Sorry, you need to enable JavaScript to visit this website.

രോഗികൾക്കുമുണ്ട്, അവകാശങ്ങൾ

രോഗികൾ മരിക്കുമ്പോൾ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെ ഡോക്ടർമാർക്കെതിരായ അക്രമങ്ങൾ സംസ്ഥാനത്തു വർദ്ധിച്ചുവരുകയാണ്. തിരുവനന്തപുരത്ത് വനിതാഡോക്ടറുട വയറ്റിൽ മരിച്ച രോഗിയുടെ ഭർത്താവ് ചവിട്ടിയതാണ് അവസാന സംഭവം. അതിന്റെ ആഘാതത്തിൽ താൻ ഈ പ്രൊഫഷൻ തന്നെ ഉപേക്ഷിക്കാനും കേരളം വിടാനും ആലോചിക്കുന്നു എന്നു ഒരു ഡോക്ടർ പറയുകയുണ്ടായി. സംഭവത്തിൽ  കേരളീയജനത നിസ്സംഗരായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാകുന്നില്ല എന്ന് ഐ എം എ പ്രസിഡന്റ് ഡോ. സുൾഫി പ്രതികരിച്ചു. ഇത്തരം അക്രമങ്ങളെ നേരിടുന്നതിനും തടയുന്നതിനും ശക്തമായ നിയമനിർമ്മാണം നടത്താൻ സർക്കാർ ആലോചിക്കുന്നതായും വാർത്തയുണ്ട്.
ഒരു സംശയവുമില്ല, വർധിച്ചുവരുന്ന ഇത്തരം അതിക്രമങ്ങൾ അവസാനിപ്പിക്കുക തന്നെവേണം. അതിനു നിയമനിർമ്മാണം അനിവാര്യമെങ്കിൽ അതുതന്നെ വേണം. ഏതുമേഖലയിലുമെന്നപോലെ സുരക്ഷിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാനുള്ള ഡോക്ടർമാരുടെ അവകാശം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. 
അതുപൂർണ്ണമായി അംഗീകരിച്ചുതന്നെ പറയട്ടെ, രോഗികളുടെ അവകാശങ്ങളും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. പ്രത്യേകിച്ച് രോഗികൾ അസംഘടിതരും ദുർബ്ബലരുമായ സാഹചര്യത്തിൽ. ഇതേസമയത്തുതന്നെയാണ് അക്കാര്യവും ചർച്ച ചെയ്യേണ്ടത്. 
എന്തുകൊണ്ട് കേരളജനത ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ നിസ്സംഗരായിരിക്കുന്നു, എന്തുകൊണ്് അത്തരമൊരു പൊതുബോധം നിലനിൽക്കുന്നു എന്ന ഡോക്ടർ സുൾഫിയുടെ ചോദ്യം തന്നെയാണ് ഏറ്റവും പ്രസക്തം. ഡോക്ടർമാർക്കെതിരെ മാത്രമല്ല, സർക്കാർ ജീവനക്കാർ, മാധ്യമ ജീവനക്കാർ, പോലീസ് തുടങ്ങി പല വിഭാഗങ്ങൾക്കെതിരേയും ഒരു പൊതുബോധം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട് എന്നതാണ് വസ്തുത. കാരണം പ്രകടമാണ്. ഈ വിഭാഗങ്ങളിൽ നിന്നെല്ലാം മോശപ്പെട്ട അനുഭവങ്ങൾ നേരിട്ടിട്ടുള്ള നിരവധി പേർ കേരളത്തിലുണ്ട്. തങ്ങൾക്കല്ലെങ്കിൽ നേരിലറിയുന്ന മറ്റു പലർക്കും. അതുമല്ലെങ്കിൽ അത്തരം നിരവധി സംഭവങ്ങൾ മാധ്യമങ്ങളിലൂടെ അവരറിയുന്നു. അതാണ് ഈ പൊതുബോധത്തിനു കാരണം. 
യാതൊരുവിധ എത്തിക്‌സുമില്ലാത്ത, കഴുത്തറപ്പൻ കച്ചവടത്തിന്റെ മേഖലയായി ഇന്നു കേരളത്തിലെ ആരോഗ്യമേഖല മാറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് ഡോക്ടർമാരാണ്. അവർ വഴിയല്ലാതെ അവിടെ ഒന്നും നടക്കില്ല. രോഗികളുടെ മുന്നിൽ 'കാണപ്പെട്ട ദൈവങ്ങളാ' ണ് ഡോക്ടർമാർ. ഒരു അന്ധവിശ്വാസിയെ പോലെയാണ് അവർ ഡോക്ടർമാരെ കാണുന്നത്. പല ഡോക്ടർമാരുമാകട്ടെ മരുന്നു നിർമ്മാതാക്കളുടേയും ചികിത്സോപകരണ നിർമ്മാതാക്കളുടേയും ഏജന്റുമാരെപോലെയാണ് പ്രവർത്തിക്കുന്നത്. സംശയമുള്ളവർക്ക് സുഹൃത്തുക്കളായ മെഡിക്കൽ റപ്രസന്ററ്റീവുമാരോട് ചോദിച്ചാലറിയാവുന്നതാണ്. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാർക്ക് ക്വാട്ട പോലും നൽകുന്നുണ്ടെന്നത് പരസ്യമാണല്ലോ.
തുടക്കത്തിൽ പറഞ്ഞ പോലെ ഡോക്ടർമാരിൽനിന്ന് തിക്താനുഭവങ്ങൾ നേരിട്ടവർ ആയിരങ്ങളാണ്. ഈ ലേഖകന്റെ ഏതാനും അനുഭവങ്ങൾ സൂചിപ്പിക്കാം.  ഒരിക്കൽ സുഹൃത്ത് എന്റെ വീട്ടിൽ വെച്ച് വീണ് ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ എക്‌സ്‌റേ എടുത്ത് ചെറിയ ഒരു ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. ഓപ്പറേഷൻ തിയേറ്ററിലേക്കു കൊണ്ടുപോകുമ്പോൾ പൊതുപ്രവർത്തകനും സുഹൃത്തുമായ മറ്റൊരു ഡോക്ടറെ കാണുന്നു. അദ്ദേഹം  എക്സ്റേ നോക്കുന്നു. 
ഇപ്പോൾ വരാമെന്നു പറഞ്ഞ് മറ്റെ ഡോക്റുടെ അടുത്തുപോകുന്നു. ഓപ്പറേഷൻ ഒഴിവാകുന്നു. മറ്റൊന്നു മകൾക്ക് വയറുവേദന. ഡോക്ടറെ കാണുന്നു. പിറ്റേന്നു വന്ന് കുറെ ടെസ്റ്റുകൾ നടത്താൻ  എഴുതുന്നു. ഭാഗ്യവശാൽ മുമ്പ് പാരലൽ കോളേജിൽ പഠിപ്പിച്ച, ഇപ്പോൾ അവിടത്തെ നഴ്സിനെ കാണുന്നു. ഇതൊക്കെ ഇവിടത്തെ സ്ഥിരം പരിപാടിയാണ്, പൈസക്കുവേണ്ടി മാത്രം ചെയ്യുന്ന ടെസ്റ്റുകളാണ്, മാഷ് എടുക്കേണ്ട എന്നവർ പറഞ്ഞതിനാൽ ഒഴിവാക്കി. വയറുവേദന അതിന്റെ വഴിക്കുപോയി. മദർ ഇൻ ലോയുടെ വിരൽ മുറിക്കണമെന്നു ഒരു ഡോക്ടർ പറഞ്ഞ്, മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ ഒഴിവായി. 
ഇപ്പോൾ ഒരു പ്രശ്നവുമില്ല. സുഹൃത്തിന് ബൈക്ക് ആക്സിഡന്റ് പറ്റി, ഓപ്പറേഷൻ വേണമെന്നു ഒരു ഡോക്ടർ പറഞ്ഞിട്ടും അതുതന്നെ സംഭവിച്ചു. ഇനിയുമുണ്ട് ഇത്തരം നിരവധി അനുഭവങ്ങൾ. കുറെകാലം പത്രത്തിൽ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ പല സംഭവങ്ങളും അറിഞ്ഞിരുന്നു. മിക്കതും പണം കൊടുത്തും മറ്റും ഒത്തുതീർപ്പാക്കുന്നതും കണ്ടു.  തൃശൂരിൽ അടുത്ത കാലത്ത് രണ്ടു പ്രമുഖ സാമൂഹ്യപ്രവർത്തകരെങ്കിലും മരിച്ചത് അനാവശ്യ ചികിത്സയുടെ ഫലമായായിരുന്നു എന്നു പലർക്കുമറിയാം. 
ഇക്കാലത്ത് മിക്കവരും ഡോക്ടർമാരാകുന്നത് വൻതുക ചിലവഴിച്ചാണ്. അതു തിരിച്ചുപിടിക്കുന്നത് ജനങ്ങളുടെ ജീവനും പണവും കൊണ്ട് കളിച്ചാണ്. ഈ അനുഭവങ്ങളെല്ലാം ഉള്ളതിനാലാണ് കേരളത്തിന്റെ പൊതുമനസ്സാക്ഷി ഈ വിഷയത്തിൽ ഐ എം എ പറയുന്നത് ന്യായമായിട്ടും നിശബ്ദമായിരിക്കുന്നത്. ഒരു സ്വയം ചികിത്സയാണ് വാസ്തവത്തിൽ ഐ എം എ ഇപ്പോൾ ചെയ്യേണ്ടത്.  ചികിത്സയെ കുറിച്ച് പരാതിയുണ്ടെങ്കിൽ നിയമനപടി സ്വീകരിക്കാമല്ലോ എന്ന ഡോ. സുൾഫിയുടെ ചോദ്യം ശരിയാണ്. പക്ഷെ  ഡോക്ടർക്കു വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുക വേറെ ഡോക്ടറായരിക്കും. ഒരു പോലീസ് മറ്റൊരു പോലീസിനെതിരെ റിപ്പോർട്ട് എഴുതില്ല എന്നതുപോലെ ഡോക്ടറും അതു ചെയ്യുമോ? ഇതേകുറിച്ചൊന്നും അറിയാത്ത കോടതി വിധി പറയുക ആ റിപ്പോർടിനെ ആശ്രയിച്ചും. 
ഈ രീതി മാറാതെ രോഗികൾക്ക് കോടതിയിൽനിന്നു നീതി ലഭിക്കുമെന്നു വിശ്വസിക്കാനാവില്ല. കൂടാതെ  സംഭവമുണ്ടാകുമ്പോഴേക്കും  ഡോക്ടർക്ക് വീഴ്ചയില്ല എന്നു പറഞ്ഞ് രംഗത്തിറങ്ങുന്ന സ്ഥിരം പരിപാടി ഐ എം എ അവസാനിപ്പിക്കുകയും വേണം. 
രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെയല്ലേ മറുപടി? രോഗിക്ക് വായിച്ചാൽ മനസ്സിലാകുന്ന രീതിയിൽ മരുന്നുകളുടെ പേരുപോലും എഴുതാൻ ഡോക്ടർമാർ തയ്യാറല്ല എന്നതാണ് യാഥാർത്ഥ്യം. ബില്ലുകൾ പോലും പലപ്പോഴും ലഭിക്കില്ല. 
ചികിത്സാനിരക്കുകളിൽ ഏകീകരണമില്ല. ആരോഗ്യം മൗലികാവകാശവും മനുഷ്യാവകാശവുമായി ഇന്ത്യൻ ഭരണഘടനയും അന്താരാഷ്ട്ര ഉടമ്പടികളും അംഗീകരിച്ചിട്ടുണ്ട്. അതിനാൽതന്നെ രോഗിയുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് സേവനദാതാക്കളായ ആശുപത്രി മാനേജ്മെന്റുകളുടേയും ഡോക്ടറും നഴ്സുമാരുമടങ്ങുന്ന സ്റ്റാഫിന്റേയും ഉത്തരവാദിത്തമാണ്.  പക്ഷെ രോഗങ്ങളെകുറിച്ചും ചികിത്സകളെ കുറിച്ചും കാര്യമായി അറിയാത്തതിനാൽ വെറും ഗിനിപ്പന്നികളായി മാറേണ്ട അവസ്ഥയാണ് ഇന്നു രോഗികളുടത്.  
പ്രതിഷേധിക്കാനോ പ്രതികരിക്കാനോ അഭിപ്രായം പറയാനോ പോലും ഒരു സാധ്യതയുമില്ല.  ഇത്തരമൊരു സാഹചര്യത്തിലാണ്  അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത്. രോഗികളുടെ അവകാശങ്ങൾ അംഗീകരിച്ച് ചികിത്സിച്ചാൽ മാത്രം മതി, അവ പൂർണ്ണമായും ഒഴിവാക്കപ്പെടുമെന്നുറപ്പ്. സർക്കാർ കൊണ്ടുവരുന്ന നിയമങ്ങളേക്കാൾ ഗുണം ചെയ്യുക അതാണ്. 

Latest News