അബ്ദുറഹിമാന്റെ പേര് അബ്ദുറഹിമാൻ എന്നാണ്, അതിനാൽ അയാൾ തീവ്രവാദിയാണ്. ഈ യുക്തി ഉപയോഗിക്കുമ്പോൾ അഹമ്മദ് ദേവർകോവിലും മുഹമ്മദ് റിയാസും തീവ്രവാദികൾ തന്നെ. എം.എം ഹസൻ മുതൽ ജെബി മേത്തർ വരെയുള്ളവരേയും ഈ ഗണത്തിൽപെടുത്താം. അബ്ദുള്ളക്കുട്ടിയും മുക്താർ അബ്ബാസ് നഖ്വിയും അകറ്റിനിർത്തേണ്ടവർ തന്നെയാണ്. ഇത് ഫാദർ ഡിക്രൂസിന്റെ മാത്രം അഭിപ്രായമോ നിലപാടോ മനോഭാവമോ അല്ല. വെറുമൊരു നാക്കുപിഴയുമല്ല.
സോറി പറഞ്ഞാലെന്ത്, നിങ്ങളുടെ മനസ്സ് മാറുമോ... ഈ ഇടത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ ചിത്രീകരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുമോ... മണിപ്പാൽ സർവകലാശാലയിലെ ആ മുസ്ലിം വിദ്യാർഥി ഹൃദയവേദനയോടെ സ്വന്തം അധ്യാപകന് നേരെ തൊടുത്ത ചോദ്യം പതിക്കുന്നത് ഫാദർ ഡിക്രൂസുമാരുടെ നെഞ്ചിൽകൂടിയാണ്. ഒരു ജനവിഭാഗത്തെ മുഴുവൻ തീവ്രവാദികളും ഭീകരവാദികളുമാക്കി ചിത്രീകരിച്ച് അകറ്റിനിർത്താനും രണ്ടാം തരം പൗരന്മാരാക്കി മാറ്റാനുമുള്ള നിഗൂഢവും കുത്സിതവുമായ സംഘ്പരിവാർ ശ്രമത്തിന്റെ ഉച്ചഭാഷിണി മാത്രമാണ് വെള്ളക്കുപ്പായമിട്ട ഈ പാതിരി.
നിർലജ്ജവും രാജ്യദ്രോഹപരവുമായ ഈ വാക്കുകളോട് മതേതര കേരളം സ്വീകരിച്ച മൃദുസമീപനം നടുക്കുന്നതാണ്. കേരളം എത്രയോ മാറിയിരിക്കുന്നു എന്ന് ഒന്നാന്തരമായി തെളിഞ്ഞുവരുന്നുണ്ട് ഇവിടെ. രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾക്ക് ഉറപ്പോ ബലമോ ഇല്ല. സാംസ്കാരിക ലോകം ഉറക്കത്തിലാണ്. അല്ലെങ്കിൽ കിട്ടാവുന്ന അപ്പക്കഷ്ണങ്ങൾക്കായി അവർ കാത്തിരിക്കുന്നു. മാധ്യമങ്ങളാവട്ടെ, അർഥഗർഭമായ മൗനത്തിലാണ്. വലിയൊരു വാർത്താപ്രാധാന്യമൊന്നും അവർ കാണുന്നില്ല. കൂക്കിവിളികളോ അലറുന്ന സ്വരത്തിലുള്ള ചോദ്യങ്ങളോ ഇല്ല. ഞങ്ങളുടെയൊക്കെ മനസ്സിലുള്ളത് തുറന്നടിച്ച ഫാദർ ഡിക്രൂസ് എന്ന നിസ്സംഗ മനോഭാവം.
തീവ്രവാദിയെന്ന് വിളിക്കുന്നത് തമാശയാണോ... അതും നവംബർ 26 ന് ഒരു വിദ്യാർഥിയെ കസബെന്ന് വിളിക്കുന്നത്. ഭരണഘടനാ ദിനമായിരുന്നു ആ ദിവസം. നാടെങ്ങും ചർച്ച ചെയ്തിരുന്നത് ഭരണഘടനയിലെ മൂല്യങ്ങളെക്കുറിച്ചും. ആ ദിവസം തന്നെയാണ് മണിപ്പാലിലെ ക്ലാസ്സ് മുറിയിൽ വർഗീയതയിൽ ചാലിച്ച ചോദ്യം മുഴങ്ങിയത്. ഒരു നിമിഷം കൊണ്ട് ഒരാളെ അന്യനാക്കുന്ന മാന്ത്രികവിദ്യയാണത്. ആ വിദ്യാർഥിയെ പിന്തുണക്കാൻ ഒരു ശബ്ദവും അവിടെ ഉയർന്നില്ല. പതുങ്ങിയ ചിരികൾക്കിടയിൽ അതൊരു തമാശയല്ലേ എന്ന ചോദ്യം വ്യക്തമായി കേൾക്കാം. ആ മൊബൈൽ ദൃശ്യങ്ങൾ പകർത്തിയത് ആരാണെന്നറിയില്ല. പക്ഷെ ഇന്ത്യയിലെ മുഴുവൻ മാധ്യമങ്ങൾക്കും കഴിയാത്ത ഒരു പ്രവർത്തനമാണ് ആ കുട്ടി നടത്തിയത്. വർത്തമാന ഇന്ത്യയെന്ന യാഥാർഥ്യത്തെ ഒരു മിനിറ്റിൽ താഴെയുള്ള ഒരു വീഡിയോയിലേക്ക് ചുരുക്കിക്കെട്ടിയ പ്രതിഭാവിലാസം. വിശദീകരണമോ വ്യാഖ്യാനമോ ഇല്ലാതെ തന്നെ ഇന്ത്യൻ മുസ്്ലിമിന്റെ യഥാർഥ അവസ്ഥ ആ ക്ലാസ്മുറിയിലെ ഏതാനും നിമിഷങ്ങളിൽ പ്രതിഫലിച്ചു.
ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കുള്ളിലെ സുരക്ഷിതത്വത്തിൽനിന്നാകാം ആ അധ്യാപകന്റെ നാവിൽനിന്ന് ഭീകരവാദിയെന്ന വാക്ക് വീണത്. എന്നാൽ ഫാദർ ഡിക്രൂസ്, ഇന്ത്യയിലെ ഏറ്റവും സജീവമായ മാധ്യമപ്രവർത്തനം നടക്കുന്ന കേരളത്തിലെ മാധ്യമപ്രവർത്തകർക്കും പൊതുസമൂഹത്തിനും മുന്നിൽനിന്നാണ് ചങ്കുറപ്പോടെ പറഞ്ഞത്, അബ്ദുറഹ്്മാൻ എന്നാണ് പേരെങ്കിൽ നീ തീവ്രവാദി തന്നെയെന്ന്. എന്തൊരു ധൈര്യം, ആത്മവിശ്വാസം. തൊഴിൽസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ എത്രയോ കാലമായി തുടരുന്ന മനോഭാവത്തിന്റെ ബീഭത്സമായ അവതരണം.
ഫാദർ ഡിക്രൂസ് ഒറ്റപ്പെട്ട പ്രതിഭാസമൊന്നുമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ നമ്മുടെ തെരഞ്ഞെടുപ്പ് പ്രചാരണരംഗം മാത്രമെടുത്തുനോക്കിയാൽ ഇത്തരം അസംഖ്യം പരാമർശങ്ങൾ കാണാം. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് യോഗി ആദിത്യനാഥ് നടത്തിയ കുപ്രസിദ്ധമായ പരാമർശം ഓർമയില്ലേ... ഉച്ചഭാഷിണികൾക്ക് മുന്നിൽ മതവിവേചനത്തിന്റെ പുലയാട്ടുവിളികൾ അരങ്ങുതകർത്ത അനേകം സന്ദർഭങ്ങളിലും മൗനം തന്നെയായിരുന്നു നമ്മുടെ മറുപടി. അതുതന്നെയാണ് ഡിക്രൂസുമാരുടെ കൂസലില്ലായ്മയും. ഒരു നിമിഷം പോലും വൈകാതെ, ആ വർഗീയകോമരത്തെ അഴികൾക്കുള്ളിലാക്കാൻ ഇടതുപക്ഷ മതേതര സർക്കാരിനുപോലും കഴിയുന്നില്ല എന്നിടത്താണ് ഹിന്ദുത്വശക്തികളുടെ വിജയം.
ഉത്തരേന്ത്യയിൽ ഇത്തരം വിളികൾ വളരെ സാധാരണമാണെന്ന് അവിടങ്ങളിൽനിന്നുളളവർ സാമൂഹിക മാധ്യമങ്ങളിൽ പറയുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷത്തിനിടയിലും ഈ മനോഭാവത്തിന് സ്ഥാനമുണ്ട് എന്ന് പലവട്ടം തെളിഞ്ഞതാണ്. മലപ്പുറത്തോ, ആവിക്കലോ, കോതിയിലോ ഒക്കെ ജനകീയ സമരങ്ങളുണ്ടായാൽ ഉടൻ തീവ്രവാദ വേരു കണ്ടെത്തുന്നത് മുസ്ലിം ജനസംഖ്യ അവിടങ്ങളിൽ കൂടുതലാണ് എന്നതിനാലാണ്. അത് പറയുന്നതാകട്ടെ, ഇടതുപക്ഷ നേതാക്കളും. യാതൊരു തെളിവുകളുമില്ലാതെ നടത്തുന്ന ഇത്തരം പ്രസ്താവനകൾക്ക് പിന്നിൽ ഒരേയൊരു ലക്ഷ്യം മാത്രമാണുള്ളത്- സമരങ്ങളെ അടിച്ചമർത്താൻ, ആർക്കും ചോദ്യം ചെയ്യാനാവാത്ത ഒരു കാരണം സൃഷ്ടിക്കൽ. ആർ.എസ്.എസ് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സൃഷ്ടിച്ചെടുത്ത വർഗീയ ധ്രുവീകരണം ഇടതുപക്ഷക്കാരെപ്പോലും തീവ്രമായി ബാധിച്ചതിന്റെ സൂചനയാണിത്. മോഡി തെരഞ്ഞെടുപ്പുകൾ വിജയിക്കുന്നതിന്റെ ഗുട്ടൻസ് ഇതല്ലാതെ മറ്റൊന്നുമല്ല.
ഏതു രാഷ്ട്രീയക്കാരിലും മതക്കാരിലും ഇസ്്ലാം ഭീതി വളർത്താൻ സംഘ് പരിവാറിന് കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണിത്. തല്ലിക്കൊല്ലുന്നതിന് മുമ്പ് പട്ടിയെ പേപ്പട്ടിയാക്കുന്ന തന്ത്രമാണിത്. മുസ് ലിം പീഡനങ്ങൾക്ക് മുമ്പിൽ, അവരിത് അർഹിക്കുന്നത് തന്നെ എന്ന ചാപ്പ കുത്തുന്ന തന്ത്രം. അതാണ് ഇസ്ലാമോഫോബിയ. താടി കണ്ടാൽ, തലപ്പാവ് കണ്ടാൽ, പള്ളിയിൽ പോകുന്നത് കണ്ടാൽ, വ്രതമനുഷ്ഠിക്കുന്നത് കണ്ടാൽ, എന്തിന് പേരുകേട്ടാൽപോലും, ഇവൻ തീവ്രവാദിയാണ് എന്ന് ജനം ചിന്തിക്കുന്ന അവസ്ഥ വരണമെന്ന സംഘ് പരിവാര ലക്ഷ്യമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്. പണ്ട് ജാതിവ്യവസ്ഥയുടെ ഇരകളാക്കി ഒരു വിഭാഗത്തെ മാറ്റിയതും ഇതേ തന്ത്രമുപയോഗിച്ചായിരുന്നു.
മണിപ്പാലിലെ ക്ലാസ് മുറിയിൽ രോഷാകുലനായ ആ വിദ്യാർഥി വിവേചനമനുഭവിക്കുന്ന മുഴുവൻ പേരുടേയും പ്രതിനിധിയാണ്. ക്ലാസ് മുറിയിൽ പ്രതിരോധമുയർന്നപ്പോൾ ചകിതനായ അധ്യാപകൻ നീ എന്റെ മകനെപ്പോലെയാണ് എന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നിങ്ങളുടെ മകനെ നിങ്ങൾ ഭീകരനെന്ന് വിളിക്കുമോ എന്ന ചോദ്യത്തിന് അധ്യാപകന് മറുപടി കിട്ടിയില്ല. ആ വിദ്യാർഥി ഒന്നുകൂടി പറഞ്ഞു: എന്റെ പിതാവാണ് ഇങ്ങനെ പറയുന്നതെങ്കിൽ അയാളെ ഞാൻ വേണ്ടെന്ന് വെക്കും. സർ ഇത് തമാശയല്ല... 26/11 തമാശയല്ല. ഇസ്ലാമിക ഭീകരത തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിമെന്ന നിലയിൽ ഇതെല്ലാം എല്ലാ ദിവസവും നേരിടേണ്ടി വരുന്നത് തമാശയല്ല. ഫാദർ ഡിക്രൂസിനോടും പറയാനുള്ളത് ഇത് തന്നെ. ഇതൊന്നും തമാശയല്ല പൊന്നച്ചോ..... ആ ക്ലാസ് മുറിപോലെ നിശബ്ദമാണ് നമ്മുടേയും നാടെന്നത് എന്തുമാത്രം ഭീതിജനകമല്ല?






