യംഗൂണ്‍- മ്യാന്മറിലെ വടക്കന്‍ ഭാഗത്ത് സ്വയംഭരണത്തിനായി പൊരുതുന്ന വംശീയ വിമതരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് സൈനിക പോസ്റ്റുകളും ഒരു കാസിനോയുമാണ് ആക്രമിക്കപ്പെട്ടത്. രാജ്യത്ത് സമാധാനം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണ് വംശീയ പോരാളികള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് റോഹിംഗ്യ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമം തുടരുന്നതിനിടെ കഴിഞ്ഞ ജനുവരി മുതലാണ് വടക്കന്‍ ഭാഗത്ത് സുരക്ഷാ സൈനികരും തീവ്രവാദികളും തമ്മില്‍ പോരാട്ടം ശക്തമായത്. റാഖൈന്‍ മേഖലയില്‍ റോഹിംഗ്യ മുസ്്‌ലിംകള്‍ക്കെതിരെ വംശീയ ഉന്മൂലനത്തിനുശ്രമിച്ചുവെന്ന ആരോപണം നേരിടുകയാണ് മ്യാന്മര്‍ സൈന്യം.
ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടാഗ് നാഷണല്‍ ലിബറേഷന്‍ ആര്‍മി (ടി.എന്‍.എല്‍.എ) ഏറ്റെടുത്തു. വടക്കന്‍ ഭാഗത്ത് കൂടുതല്‍ സ്വയംഭരണം ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളിലൊന്നാണിത്.
മരണസംഖ്യ സര്‍ക്കാരും സൈനിക വൃത്തങ്ങളും സ്ഥിരീകരിച്ചു. വിമതര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനും സര്‍ക്കാര്‍ പിന്തുണയുള്ള സായുധ സംഘത്തിലെ മൂന്ന് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ വക്താവ് സോ ഹട്ടായ് പറഞ്ഞു. 15 പേര്‍ നിരപരാധികളായ സിവിലിയന്മാരാണ്. ഭീകരാക്രമണമാണ് നടന്നതെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചു.
സംയുക്ത സൈനിക പോസറ്റും മിലീഷ്യ പോസ്റ്റുകളുമാണ് ആക്രമിച്ചതെന്ന് ടി.എന്‍.എല്‍.എ വക്താവ് മേജര്‍ മായി ഐക് ക്യാ അവകാശപ്പെട്ടു. തങ്ങളുടെ പ്രദേശത്ത് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമാണിതെന്നും വക്താവ് പറഞ്ഞു. മരിച്ച സിവിലിയന്മാരെ കുറിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് അദ്ദേഹം ചോദ്യം ചെയ്തു.
സിവിലിയന്മാര്‍ കൊല്ലപ്പെട്ടതില്‍ ഖേദം ടി.എന്‍.എല്‍.എ വക്താവ് സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടെ സിവിലിയന്മാര്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞു.