Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രീജിത്തിന്റെ മരണം: ദുരൂഹത ബലപ്പെടുത്തി പോലീസ്, പോസ്റ്റുമോർട്ടം റിപ്പോർട്ട്

- കാറപകടം വ്യാജമെന്ന് പോലീസ്, മരണകാരണം വാരിയെല്ലുകൾ തകർന്നുള്ള ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

നാദാപുരം / കോഴിക്കോട് - കാസർകോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(38)ന്റെ മരണത്തിൽ ദുരൂഹത ബലപ്പെടുത്തി പോലീസ്, പോസ്റ്റുമോർട്ടം റിപ്പോർട്ട്. 
 മരണം വാഹനാപകടത്തിലെ പരിക്കുകളെ തുടർന്നല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകുന്ന സൂചന. വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷതമേറ്റാണെന്നും റിപ്പോർട്ടിലുണ്ട്. തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്ഷതമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളും മൃതദേഹത്തിലുണ്ട്. ഈ പരിക്കുകളൊന്നും വാഹനാപകടത്തിൽ സംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. 
 അതിനിടെ, കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും കാറപകടം വ്യാജമാണെന്നുമുള്ള വിലയിരുത്തലിലാണ് പോലീസ്. ശ്രീജിത്ത് സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് മറ്റൊരാളാണ്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. അപകടശേഷം ഇയാൾ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും ഇയാളെ വൈകാതെ പൊക്കാനാവുമെന്നും പോലീസ് പറയുന്നു.
  പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടനെ ജില്ലാ പോലീസ് മേധാവി ആർ കറുപ്പ സാമി, വടകര റൂറൽ സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ്, സിഐ ഇ.വി ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി. ശനിയാഴ്ച്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ശ്രീജിത്തിനെ കണ്ടെത്തിയത്. സമീപത്ത് തന്നെ ഇയാളുടെ കാറും അപകടത്തിൽ പെട്ടതായി തോന്നിക്കുംവിധത്തിൽ കണ്ടെത്തിയിരുന്നു. ഉടനെ നാട്ടുകാർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ അന്നു തന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി, രാത്രിയോടെ കാസർകോട്ടെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
 

Latest News