രാത്രി കാമുകിയെ കാണാനെത്തി; നാട്ടുകാര്‍ പടികൂടി മര്‍ദിച്ച യുവാവ് ജീവനൊടുക്കി

ചെന്നൈ- രാത്രി കാമുകിയെ കാണാന്‍ എത്തിയതിനെ തുടര്‍ന്ന്  നാട്ടുകാരുടെ മര്‍ദനമേറ്റ  കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ തിരുഭുവനവത്തിലുള്ള മുരുകാനന്ദത്തിന്റെ മകന്‍ ജീവസൂര്യ(18)യെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകിയുടെ വീടിന് സമീപം ജീവസൂര്യയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

രാത്രി വീട്ടില്‍നിന്ന് ബൈക്കില്‍ പുറത്തേക്കുപോയ ജീവസൂര്യ തിരികെ നടന്നാണ് വന്നത്. മൊബൈല്‍ ഫോണ്‍ കൈയിലുണ്ടായിരുന്നില്ല.  മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. ഇതേക്കുറിച്ച് മാതാപിതാക്കള്‍ ചോദിച്ചിട്ടും മറുപടി പറയാതെ മുറിയിലേക്കു പോകുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം സംശയം തോന്നി മുറിയില്‍ കയറി നോക്കിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസന്വേഷണത്തിലാണ് സമീപഗ്രാമത്തിലുള്ള കാമുകിയെ കാണാന്‍ പോയപ്പോള്‍  ചിലര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചതായി തെളിഞ്ഞത്. പ്രതികളെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

 

Latest News