തായിഫ് - ജനുവരി മൂന്നു മുതല്‍ തായിഫ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി പ്രതിവാരം മൂന്നു സര്‍വീസുകള്‍ വീതമാണ് ദോഹക്കും തായിഫിനുമിടയില്‍ ഖത്തര്‍ എയര്‍വെയ്‌സ് നടത്തുക. സൗദിയില്‍ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന ആറാമത്തെ നഗരമാണ് തായിഫ്. സൗദിയില്‍ സേവനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തായിഫ് സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ഖത്തര്‍ എയര്‍വെയ്‌സ് പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സ് ശൃംഖലയില്‍ ഏറ്റവും മികച്ച യാത്രാ ഓപ്ഷനുകള്‍ സൗദി നിവാസികള്‍ക്ക് ലഭിക്കുമെന്ന് കമ്പനി പറഞ്ഞു.
രാവിലെ 7.40 ന് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാനം രാവിലെ 10.10 ന് തായിഫില്‍ ഇറങ്ങും. രാവിലെ 11.10 തായിഫില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1.20 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്നും ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. റിയാദ്, ജിദ്ദ, മദീന, ദമാം, അല്‍ഖസീം എന്നിവിടങ്ങളിലേക്ക് നിലവില്‍ ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. റിയാദിലേക്കും മദീനയിലേക്കും രണ്ടു സര്‍വീസുകള്‍ വീതവും ജിദ്ദയിലേക്ക് നാലു സര്‍വീസുകളും ദമാമിലേക്ക് അഞ്ചു സര്‍വീസുകളും അല്‍ഖസീമിലേക്ക് ഒന്നും സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് പ്രതിദിനം നടത്തുന്നത്.