ന്യൂദല്‍ഹി-നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. നിര്‍ബന്ധിത മതപരിവര്‍ത്തിനത്തിന്റെ ഗുരുതരവും ഗൗരവുമായ വശം ഉള്‍ക്കൊള്ളുന്നുവെന്നും സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിര്‍ബന്ധിത മത പരിവര്‍ത്തനം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹരജിയിലാണ് കേന്ദ്രം സത്യവാംഗ്മൂലം നല്‍കിയത്. ഹരജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യത്തിന്റെ ഗൗരവും സര്‍ക്കാര്‍ മനസിലാക്കുന്നു. മതിയായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നു ചൂണ്ടിക്കാട്ടിയാണ് അശ്വിനി ഉപാധ്യായ ഹരജി നല്‍കിയിരിക്കുന്നത്. മതപരിവര്‍ത്തനം തടയാന്‍ ഒരു ബില്ല് കൊണ്ടു വരണമെന്നും ലോ കമ്മീഷനോട് ഒരു റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു. ഹരജി നേരത്തെ പരിഗണിച്ചപ്പോഴും നിര്‍ബന്ധിത മതപരിവര്‍ത്തനനം ഗുരുതര പ്രശ്‌നമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു.
ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ഒരു പ്രത്യേക മതത്തിലേക്ക് പരിവര്‍ത്തനം നടത്താനുള്ള അവകാശം നല്‍കുന്നില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് ഒരു വ്യക്തിയെ കബളിപ്പിച്ചോ പ്രേരിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ പാരിതോഷികങ്ങള്‍ നല്‍കിയോ മതപരിവര്‍ത്തനം നടത്താന്‍ അനുവദിക്കുന്നില്ലെന്നും സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയുടെ തന്നെ നേരത്തേയുള്ള ഒരു ഉത്തരവില്‍ പ്രചരിപ്പിക്കുക എന്ന വാക്ക് ഒരു വ്യക്തിയെ മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മതത്തിന്റെ തത്വങ്ങള്‍ പ്രചരിപ്പിക്കുക്ക എന്നത് മാത്രാണ് അതു കൊണ്ട് അര്‍ഥമാക്കുന്നതെന്നും കേന്ദ്രം വിശദീകരിക്കുന്നു. മുന്‍ ചീഫ് ജസ്റ്റീസ് എ.എന്‍ റായ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവില്‍ പ്രചാരണം, ക്രമസമാധാനവും എന്ന വാക്കുകളെ വിശദീകരിച്ചിട്ടുണ്ട്. ആസൂത്രിതമായും പ്രലോഭിച്ചുമുള്ള മതപരിവര്‍ത്തനം തടയുന്നതിനുള്ള നടപടികളെ ആ ഉത്തരവില്‍ സുപ്രീംകോടതി പ്രകീര്‍ത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അത്തരം നടപടികള്‍ സ്ത്രികളും കുട്ടികളും അടക്കം സമൂഹത്തിലെ അവശവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിന് അത്യാവശ്യമാണെന്നും കേന്ദ്രം വാദിക്കുന്നു. മധ്യപ്രദേശ്, ഒഡീഷ്, ഗുജറാത്ത്, ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രത്യേക നിയമ നിര്‍മാണം തന്നെ നടത്തിയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.