Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ താമസിക്കാന്‍ മുഖ്യമന്ത്രിയും  സംഘവും ചെലവാക്കിയത് 43.14 ലക്ഷം 

ലണ്ടന്‍- ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ആകെ ചെലവാക്കിയത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് പുറത്തുവന്നത്.
ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രയ്ക്കായി 22.38 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മീഷന്‍ കൈപറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ശിവന്‍കുട്ടി, പി രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ പിഎം മുഹമ്മദ് ഹനീഷ് , മുഖ്യമന്ത്രിയുടെ പി എ വി എം സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. വിമാന യാത്ര ഒഴികെയുള്ള ചെലവാണ് പുറത്തുവന്നത്. കൊച്ചി സ്വദേശി എസ് ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.

Latest News