Sorry, you need to enable JavaScript to visit this website.

വിമാനത്തിനകത്ത് ഭീതിയുടെ നിമിഷങ്ങള്‍; എയര്‍പോര്‍ട്ടില്‍ ഉദ്വേഗത്തിന്റെ 50 മിനിറ്റ്

കൊച്ചി- വിമാനത്താവളത്തിലും 50 മിനിറ്റ് നീണ്ട ഉദ്വേഗത്തിനൊടുവിലാണ് സ്‌പൈസ് ജെറ്റിന്റെ ജിദ്ദ- കോഴിക്കോട് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്. യാത്രക്കാര്‍ ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു വിമാനത്തിനകത്തും.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 6.29 ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ പൂര്‍ണ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഏത് സാഹചര്യവും നേരിടാന്‍ ആംബുലന്‍സുകളും ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും സജ്ജമായി. തൊട്ടടുത്ത ആശുപത്രികളിലേക്ക് വിവരം കൈമാറി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് ഉദ്വേഗത്തിന്റെ മുള്‍മുനയിലായിരുന്നു ഓരോ നിമിഷവും.  അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 50 മിനിട്ട് പിന്നിട്ട ശേഷം 7.19 ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ കഴിഞ്ഞതോടെയാണ് ആശങ്കകള്‍ ആശ്വാസത്തിന് വഴി മാറിയത്.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ വിവരം വിമാനത്തിനകത്ത് യാത്രക്കാരെ അറിയിച്ചിരുന്നു.
കോഴിക്കോട് വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രണ്ടു വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം കോഴിക്കോടേക്കും കൊച്ചിയിലേക്കും പറക്കുന്ന സാഹചര്യമുണ്ടായി. കോഴിക്കോട് ലാന്‍ഡ് ചെയ്യാനാവില്ലെന്നു വ്യക്തമായതോടെ കൊച്ചിയിലേക്കു പറത്തിയ വിമാനം ഇവിടെ മൂന്നു തവണ ലാന്‍ഡു ചെയ്യാന്‍ ശ്രമം നടത്തിയ ശേഷം നാലാമതു നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്.
എട്ടര വരെയുള്ള സമയത്തേക്ക് വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7.19നു വിമാനം സുരക്ഷിതമായി ഇറക്കിയതോടെ അടിയന്തരാവസ്ഥ പിന്‍വലിക്കുകയായിരുന്നു. കോഴിക്കോടേക്കു പോകേണ്ട യാത്രക്കാരെ ദുബായില്‍ നിന്നെത്തുന്ന എസ്ജി 17 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുമെന്നു സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

വൈകിട്ട് 6.26ന് കോഴിക്കോട് ഇറങ്ങേണ്ടസ്‌പൈസ് ജെറ്റിന്റെ വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കേണ്ടി വന്നത്.
ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ വിമാനത്താവളം സര്‍വ സജ്ജമാക്കിയിരുന്നതായി സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. വിമാനം സുരക്ഷിതമായി ഇറങ്ങിയതോടെ റണ്‍വേ പരിശോധനകള്‍ക്കു ശേഷം സാധാരണ ഗതിയിലേക്കു മാറിയതായും അദ്ദേഹം അറിയിച്ചു.

 

 

Latest News