ഇന്‍ഡിഗോ ജീവനക്കാര്‍ ലഗേജുകള്‍ വലിച്ചെറിയുന്നു, വൈറലായി വീഡിയോ

ന്യൂദല്‍ഹി- ഇന്‍ഡിഗോ ജീവനക്കാര്‍ വിമാനത്തില്‍നിന്ന് ഇറക്കിയ ബോക്‌സുകള്‍ ട്രെയിലറിലേക്ക് അശ്രദ്ധമായി വലിച്ചെറിയുന്ന  വീഡിയോ വൈറലായി.
നിങ്ങള്‍ എല്ലാ ദിവസവും എല്ലാ ഫ് ളൈറ്റ് ലഗേജുകളും കൈകാര്യം ചെയ്യുന്നത് ഇങ്ങനെ തന്നെയാണോ  അതോ ഇന്നത്തെ പ്രത്യേകതയാണോ എന്നു ചോദിച്ചു കൊണ്ടാണ് ട്രിപ്‌ടോസ് എന്ന ട്വറ്റര്‍ ഹാന്‍ഡിലില്‍നിന്ന് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ബുധനാഴ്ച ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ധാരാളം പേര്‍ കാണുകയും നിരവധി പ്രതികരണങ്ങള്‍ നേടുകയും ചെയ്തു.
അതേസമയം, ഉപഭോക്താക്കളുടെ ലഗേജ് തെറ്റായി കൈകാര്യം ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. വീഡിയോയില്‍ കാണുന്ന ബോക്‌സുകളില്‍ പൊട്ടുന്ന സാധനങ്ങളില്ലെന്നും  വേഗത്തിലുള്ള നീക്കാനാകുന്ന വിധത്തിലാണ് പാക്ക് ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.
വീഡിയോയിലെ ബോക്‌സുകള്‍ ഉപഭോക്താക്കളുടെ ലഗേജുകളല്ലെന്നും കമ്പനി വക്താവ് പറഞ്ഞു.  
എയര്‍ലൈനിന്റെ പ്രതികരണത്തില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തൃപ്തരല്ലെന്നാണ് തുടര്‍ന്നുള്ള കമന്റുകള്‍ വ്യക്തമാക്കുന്നത്.  ഇന്‍ഡിഗോ തങ്ങളുടെ ലഗേജുകള്‍ തെറ്റായി കൈകാര്യം ചെയ്തുവെന്നും ഔദ്യോഗിക പരാതി നല്‍കിയിട്ടും എയര്‍ലൈന്‍ ഒന്നും ചെയ്തില്ലെന്നും നിരവധി പേര്‍ പരാതിപ്പെട്ടു.

 

Latest News