Sorry, you need to enable JavaScript to visit this website.

ലോകകപ്പിലെ കരീംഗ്രഫി

ദോഹയിൽനിന്ന് വഹീദ് സമാൻ

ദോഹ- ഖത്തറിൽ ലോകകപ്പ് ആവേശത്തിന് ഫൈനൽ വിസിൽ മുഴങ്ങിയാലും ഈ നഗരത്തിലും മത്സരം കാണാനെത്തിയവരുടെ മനസ്സിലും മായാത്ത മുദ്രകളായി ചില അടയാളങ്ങൾ ബാക്കിയാകും. ഒരിന്ത്യക്കാരൻ തീർത്ത ദൃശ്യവിരുന്ന് കാൽപ്പന്തുരുളുന്ന കാലത്തോളമുണ്ടാകും. ഈ വിസ്മയങ്ങൾക്ക് പിന്നിൽ ഒരു മലയാളിയാണ് എന്നത് കേരളത്തിനും അഭിമാനനിമിഷങ്ങൾ സമ്മാനിക്കും. അറിയപ്പെടുന്ന കലിഗ്രഫി കലാകരാൻ കരീംഗ്രഫിയാണ് ഖത്തർ ഫുട്‌ബോളിന് വേറിട്ട ഓർമയൊരുക്കുന്നത്. സൗദിയിലും യു.എ.ഇയിലും പ്രവാസ ജീവിതം നയിച്ച ശേഷം പത്തുവർഷം മുമ്പ് ഖത്തറിലെത്തിയ കരീംഗ്രഫിക്ക് ഇതൊരു ചരിത്രനിയോഗം കൂടിയാണ്. ലോകകപ്പ് ഫുട്ബോളിന്റെ ഖത്തർ സുപ്രീം കമ്മിറ്റി വഴി ഫിഫ നേരിട്ടാണ് ഈ കലാരൂപത്തിന് പിന്തുണ നൽകുന്നത് എന്നതും ഏറെ ശ്രദ്ധേയം. 
മനുഷ്യരുടെ അടക്കിപ്പിടിച്ച പ്രതിഷേധങ്ങളുടെ പൊട്ടിത്തെറിക്കുന്ന കലാരൂപം എന്നാണ് ഗ്രഫിറ്റിയെ പൊതുവെ വിലയിരുത്താറുള്ളത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ചുവരുകളിലും മറ്റും കലാകാരൻമാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത് ഗ്രഫിറ്റിയിലൂടെയാണ്. എന്നാൽ, ഖത്തർ ലോകകപ്പിൽ ഗ്രഫിറ്റിക്ക് മറ്റൊരു രൂപമാണ്. അത് ഫുട്ബോളിനോടുള്ള മനുഷ്യരുടെ സ്നേഹത്തിന്റെ അടയാളപ്പെടുത്തലായി ചേർത്തുവെക്കുന്നു.


ഈ അർഥത്തിലാണ് കരീംഗ്രഫിയുടെ ഗ്രഫിറ്റി ശ്രദ്ധയാകർഷിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നവരെ ഫുട്‌ബോളിനോളം ഈ കലാരൂപങ്ങളും ആകർഷിക്കുന്നു. ദോഹ കോർണിഷിൽ ഒരുക്കിയ കലാരൂപമാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. അറബ് അക്ഷരങ്ങളുടെ മനോഹാരിതയിൽ ഊന്നിയുള്ള പ്രൊജക്ടായിരുന്നു അടുത്തത്. അറബി അക്ഷരങ്ങൾക്ക് മറ്റു ഭാഷകൾക്കില്ലാത്ത ഭംഗിയുണ്ട്. അത് കൃത്യമായി വിന്യസിച്ചാൽ അതീവഭംഗിയുള്ള ചിത്രം ലഭിക്കുമെന്ന് കരീമിന് അറിയാം. ഈ ഇൻസ്റ്റലേഷൻ ഇതോടകം നിരവധി പേരെ ആകർഷിച്ചു. 
അഞ്ചോളം വർക്കുകളാണ് ഇതോടകം കരീംഗ്രഫി ചെയ്തത്. വെയ്ൽസ്-ഇറാൻ കളിയെ പറ്റിയുള്ള ഗ്രഫിറ്റിയായിരുന്നു ഇതിൽ ഒന്നാമത്തേത്. ഉമ്മു സലാൽ മരുഭൂമിയിലെ ചുവരിൽ തീർത്ത ഈ ഗ്രഫിറ്റി ഫിഫ ഒഫീഷ്യലായി ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുരാജ്യങ്ങളുടെയും പതാക ഒരു പക്ഷിയുടെ രണ്ടു ചിറകുകളിലായി വരച്ചുവെച്ചതായിരുന്നു ഇത്. 
ഖത്തറിലേക്ക് ഫുട്ബോൾ ആരാധകരെ സ്വാഗതം ചെയ്യുന്ന ഇർഹബൂ എന്ന ഗ്രഫിറ്റിയായിരുന്നു മറ്റൊന്ന്. മുഴുവൻ മനുഷ്യരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുകയും അറബ് പാരമ്പര്യത്തിന്റെ മഹത്വം ലോകത്തെ അറിയിക്കുകയും ചെയ്യുന്നതായിരുന്നു ഇർഹബൂ. നൗ ഈസ് ഓൾ എന്ന ഇൻസ്റ്റലേഷനും ഏറെ പ്രാധാന്യമുള്ളതായിരുന്നു. അറബ് ഫുട്‌ബോളാവേശത്തിന്റെ കൊടുമുടിയെ കാണിക്കുന്ന ഒന്നാണിത്. അറബ് വേഷമായ തോബ് മടക്കിക്കുത്തി നേരെ ഫുട്‌ബോളിലേക്ക് ചാടിയിറങ്ങുന്ന കുട്ടി ഫുട്‌ബോളിന്റെ മുഴുവൻ ആവേശവും രേഖപ്പെടുത്തുന്നതാണ്. 
ലോകകപ്പ് ഫുട്ബോളിന്റെ തന്നെ ഭാഗമായ 'കത്താറാ' സ്റ്റുഡിയോക്ക് വേണ്ടി ചെയ്ത വർക്ക് ഉടൻ പുറത്തുവരും.
എല്ലാം നമുക്ക് നൽകിയ ഈ രാജ്യത്തിന് എന്ത് തിരിച്ചുകൊടുത്തുവെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഗ്രഫിറ്റിയെന്ന് കരീം പറയുന്നു. കോഴിക്കോട്-മലപ്പുറം ജില്ലയുടെ അതിർത്തിയായ കക്കോവ് സ്വദേശിയാണ് കരീം. കോഴിക്കോട് ദേവർകോവിൽ സ്വദേശി ഫർഹാനും ഈ പ്രൊജക്ടിന് സഹായവുമായി കരീംഗ്രഫിക്കൊപ്പമുണ്ട്. 
ലോകകപ്പ് അവസാനിച്ച് അവസാനത്തെ ആരാധകനും തിരിച്ചുപോകുമ്പോഴും ഖത്തറിൽ ഒരു മലയാളി കലാകാരൻ തീർത്ത കലാവിസ്മയം ബാക്കിയുണ്ടാകും. ഫിഫയുടെ ചരിത്രത്തിലും ഈ മലയാളി രേഖപ്പെടുത്തപ്പെടും.


 

Tags

Latest News