Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൂവുസേലയുടെ വിളി

കിരീടവുമായി സ്‌പെയിൻ ടീം.

പന്തുരുണ്ട വഴികൾ

2010 ദക്ഷിണാഫ്രിക്ക , 
11 ജൂൺ-11 ജൂലൈ, 2010


അതിർത്തികൾ കടന്നുള്ള ലോകകപ്പിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു ആഫ്രിക്കയിൽ നടന്ന 2010 ലെ ടൂർണമെന്റ്. 2006 ൽ തന്നെ ആഫ്രിക്കയിൽ ലോകകപ്പ് നടക്കേണ്ടതായിരുന്നു, എന്നാൽ ദക്ഷിണാഫ്രിക്കക്കനുകൂലമായി വോട്ട് ചെയ്യേണ്ട ഓഷ്യാന പ്രതിനിധി വോട്ടെടുപ്പ് തലേന്ന് മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി പിന്മാറി. ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ജർമനി വേദി നേടി. സംഭവം വൻ വിവാദമായതോടെ 2010 ലെ വേദി ആഫ്രിക്കക്കായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. വൂവുസേല എന്ന ആഫ്രിക്കൻ സംഗീത ഉപകരണം ലോകകപ്പ് വേദികളിൽ ആഹ്ലാദത്തിന്റെ കുഴൽ നാദമായി. കൊളംബിയൻ ഗായിക ഷാക്കിറയുടെ വക്ക വക്ക ലോകകപ്പ് ഗാനവും വൻ ഹിറ്റായി. വർണവിവേചനത്തിനെതിരായ പോരാളി നെൽസൺ മണ്ടേല ഫൈനലിന് മുമ്പ് സ്റ്റേഡിയത്തിൽ പ്രത്യക്ഷപ്പെട്ടത് വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചു. സ്‌പെയിൻ ലോകകപ്പ് ഉയർത്തുന്ന എട്ടാമത്തെ ടീമായി. സ്വന്തം വൻകരക്കു പുറത്ത് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ ടീമുമായി അവർ. എന്നാൽ യൂറോപ്പിലെ 13 ടീമുകളിൽ ആറെണ്ണത്തിന് മാത്രമാണ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാനായത്. എക്കാലത്തെയും മോശം. കളിക്കളത്തിൽ മാത്രമല്ല കളത്തിനു പുറത്തും ഈ ലോകകപ്പ് ശ്രദ്ധേയമായി. ഡിയേഗൊ മറഡോണയായിരുന്നു അർജന്റീനയുടെ പരിശീലകൻ. കാർലോസ് ആൽബർടൊ പെരേര ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചു. ടൂർണമെന്റിൽ പരാജയമറിയാത്ത ഏക ടീം  ന്യൂസിലാന്റായിരുന്നു, അവർ പക്ഷെ ആദ്യ റൗണ്ടിൽ പുറത്തായി. 


ആതിഥേയർ -ദക്ഷിണാഫ്രിക്ക
ചാമ്പ്യന്മാർ - സ്‌പെയിൻ
ടീമുകൾ - 32, കളികൾ 64
യോഗ്യതാ റൗണ്ടിൽ മത്സരിച്ച ടീമുകൾ: 197
ടോപ്‌സ്‌കോറർ - തോമസ് മുള്ളർ (ജർമനി, 5 ഗോൾ)
മികച്ച കളിക്കാരൻ - ഡിയേഗൊ ഫോർലാൻ (ഉറുഗ്വായ്)
മികച്ച ഗോളി - ഇകർ കസിയാസ് (സ്‌പെയിൻ)
പ്രധാന അസാന്നിധ്യം: നൈജീരിയ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: വടക്കൻ കൊറിയ, സ്ലൊവാക്യ, ന്യൂസിലാന്റ്
ആകെ ഗോൾ 145 (ശരാശരി 2.27)
കൂടുതൽ ഗോളടിച്ച ടീം -ജർമനി (16)
മത്സരക്രമം: നാലു വീതം ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിൽ. 



നിലവിലെ റണ്ണേഴ്‌സ്അപ്പായ ഫ്രാൻസ് യോഗ്യത നേടിയത് വൻ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. അയർലന്റിനെതിരായ പ്ലേഓഫിലെ ഫ്രാൻസിന്റെ ഗോൾ തിയറി ഓൺറി നേടിയത് പന്ത് കൈ കൊണ്ട് തടുത്തിട്ട ശേഷമായിരുന്നു. മുപ്പത്തിമൂന്നാം ടീമായി തങ്ങളെ കളിപ്പിക്കണമെന്ന് അയർലന്റ് ആവശ്യപ്പെട്ടു.  ജർമനിക്കെതിരായ ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ ഒരു ഗോൾ നിഷേധിക്കപ്പെടുക കൂടി ചെയ്തതോടെ ഗോൾ ലൈൻ സാങ്കേതിക വിദ്യ വേണമെന്ന ആവശ്യം ശക്തമായി. എന്തായാലും ചാമ്പ്യന്മാരായ ഇറ്റലിയും റണ്ണേഴ്‌സ്അപ് ഫ്രാൻസും ആദ്യ റൗണ്ട് കടക്കാതെ മടങ്ങി. കളിക്കാരും കോച്ചും തമ്മിലുള്ള കലഹം കാരണം ഫ്രഞ്ച് ടീം അമ്പേ നാണം കെട്ടു. ഫ്രാൻസിനെ തോൽപിച്ചെങ്കിലും ദക്ഷിണാഫ്രിക്ക ആദ്യ റൗണ്ട് കടക്കാത്ത പ്രഥമ ആതിഥേയ ടീമായി. യോഗ്യതാ റൗണ്ടിൽ എല്ലാ കളികളും ജയിച്ച സ്‌പെയിനിനെ ആദ്യ റൗണ്ടിൽ സ്വിറ്റ്‌സർലാന്റ് വകവരുത്തി.
ഘാന ഒഴികെയുള്ള ആഫ്രിക്കൻ ടീമുകളെല്ലാം നിരാശപ്പെടുത്തി. അൾജീരിയയും കാമറൂണും നൈജീരിയയും ഗ്രൂപ്പുകളിൽ അവസാനമായി. എന്നാൽ അഞ്ച് ലാറ്റിനമേരിക്കൻ പ്രതിനിധികളും രണ്ടാം റൗണ്ടിലെത്തി. അതിൽ നാലും ഗ്രൂപ്പ് ചാമ്പ്യന്മാരുമായിരുന്നു. ബ്രസീലിനോട് തോറ്റ ചിലി ഒഴികെ നാലു ടീമുകളും ക്വാർട്ടറിലേക്കും മുന്നേറി. 
13 യൂറോപ്യൻ ടീമുകളിൽ ആറെണ്ണത്തിനേ ഗ്രൂപ്പ് കടക്കാനായുള്ളൂ എങ്കിലും ക്വാർട്ടറിൽ യൂറോപ്പും ലാറ്റിനമേരിക്കയും മുഖാമുഖം വന്ന മൂന്നു മത്സരങ്ങളിലും യൂറോപ്പിനായി ജയം. ആദ്യം ഗോളടിച്ച ശേഷം നെതർലാന്റ്‌സിനു മുന്നിൽ ബ്രസീൽ മുട്ടുമടക്കി. ഫെലിപ്പെ മെലൊ ചുവപ്പ് കാർഡ് കണ്ടത് ബ്രസീലിന് തിരിച്ചുവരാനുള്ള അവസരം നിഷേധിച്ചു. ഓഷ്യാന പ്രതിനിധികളായ ന്യൂസിലാന്റ് മൂന്നു സമനിലകളുമായി ആദ്യ റൗണ്ടിൽ പുറത്തായി. ഏഷ്യൻ പ്രതിനിധികളായ ജപ്പാനും തെക്കൻ കൊറിയയും സ്വന്തം വൻകരക്കു പുറത്ത് ആദ്യമായി രണ്ടാം റൗണ്ടിലെത്തി. ഒന്നാന്തരം ആക്രമണ ഫുട്‌ബോളിലൂടെ മെക്‌സിക്കോയുടെ യുവനിര തുടർച്ചയായ അഞ്ചാം ലോകകപ്പിലും പ്രി ക്വാർട്ടറിലേക്ക് മുന്നേറി. 


 അറിയാമോ? 
ആദ്യ മത്സരം തോറ്റ ശേഷം ലോകകപ്പ് ഉയർത്തിയ ഒരേയൊരു ടീമാണ് സ്‌പെയിൻ. ഉദ്ഘാടന മത്സരത്തിൽ സ്വിറ്റ്‌സർലന്റിനോടാണ് സ്‌പെയിൻ 0-1 ന് തോറ്റത്.



ജർമനി 2006 ലേതു പോലെ ആക്രമണ ഫുട്‌ബോളിന്റെ നിറവിരുന്ന് കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെ പ്രി ക്വാർട്ടറിൽ 4-1 നും അർജന്റീനയെ ക്വാർട്ടറിൽ 4-0 നും അവർ തകർത്തു. തോമസ് മുള്ളർ ടോപ്‌സ്‌കോററും മികച്ച യുവതാരവുമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയെ തോൽപിച്ച ഘാന ലോകകപ്പ് ക്വാർട്ടറിലെത്തുന്ന മൂന്നാമത്തെ ആഫ്രിക്കൻ ടീമായി. പാരഗ്വായ്ക്കും ഇത് പ്രഥമ ക്വാർട്ടറായിരുന്നു. ഉറുഗ്വായ്‌ക്കെതിരായ ക്വാർട്ടറിൽ ഘാന തലനാരിഴക്കാണ് എക്‌സ്ട്രാ ടൈമിൽ തോറ്റത്. എക്‌സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളിൽ ഡൊമിനിക് അദിയയുടെ വലയിലേക്ക് പോകവെ ലൂയിസ് സോറസ് കൈ കൊണ്ട് തടുത്തിട്ടു. സോറസിന്  ചുവപ്പ് കാർഡ് കിട്ടിയെങ്കിലും പെനാൽട്ടി അസമോവ ജ്യാൻ ക്രോസ് ബാറിന് ഇടിച്ചു തെറിപ്പിച്ചു. ഷൂട്ടൗട്ടിൽ ജ്യാൻ എടുത്ത ആദ്യ പെനാൽട്ടി ലക്ഷ്യം കണ്ടെങ്കിലും ഘാന തോറ്റു. തട്ടിമുട്ടി മുന്നേറിയ സ്‌പെയിൻ എൺപത്തിമൂന്നാം മിനിറ്റിൽ ഡാവിഡ് വിയ നേടിയ ഗോളിൽ പാരഗ്വായ്‌യെ മറികടന്നു. എന്നാൽ ആർത്തലച്ചു വന്ന ജർമനിയെ സെമിയിൽ അവർ 1-0 ന് മുട്ടുകുത്തിച്ചു. ടൂർണമെന്റിന്റെ താരം ഡിയേഗൊ ഫോർലാന്റെ ചുമലിലേറി മുന്നേറിയ ഉറുഗ്വായ്‌യെ 3-2 ന് നെതർലാന്റ്‌സ് കീഴടക്കി. ഫൈനൽ തീർത്തും വിരസമായിരുന്നു. 14 മഞ്ഞക്കാർഡുകൾ കണ്ട കലാശപ്പോരാട്ടത്തിൽ എക്‌സ്ട്രാ ടൈം തീരാൻ നാല് മിനിറ്റ് ശേഷിക്കെ ആന്ദ്രെസ് ഇനിയെസ്റ്റയാണ് സ്‌പെയിനിന്റെ വിജയ ഗോളടിച്ചത്. ആര്യൻ റോബന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകൾ രക്ഷിച്ച് ഗോളി ഇകർ കസിയാസും സ്‌പെയിനിന്റെ കിരീടനേട്ടത്തിൽ വലിയ പങ്കുവഹിച്ചു. നെതർലാന്റ്‌സ് മൂന്നാം തവണ ഫൈനലിൽ പരാജയം ഏറ്റുവാങ്ങി. എട്ട് ഗോൾ മാത്രമടിച്ച് ഏറ്റവും കുറവ് ഗോളോടെ ലോകകപ്പ് ചാമ്പ്യന്മാരാവുന്ന ടീമായി സ്‌പെയിൻ. ലാറ്റിനമേരിക്കയുടെ ഒമ്പത് ലോകകപ്പ് കിരീടങ്ങൾ മറികടന്ന് യൂറോപ്പ് പത്താമത്തെ കിരീടം സ്വന്തമാക്കി. 
ലോകകപ്പിന് കളിക്കാരെ വിട്ടുകൊടുത്തതിന് ക്ലബ്ബുകൾക്ക് ഫിഫ നഷ്ടപരിഹാരം നൽകാൻ ആരംഭിച്ചത് 2010 ലായിരുന്നു. 
 

Latest News