സ്വന്തത്തോടുള്ള പോരാട്ടമാണ് യഥാര്‍ഥ ജിഹാദ്, ഇസ്ലാം പഠിപ്പിച്ച് അജിത് ഡോവല്‍

ന്യൂദല്‍ഹി-അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും ഭീഷണിയായി തുടരുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍.
ഇന്ത്യയിലും ഇന്തോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ ഉലമയുടെ പങ്ക് എന്ന വിഷയത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.
രണ്ട് രാജ്യങ്ങളും ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളാണ്. വെല്ലുവിളികളെ ഗണ്യമായ അളവില്‍  അതിജീവിച്ചെങ്കിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസിനാല്‍ പ്രചോദിപ്പിക്കപ്പെട്ട ഭീകരതയും ഭീഷണിയായി തുടരുകയാണ്. തീവ്രവാദ സെല്ലുകളില്‍ നിന്നും സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മടങ്ങിയെത്തുന്നവരില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ സിവില്‍ സഹകരണം അത്യന്താപേക്ഷിതമാണ്-അദ്ദേഹം പറഞ്ഞു.
സഹിഷ്ണുത, ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ സഹകരണം തേടി ഇന്ത്യന്‍, ഇന്തോനേഷ്യന്‍ പണ്ഡിതന്മാരെ ഒരുമിച്ച് കൊണ്ടുവരികയാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. അക്രമാസക്തമായ ഭീകരവാദത്തിനും തീവ്രവല്‍ക്കരണത്തിനുമെതിരായ പോരാട്ടത്തിന് ഇത് കരുത്ത് പകരുമെന്നും ഡോവല്‍ പറഞ്ഞു.
തീവ്രവല്‍ക്കരണവും മതത്തിന്റെ ദുരുപയോഗവും ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല. ഇത് മതത്തെ വളച്ചൊടിക്കലാണ്. ഇതിനെതിരെ എല്ലാവരും ശബ്ദമുയര്‍ത്തേണ്ടതുണ്ട്. തീവ്രവാദവും ഭീകരവാദവും ഇസ്ലാമിന്റെ അര്‍ത്ഥത്തിന് എതിരാണ്. ഇസ്‌ലാം സമാധാനവും ക്ഷേമവുമാണ് അര്‍ത്ഥമാക്കുന്നത്. ഇത്തരം ശക്തികളോടുള്ള എതിര്‍പ്പിനെ ഒരു മതവുമായുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മാനവികത, സമാധാനം, ധാരണ എന്നിവയുടെ മൂല്യങ്ങള്‍ക്കായി നിലകൊള്ളുന്ന മതങ്ങളുടെ യഥാര്‍ത്ഥ സന്ദേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ, ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ കൊല്ലുന്നതിന് തുല്യമാണ്. ഒരാളെ രക്ഷിക്കുന്നതാകട്ടെ രക്ഷക്കും തുല്യമാണ്. ഒരാളുടെ വികാരത്തിനും അഹങ്കാരത്തിനുമെതിരായ പോരാട്ടമാണ് ജിഹാദിന്റെ ഏറ്റവും മികച്ച രൂപമായ ജിഹാദുല്‍ അഫ്‌സലായി ഇസ്ലാം പഠിപ്പിക്കുന്നതെന്നും  നിരപരാധികളായ പൗരന്മാര്‍ക്കെതിരെയല്ലെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു.
ഡോവലിന്റെ ക്ഷണപ്രകാരം ഇന്തോനേഷ്യന്‍ ഉന്നത മന്ത്രി മുഹമ്മദ് മഹ്ഫൂദ് ദല്‍ഹിയിലെത്തി. പണ്ഡിതന്മാരും  ഇന്തോനേഷ്യയിലെ രാഷ്ട്രീയ, നിയമ, സുരക്ഷാ കാര്യങ്ങളുടെ ഏകോപന മന്ത്രിയായ മഹ്ഫൂദ് നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘത്തിലുണ്ട്.

 

Latest News