എന്ന് പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. ഓട്ടം നിയന്ത്രിക്കാനാകാതെ വന്നാല്‍ അവിടെ റണ്‍വേയില്‍ നിന്ന് താഴേക്ക് ഓടിയിറങ്ങി അപകടമുണ്ടായാലോ എന്ന പേടി. കോഴിക്കോടിന് വളരെ മുമ്പു തന്നെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാന്‍ തീരുമാനിക്കുകയും അക്കാര്യം കോഴിക്കോടും കൊച്ചിയിലും അറിയിക്കുകയും ചെയ്തു. അങ്ങിനെ വൈകുന്നേരം ആറരയോടെ കൊച്ചിക്കു മീതേ എത്തിയ വിമാനം, സുരക്ഷയ്ക്കായി ഒരു കാര്യം കൂടി ചെയ്തു.
ചക്രങ്ങള്‍ താഴേക്കിറക്കാനുള്ള സംവിധാനം പ്രവര്‍ത്തിപ്പിക്കുകയും ചക്രങ്ങളിറങ്ങി എന്ന സൂചന കൃത്യമായി കോക്പിറ്റില്‍ കിട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും ശരിക്കും അതങ്ങിനെ തന്നെ എന്നുറപ്പാക്കാന്‍ എടിസിയോട് പറഞ്ഞ് ഏര്‍പ്പാടാക്കി വിമാനം താഴ്ന്നു പറക്കാന്‍ തീരുമാനിച്ചു
അങ്ങിനെ റണ്‍വേയുടെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടേക്ക് മൂന്നു തവണ അഞ്ഞുറ് അടിയോളം താഴ്ന്നു പറന്ന വിമാനത്തിന്‍െ ടയറുകള്‍ ലാന്‍ഡിങ് ഗിയര്‍ താഴേക്ക് ഇറങ്ങിയിട്ടുണ്ട് എന്ന് കണ്‍ട്രോള്‍ ടവറിലുള്ളവര്‍ നേരില്‍ കണ്ട് ബോധ്യമായി അക്കാര്യം പൈലറ്റുമാരെ അറിയിക്കുകയും ചെയ്തു.
അടുത്ത തവണ ചുറ്റിപ്പറന്നെത്തി, കിഴക്കു നിന്ന് പടിഞ്ഞാറേക്ക് റണ്‍വേ 27 ല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡു ചെയ്യുകയും ചെയ്തു.
കോക്പിറ്റിലെ ആപല്‍സൂചനാ ലൈറ്റുകള്‍ സൂചിപ്പിച്ചതു പോലെ ഹൈഡ്രോളിക് സംവിധാനത്തിനും ആന്റി സ്‌കിഡ് സംവിധാനത്തിനും കാര്യമായ കുഴപ്പമൊന്നുമില്ലായിരുന്നു എന്നര്‍ഥം.
ഇത്രയുമാണ് സംഭവിച്ച കാര്യങ്ങളുടെ ചുരുക്കം.
സംഭവിക്കാത്ത കാര്യങ്ങള്‍ ഇത്രയുമാണ്:
വിമാനം ഒരു തവണ കോഴിക്കോട്ട് ഇറക്കാന്‍ നോക്കിയില്ല.
വിമാനം മൂന്നു തവണ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടില്ല.






