ലെഗിന്‍സ് ധരിച്ച അധ്യാപികക്ക് ശകാരം, മലപ്പുറത്ത് വിവാദം

മലപ്പുറം-  ലെഗിന്‍സ് ധരിച്ച് സ്‌കൂളിലെത്തിയ അധ്യാപികയോട് ഹെഡ്മിസ്ട്രസ് മോശമായി പെരുമാറിയതായി പരാതി. മലപ്പുറം എടപ്പറ്റ സി.കെ.എച്ച്.എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി ക്ലാസ് അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ്മിസ്ട്രസ് റംലത്തിനെതിരെ ഡി.ഇ.ഒ പരാതി നല്‍കിയത്. രാവിലെ ഒപ്പിടാനെത്തിയ തന്നോട് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തെ പറ്റി സംസാരിക്കുകയും കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കാത്തത് താന്‍ ലെഗിന്‍സ് ധരിക്കുന്നതുകൊണ്ടാണെന്ന് ഹെഡ്മിസ്ട്രസ് പറയുകയും ചെയ്തുവെന്നാണ് സരിതയുടെ പരാതി.

'കുട്ടികള്‍ ശരിയായി വസ്ത്രം ധരിക്കുന്നില്ലെന്ന് എങ്ങനെ ഞാനവരോട് പറയും? നിങ്ങള് ഇങ്ങനത്തെ ഒക്കെ വസ്ത്രമിട്ടല്ലേ വരുന്നത്' എന്നാണ് ഹെഡ് മിസ്ട്രസ് ചോദിച്ചത്. 'തമാശയാക്കിയിട്ടേ ഞാനത് എടുത്തുള്ളൂ. ടീച്ചര്‍മാര്‍ക്ക് യൂണിഫോം ഉണ്ടോ ടീച്ചറേ എന്ന് തിരിച്ചും ചോദിച്ചു. നിങ്ങളുടെ പാന്റാണ് പ്രശ്നമെന്നും അതാണ് നിങ്ങളുടെ സംസ്‌കാരമെന്നുമുള്ള ഹെഡ്മിസ്ട്രസിന്റെ മറുപടിയാണ് എന്നെ തളര്‍ത്തിയത്'- സരിത പറയുന്നു

അധ്യാപകര്‍ക്ക് കൃത്യമായി വേഷവിധാനം സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല എന്നിരിക്കെ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നവരോട് ഈ രീതിയില്‍ പറയുന്നത് അവഹേളിക്കലാണെന്നും സരിത പറയുന്നു. സാമാന്യം ഇറക്കമുള്ള ടോപ്പും സ്റ്റോളും ലെഗിന്‍സ്മായിരുന്നു വേഷം. മോശമായിട്ടല്ല, താന്‍ വസ്ത്രം ധരിച്ചത്. അതുകൊണ്ട് തന്നെയാണ് അതേ വേഷത്തില്‍ തന്നെ ഫോട്ടോയെടുത്ത് പരാതിക്കൊപ്പം അയച്ചത്. മാധ്യമങ്ങളില്‍ ഇതേ വസ്ത്രം തന്നെയാണ് ധരിച്ചെത്തിയത്. ജീന്‍സ് ധരിച്ച് വരുന്ന പുരുഷ അധ്യാപകരോട് ഇത്തരത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും സരിത പറയുന്നു.

 

Latest News