VIDEO സൗദിയില്‍ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

തബൂക്ക് - സൗദി അറേബ്യയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബായുടെ തെക്ക് ശക്തമായ കാറ്റും മഴയും.  ശക്തമായ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ അബ്ദുല്‍ അസീസ് അല്‍ഖലീഫ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളില്‍ ഇന്ന് കനത്ത മഴ പെയ്തു. വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപതിച്ചതിനെ തുടര്‍ന്ന് തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. കമ്പനി സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് വൈകാതെ ഭൂരിഭാഗം വരിക്കാര്‍ക്കും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും സൗദി ഇലക്ട്രിസിറ്റി കമ്പനി പറഞ്ഞു.
വാദി അല്‍ഖുശൈബ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അല്‍ഉല-മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താല്‍ക്കാലികമായി അടച്ചിരിക്കയാണ് അല്‍ഉല-മദീന റോഡില്‍ 237 കിലോമീറ്റര്‍ അടയാളത്തിനു സമീപമാണ് ഇരു ദിശകളിലും റോഡ് താല്‍ക്കാലികമായി അടച്ചത്. ഈ റോഡിന് പകരം അല്‍ഉല-ഖൈബര്‍ റോഡ് ഉപയോഗിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു.

 

Latest News