Sorry, you need to enable JavaScript to visit this website.

കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച നടത്തുന്ന സംഘത്തിലെ അഞ്ചു പേര്‍ പിടിയില്‍

പെരിന്തല്‍മണ്ണ-വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കൊണ്ടുപോവുകയായിരുന്ന കാസര്‍കോട് സ്വദേശികളെ ആക്രമിച്ച് സ്വര്‍ണം കവരാന്‍ ശ്രമിച്ച അഞ്ചുപേരെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊപ്പം മുതുതല സ്വദേശി കോരക്കോട്ടില്‍ മുഹമ്മദ് റഷാദ്(30), കൂടല്ലൂര്‍ സ്വദേശി ചോടത്ത് കുഴിയില്‍ അബ്ദുള്‍ അസീസ്(31),
മാറഞ്ചേരി സ്വദേശി കൈപ്പള്ളിയില്‍ മുഹമ്മദ് ബഷീര്‍(40), വെളിയങ്കോട് സ്വദേശി കൊളത്തേരി സാദിക്ക്(27), ചാവക്കാട് മുതുവറ്റൂര്‍ സ്വദേശി കുരിക്കലകത്ത് അല്‍താഫ് ബക്കര്‍(32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 26 ന്, വിദേശത്ത് നിന്നു കോയമ്പത്തൂര്‍ വിമാത്താവളത്തിലിറങ്ങി നാട്ടിലേക്കു വരുന്ന വഴി കാസര്‍കോട് സ്വദേശികള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ ഒരു കിലോഗ്രാം സ്വര്‍ണം കവരാന്‍ രണ്ടു കാറുകളിലായെത്തിയ സംഘം ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇടപെട്ടതോടെ സംഘം കാറില്‍ രക്ഷപ്പെട്ടു. തുടര്‍ന്നു പോലീസ് കാസര്‍കോട് സ്വദേശികളെ കസ്റ്റഡിയിലെടുത്ത് സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇവരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കവര്‍ച്ചാസംഘത്തെ തിരിച്ചറിഞ്ഞത്. മുഖ്യസൂത്രധാരനായ മുഹമ്മദ് റഷാദിന് സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടത്. സംഘം കോയമ്പത്തൂര്‍ വിമാത്താവളം മുതല്‍ കാസര്‍കോട് സ്വദേശികളെ പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ കാപ്പുമുഖത്ത് വച്ചാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്.
മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കൂടുതല്‍ അന്വേഷണത്തിനായി ആവശ്യമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവി അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ എ.എം.യാസിര്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ എം.എസ് രാജേഷ്, ഉദ്യോഗസ്ഥരായ സക്കീര്‍ ഹുസൈന്‍, മുഹമ്മദ് ഷജീര്‍, ഉല്ലാസ്, രാകേഷ്, മിഥുന്‍, ഷഫീഖ് എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 

 

Latest News