Sorry, you need to enable JavaScript to visit this website.

'പേയാട്ടുകാരി' ഇനി അണ്ടലൂരിന്റെ  സ്വന്തം റോസിയായി വളരും

റോസിയെന്ന പൂച്ചക്കുഞ്ഞ് ധീരജിന്റെ അണ്ടലൂരിലെ വീട്ടിൽ
റോസി ധീരജിന്റെ കാറിന്റെ ബോണറ്റിനുള്ളിൽ കയറിയിരിക്കുന്നു.

തലശ്ശേരി- തിരുവനന്തപുരം പേയാട് നിന്ന് ആരുമറിയാതെ കാറിൽ കയറിക്കൂടിയ രണ്ടുമാസം പ്രായക്കാരിയായ റോസി താണ്ടിയത് 450 കിലോമീറ്റർ. പേയാട് തച്ചോട്ടുകാവിലെ 'നന്ദനം' എന്ന വീട്ടിൽനിന്ന് കാർ യാത്ര പുറപ്പെട്ടത് കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് അഞ്ചരക്ക്. ദേശീയപാതയിലെ കുരുക്കും തടസ്സങ്ങളും താണ്ടി തലശ്ശേരിക്ക് സമീപം അണ്ടലൂരിലെത്തിയപ്പോൾ സമയം രാത്രി എട്ട് മണി. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അണ്ടലൂരിലെ ദേവധ്വനിയിൽ ധീരജ് പിറ്റേ ദിവസം സുഹൃത്തിന്റെ ഗൃഹ പ്രവേശനത്തിനും കാർ എടുത്ത് തന്നെ പോയി. തുടർന്ന് ചൊവ്വാഴ്ച കാലത്ത് ധർമടം അണ്ടലൂരിലെ വീട്ടിലെത്തിയതിന്റെ രണ്ടാം നാൾ. കാർ പരിശോധിച്ച ഉടമ ശരിക്കും അമ്പരന്നു. ദേ ഇരിക്കുന്നു, നന്ദനത്തിലെ വളർത്തുപൂച്ച രണ്ട് മാസം പ്രായക്കാരി റോസി വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞുപൂച്ച ബോണറ്റിനടിയിൽ കയറി ഒളിച്ച് യാത്ര ചെയ്തത് 450-ഓളം കിലോ മീറ്ററുകൾ. ചൂട് സഹിച്ച് ബോണറ്റിനടിയിൽ കഴിച്ചുകൂട്ടിയത് രണ്ട് നാളുകൾ.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)

പുതിയ കാർ വാങ്ങിയ സന്തോഷത്തിലാണ് അണ്ടലൂർ ക്ഷേത്രപരിസരത്തെ ധീരജ് കുടുംബത്തോടൊപ്പം സഹോദരി ദിവ്യയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് യാത്ര പുറപ്പെട്ടത്. ദിവ്യയുടെ നന്ദനം എന്ന വീട്ടിലെ അരുമയാണ് റോസി എന്ന് പേരുള്ള കുഞ്ഞുപൂച്ച. എവിടെ നിന്നോ കയറിവന്ന പൂച്ചക്കുഞ്ഞിനെ വീട്ടുകാർ എടുത്ത് പോറ്റുകയായിരുന്നു. പിന്നീട് കുടുംബത്തിലെ ഒരംഗത്തപോലെ വീട്ടുകാർ പൂച്ചക്കുഞ്ഞിനെ പരിപാലിച്ചു. ഇതിനിടെ വലിയൊരു പൂച്ചയുടെ അക്രമത്തിൽ പരിക്ക് പറ്റിയ റോസിയുടെ കഴുത്തിൽ ഗൃഹനാഥ ദിവ്യ   മഞ്ഞളൊക്കെ പുരട്ടി കൊടുത്തിരുന്നു. പിന്നീട് രണ്ടു ദിവസത്തേക്ക് പൂച്ചയെങ്ങോട്ടോ ഓടി മറഞ്ഞു. ധീരജും കുടുംബവും നാട്ടിലേക്ക് മടങ്ങാനിരിക്കെ ശനിയാഴ്ച രാത്രി റോസി ധീരജിന്റെ കാറിന് സമീപം പൊടുന്നനെ കണ്ടെത്തി. പിറ്റേന്ന് പുലർച്ചെ മുതൽ റോസി വീണ്ടും മിസ്സിംഗായി. അരുമയായി വളർത്തുന്ന പൂച്ചയെ വീണ്ടും കാണാതായതോടെ ദിവ്യയും ആർമിയിൽനിന്ന് വിരമിച്ച കണ്ണൂർ പൊതുവാച്ചേരിക്കാരനായ ഭർത്താവ് അനിലും ആകെ വിഷമിച്ച് നിൽകുമ്പോഴാണ് ആ വാർത്തയെത്തിയത.് റോസി സുരക്ഷിതമായി തന്റെ സഹോദരന്റെ വീട്ടിലെത്തിയെന്ന്.
ബോണറ്റിന്റെ ഉള്ളിൽ ഒളിച്ചുകയറിയാണ് പൂച്ചക്കുഞ്ഞ് ഇത്രയും ദൂരം യാത്ര ചെയ്തത്. റോസിയെ കാറിൽ കണ്ടെത്തിയതിന്റെ കൗതുകവും ആഹ്ലാദവും ധീരജും കുടുംബവും സഹോദരിയുടെ കുടുംബവുമായി വീഡിയോ കോളിലൂടെ പങ്കിട്ടു. അണ്ടലൂരിലെ വീട്ടിലെത്തിയിട്ടും കാറിന്റെ ബോണറ്റ് ചുറ്റിപ്പറ്റിയാണ് റോസിയുടെ ഇരിപ്പും നടപ്പും. എന്തായാലും കിലോമീറ്ററുകൾ ഒപ്പംകൂടിയ 'പേയാട്ടുകാരി'യെ ഇനി അണ്ടലൂരിന്റെ സ്വന്തം റോസിയായി വളർത്താനാണ് ധീരജിന്റേയും കുടുംബത്തിന്റെയും തീരുമാനം.

Latest News