Sorry, you need to enable JavaScript to visit this website.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും പിന്തുണ ലഭിക്കുന്നു, അനീതിക്കെതിരെ വീണ്ടും പൊരുതുമെന്ന് ബില്‍ക്കിസ് ബാനു

ന്യൂദല്‍ഹി- തെറ്റിനെതിരെ ശരിക്കുവേണ്ടി ഇനിയും പോരാടുമെന്ന് ബില്‍ക്കിസ് ബാനു. 2002ലെ കൂട്ടബലാത്സംഗത്തിലും ഏഴുപേരെ കൊലപ്പെടുത്തിയതിലും ഉള്‍പ്പെട്ട 11 കുറ്റവാളികളെ ജയിലില്‍നിന്ന് നേരത്തെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ് ബില്‍ക്കിസ് ബാനു.  
ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട 2002 ലെ ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ 21 വയസ്സായിരുന്ന ബില്‍ക്കിസ് ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അക്രമികള്‍ കൊലപ്പെടുത്തിയ ഏഴ് കുടുംബാംഗങ്ങളില്‍ അവരുടെ മൂന്ന് വയസ്സുള്ള മകളും ഉള്‍പ്പെടുന്നു.ഓഗസ്റ്റ് 15 ന് ഗുജറാത്ത് സര്‍ക്കാര്‍ കുറ്റവാളികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് രണ്ട് ഹരജികളാണ് ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.


വീണ്ടും എഴുന്നേറ്റ് നീതിയുടെ വാതിലുകളില്‍ മുട്ടുക എനിക്ക് എളുപ്പമായിരുന്നില്ല. എന്റെ മുഴുവന്‍ കുടുംബത്തെയും എന്റെ ജീവിതത്തെയും നശിപ്പിച്ച മനുഷ്യരെ മോചിപ്പിച്ചതിനുശേഷം വളരെക്കാലമായി ഞാന്‍ വെറുതെയിരിക്കുകയായിരുന്നു. എന്റെ മക്കള്‍, എന്റെ പെണ്‍മക്കള്‍, എല്ലാറ്റിനുമുപരിയായി, പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ ഞെട്ടലും ഭയവും മൂലം തളര്‍ന്നുപോയി. പക്ഷേ, എന്റെ നിശബ്ദതയുടെ ഇടങ്ങള്‍ മറ്റ് ശബ്ദങ്ങളാല്‍ നിറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയുടെ ശബ്ദങ്ങള്‍ എനിക്ക് സങ്കല്‍പിക്കാനാവാത്ത പ്രതീക്ഷ നല്‍കി.  ഈ പിന്തുണക്ക് എങ്ങനെ നന്ദി പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല.  വാക്കുകളില്‍ അത് പ്രകടിപ്പിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മാനവികതയിലുള്ള  വിശ്വാസം പുനരുജ്ജീവിപ്പിക്കാനും നീതിയില്‍ വീണ്ടും വിശ്വസിക്കാനുള്ള ധൈര്യം പുതുക്കാനും സഹായിച്ചതായി ബില്‍ക്കിസ് ബാനു പറഞ്ഞു. അതിനാല്‍, തെറ്റിനെതിരെ ഞാന്‍ വീണ്ടും പോരാടും. എനിക്കുവേണ്ടി  എന്റെ മക്കള്‍ക്ക് വേണ്ടി, എല്ലായിടത്തുമുള്ള സ്ത്രീകള്‍ക്ക് വേണ്ടി കൂടിയാണ് ഞാന്‍ ഇന്ന് ഇത് ചെയ്യുന്നത്- അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News