Sorry, you need to enable JavaScript to visit this website.

വെള്ളത്തിലെഴുതിയ രേഖ പോലെ സിൽവർ ലൈൻ 

സിൽവർ ലൈൻ വകയിൽ സംസ്ഥാന ഖജനാവിന് നഷ്ടമായതെല്ലാം ആരിൽ നിന്ന് ഈടാക്കും? ഇത് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ധവള പത്രം ഇറക്കുന്നതും സർക്കാരിന് ആലോചിക്കാവുന്നതാണ്.


 കേരളം ഭരിക്കുന്ന മുന്നണിയുടെ അഭിമാന പദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന സിൽവർ ലൈൻ വിസ്മൃതയിലേക്കെന്ന് വ്യക്തമായി. ഫയലുകൾ മടക്കിവെക്കുന്ന തിരക്കിലാണ് സർക്കാർ ഏജൻസികൾ. തന്ത്രപരമായാണ് ഇക്കാര്യത്തിൽ കേരള സർക്കാരിന്റെ പിന്മാറ്റം. സംസ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാനെന്ന ഒറ്റ പ്രതിപക്ഷമേയുള്ളൂവെന്നത് ഈ സാഹചര്യത്തിൽ ഭരണകക്ഷിക്ക് ഒരനുഗ്രഹമായി മാറുകയാണ്. മൂന്നര കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാവണമെന്ന കാര്യമാണല്ലോ പലരും സീരിയസായി ചർച്ച ചെയ്യുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലായിരുന്നു ഈ പദ്ധതിയുടെ ലിറ്റ്മസ് ടെസ്റ്റ്. കൊച്ചി നഗരവാസികൾ  സർക്കാരിനെതിരെ വിധിയെഴുതിയതോടെ ജനത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമായതാണ്. എന്നിട്ടും ഞങ്ങളിതാ ഉപേക്ഷിച്ചില്ലാ എന്നു പറഞ്ഞ് ബഹളം വെക്കുന്നതിലെ കൗശലം ഭയങ്കരം തന്നെ. മാസങ്ങൾക്കപ്പുറം ദൽഹിയിലേക്ക് മുഖ്യമന്ത്രിയും ദൗത്യസംഘവും പ്രധാനമന്ത്രിയെയും റെയിൽ മന്ത്രിയെയും കാണാൻ ചെന്ന അവസരത്തിൽ തന്നെ തീരുമാനമായതായിരുന്നു. കേരള സർക്കാരിന്റെ പ്രചാരണ വിഭാഗം കോടികളാണ് കെ റെയിൽ ബോധവൽക്കരണത്തിന് ചെലവിട്ടത്. ആളുകൾ കൂടുന്നിടത്തെല്ലാം കൂറ്റൻ ഹോഡിംഗുകൾ ഉയർന്നിരുന്നു. നാല് മണിക്കൂർ താഴെ നേരം കൊണ്ട് കാസർകോട്ട് നിന്ന് തിരുവനന്തപുരത്തെത്താം എന്നെഴുതിയ ബോർഡിൽ മുഖ്യമന്ത്രിയുടെ ചിത്രവമുൾപ്പെടുത്തിയിരുന്നു. കേരളത്തിലെ പ്രധാന പോയന്റുകൾക്കൊപ്പം കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാന്റിലും വടകര നാരായണ നഗറിലും ഈ സന്ദേശമുൾപ്പെടുത്തിയ ബോർഡുണ്ടായിരുന്നു. രണ്ടു മൂന്ന് മാസങ്ങൾക്കപ്പുറമാണ് ആരോരുമറിയാതെ ഇതെല്ലാം അപ്രത്യക്ഷമായത്. ഗുണകരമായ മറ്റൊരു കാര്യത്തിന് ഇവ ഉപയോഗപ്പെടുത്തുകയും ചെയ്തു. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ പരസ്യമാണ് ഈ ഹോഡിംഗുകളിലിപ്പോൾ. 
സിൽവർ ലൈനിൽ നടപടികളെല്ലാം സർക്കാർ മരവിപ്പിച്ചിരിക്കുകയാണിപ്പോൾ.  പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും അടിയന്തരമായി തിരിച്ചു വിളിപ്പിച്ചു.  റെയിൽവേ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർനടപടിയെന്നാണ് ഇപ്പോൾ ന്യായം പറയുന്നത്. 
കേരളത്തിൽ നിലവിലെ ഇരട്ടിപ്പിച്ച പാതക്ക് സമാന്തരമായി മൂന്നും നാലും പാത പണിയാനുദ്ദേശിക്കുന്ന റെയിൽവേ ഒട്ടും ലാഭകരമല്ലാത്ത ഈ പദ്ധതിക്ക് ഒരിക്കലും അംഗീകാരം നൽകില്ലെന്നത് വേറെ കാര്യം. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതി എന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവ്.  പദ്ധതി മരവിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ നേരത്തെയും  പുറത്തു വന്നിരുന്നു. എന്നാൽ സർക്കാർ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നില്ല, സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിച്ചാണ് എൽഡിഎഫ് സർക്കാർ സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചിരുന്നത്. ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയിരുന്നു. പദ്ധതിക്കെതിരെ വ്യാപക എതിർപ്പുയർന്നിരുന്നു. പദ്ധതിക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകും എന്ന നിലപാടായിരുന്നു സർക്കരിന്റേത്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ജിയോ ടാഗിംഗ് മതിയെന്ന് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. സാൂഹിക ആഘാത പഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണ. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് അടക്കം നിയോഗിച്ച ഉദ്യോഗസ്ഥരെയും തിരിച്ചു വിളിക്കും. വലിയ എതിർപ്പുകൾ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാന വ്യാപക പ്രതിഷേധം സർക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായയെ തന്നെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ലെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകുമെന്നും വാർത്തകൾ പുറത്തു വന്നിരുന്നു. 2020 ജൂണിൽ ഡിപിആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ലായിരുന്നു. 
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെ എടുത്തു പറയാവുന്ന ഒരു വികസന പദ്ധതിയും കഴിഞ്ഞ ഏഴ് വർഷത്തിനിടെ നടപ്പാക്കാനായില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്സാഹം കൊണ്ടാണല്ലോ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയും യാഥാർഥ്യമാക്കാൻ മുൻ സർക്കാരിന് സാധിച്ചത്. ഈ ഒരു കുറവ് നികത്താൻ കൂടിയായിരുന്നു പിണറായി സർക്കാർ ഇത് നടപ്പാക്കാൻ തുനിഞ്ഞത്. 
അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയിരുമ്മി നിൽക്കുന്ന മംഗലാപരവും പാലക്കാടിനോട് ചേർന്നു നിൽക്കുന്ന കോയമ്പത്തൂരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് ആറാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം.
മാത്രവുമല്ല, കേരളത്തിലേക്ക് കൊങ്കൺ പാത വഴി വരുന്ന ദീർഘദൂര ട്രെയിനുകൾ ഇപ്പോൾ തന്നെ കുതിക്കുകയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച കാലത്ത് 7.02 ന് കോഴിക്കോട് വിട്ട ജാംനഗർ (ഗുജറാത്ത്)-തിരുനെൽവേലി (തമിഴ്‌നാട്) ട്രെയിൻ ഷൊർണൂരിൽ സ്റ്റോപ് ചെയ്തിട്ടും തൃശൂരിലെത്തിയത് 8.42 ന്. യാത്ര സമയം വെറും ഒരു മണിക്കൂർ നാൽപത് മിനിറ്റ്.  എറണാകുളം - മഡ്ഗാവ് ട്രെയിൻ ഷൊർണൂരിലും തിരൂരിലും നിർത്തിയിട്ടും കോഴിക്കോട്ടെത്തിയത് ഒന്നേ മുക്കാൽ മണിക്കൂറെടുത്ത്. ഖജനാവ് ചോർത്തുന്ന പദ്ധതിക്കായി മെനക്കെടുന്നതിന് പകരം കേരളത്തിലേക്ക് കൂടുതൽ അതിവേഗ ട്രെയിനുകൾ കൊണ്ടുവരാനാണ് രാഷ്ട്രീയ നേതൃത്വം സമ്മർദം ചെലുത്തേണ്ടത്. 
 67,000 കോടിയിൽ തുടങ്ങി രണ്ടു ലക്ഷം കോടി രൂപ വരെ പദ്ധതി ചെലവ് വരുന്ന കെ റെയിലെന്ന ഒറ്റ ആശയത്തിൽ സർക്കാർ മുന്നോട്ടു പോയപ്പോൾ മറ്റു പല വിഷയങ്ങളും വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്നും ആക്ഷേപമുണ്ട്. അല്ലെങ്കിലും കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ അടുത്തു തന്നെ ലഭിക്കാൻ സാധ്യതയേറി. നമ്മുടെ മുറ്റത്ത് മൈസൂരുവിലും ചെന്നൈയിലും ബംഗളൂരുവിലും ഇന്ത്യൻ നിർമിത അതിവേഗ ട്രെയിൻ ഓടിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിനും ഒരെണ്ണം അനുവദിക്കണമെന്ന് കേരള ധനമന്ത്രി ബാലഗോപാലൻ കഴിഞ്ഞ ദിവസം ദൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
സർവേ, പബ്ലിസിറ്റി, ക്രമസമാധാന പ്രശ്‌നം നേരിടൽ എന്നിവയിലെല്ലാം സംസ്ഥാന ഖജനാവിന് കോടികളാണ് നഷ്ടമായത്. ഇത് എല്ലാവരുടെയും നികുതിപ്പണത്തിൽ നിന്നാണ് പോകുന്നത്. സർക്കാരിന് പല അബദ്ധങ്ങളും പറ്റുകയെന്നത് സ്വാഭാവികമാണ്. അതിന് പരിഹാരം ഏതെങ്കിലും രാഷ്ട്രീയക്കാരനെ ഉപദേഷ്ടാവായി നിയമിക്കലല്ല. കേരളത്തിലെ സർവകലാശാലകളിലെല്ലാമായി ഡസൻ കണക്കിന് ഇക്കണോമിക്‌സ് പ്രൊഫസർമാരുണ്ടാവും. ഇവർക്ക് പുറമെ സർവീസിൽ നിന്ന് വിരമിച്ചവർ വേറെയും. നൂറ് കോടിയൊന്നും വലിച്ചെറിയാതെ ഏതാനും ആയിരങ്ങൾ മുടക്കി ഇവരുടെ സേവനം സർക്കാരിന് ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ. വൻകിട പദ്ധതികളുടെ ഫീസിബിലിറ്റി സ്റ്റഡി കോളേജ് മാഷുമാരും മുൻകാല അധ്യാപകരും ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് വിദഗ്ധ റിപ്പോർട്ട് സമർപ്പിക്കട്ടെ. തെരഞ്ഞെടുക്കപ്പെട്ട അഞ്ചോ ആറോ എക്‌സ്പർട്ട്‌സ് രണ്ടോ മൂന്നോ തവണ യോഗം ചേരാനുള്ള ചെലവ് ആയിരങ്ങളിൽ ഒതുക്കാവുന്നതേയുള്ളൂ. എന്നിട്ടാവാം ഇത്തരം പദ്ധതികൾ സ്വീകരിക്കണമോ തള്ളണമോ എന്ന് തീരുമാനിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂർ വരെ സബ്അർബൻ റെയിൽവേ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നുവല്ലോ. 2011 ൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. സിൽവർ ലൈൻ വകയിൽ സംസ്ഥാന ഖജനാവിന് നഷ്ടമായതെല്ലാം ആരിൽ നിന്ന് ഈടാക്കും? ഇത് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ധവളപത്രം ഇറക്കുന്നതും സർക്കാരിന് ആലോചിക്കാവുന്നതാണ്. നാണക്കേടൊന്നും കാര്യമാക്കേണ്ടതില്ല.

Latest News