Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർക്കപ്പെടുമ്പോൾ

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെടുന്നുവെന്ന പരാതികൾ കഴിഞ്ഞ കുറച്ച് കാലങ്ങളായി കേട്ടുകൊണ്ടിരിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനിലും വോട്ടർ പട്ടികയിലും തുടങ്ങി തെരഞ്ഞെടുപ്പിനായുള്ള മറ്റു നടപടി ക്രമങ്ങളിലും വലിയ തോതിൽ ക്രമക്കേടുകൾ നടക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ഓരോ തെരഞ്ഞെടുപ്പ് വേളയിലും ആരോപണം ഉന്നയിക്കാറുണ്ട്. നിരവധി തെളിവുകളും ഇതിനായി നിരത്താറുണ്ട്. നരേന്ദ്ര മോഡി സർക്കാറിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെന്ന് പറഞ്ഞ് കമ്മീഷനെ പ്രതിപക്ഷ കക്ഷികൾ കടന്നാക്രമിക്കുന്നതും പതിവാണ്. എന്നാൽ ഇതിനൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് കൃത്യമായ ഉത്തരം ലഭിക്കാറില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് രാജ്യത്ത് നടക്കേണ്ടതുണ്ട്. അതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ യാതൊരു ബാഹ്യ സമ്മർദത്തിനും വഴങ്ങാൻ പാടില്ല. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നതെന്ന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ വെറും ഒറ്റ ദിവസത്തെ നടപടിക്രമങ്ങൾ കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിലൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെയാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ പോലും വലിയ തോതിലുള്ള രാഷ്ട്രീയക്കളികൾ നടന്നുവെന്നാണ് ഇത് സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ തെരഞ്ഞെടുപ്പും നിയമനവും അവരുടെ സേവന കാലാവധിയും  മറ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപര്യ ഹരജിയിലൂടെയാണ് അരുൺ ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട കള്ളക്കളികൾ വ്യക്തമായിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിൽ സുപ്രീം കോടതി ഭരണഘടന ബെഞ്ച്  സംശയം പ്രകടിപ്പിക്കുകയും കേന്ദ്ര സർക്കാരിനോട് കാതലായ ചില ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്. സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിലൂടെ 2024 ലെ പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് നീതിയുക്തമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുള്ള ആസൂത്രണങ്ങൾ കേന്ദ്ര സർക്കാരിന്റെ 
ഭാഗത്ത് നിന്ന് നടന്നുകൊണ്ടിരിക്കുന്നുവെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.  അതിനുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നത് വ്യക്തം.
അരുൺ ഗോയലിനെ ഒറ്റ ദിവസത്തെ നടപടിക്രമങ്ങൾ കൊണ്ട് മിന്നൽ വേഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിൽ സുപ്രീം കോടതി ചില ക്രമക്കേടുകളും രാഷ്ട്രീയ സമ്മർദവുമെല്ലാം മുന്നിൽ കാണുന്നുണ്ട്. പ്രധാനമായും മൂന്ന് ചോദ്യങ്ങളാണ് ഇത് സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ച ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തിനായി നിയമ മന്ത്രി നാല് പേരുകൾ തെരഞ്ഞെടുത്ത് ശുപാർശ ചെയ്തതിന്റെ മാനദണ്ഡമെന്താണെന്നതാണ് ഒന്നാമത്തെ ചോദ്യം. മെയ് 15 മുതൽ ഒഴിഞ്ഞു കിടക്കുന്ന പദവിയിലേക്ക് നവംബർ 18 നാണ് നിയമന ശുപാർശ നൽകിയത്. ഇത്രയും കാലം വൈകിച്ച ശേഷം ഒറ്റ ദിവസം കൊണ്ട് മിന്നൽ വേഗത്തിൽ ഫയൽ നീക്കിയതെങ്ങനെയാണെന്നാണ് രണ്ടാമത്തെ ചോദ്യം. വകുപ്പുകൾക്കുള്ളിൽ പോലും 24 മണിക്കൂറിനകം ഫയലുകൾ നീങ്ങില്ലെന്നിരിക്കേ എന്ത് വിലയിരുത്തലാണ് സർക്കാർ നടത്തിയതെന്നതാണ് മൂന്നാമത്തെ ചോദ്യം. 
ഇതിനുമപ്പുറം മറ്റൊരു പ്രധാന സംശയം കൂടി സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ട്. അരുൺ ഗോയലിന്റെ  സ്വയം വിരമിക്കലിൽ നടപടി ക്രമങ്ങൾ പാലിച്ചിരുന്നോ എന്നത് സംബന്ധിച്ച സംശയമാണത്. സ്വയം വിരമിക്കലിന് മൂന്ന് മാസക്കാലത്തെ മുൻകൂർ നോട്ടീസ് നൽകേണ്ടതുണ്ട്. അതുണ്ടായിട്ടുണ്ടോ എന്ന സംശയമാണ് കോടതി ഉയർത്തിയത്. ഗോയൽ സ്വയം വിരമിക്കലിന് അപേക്ഷ നൽകിയത് മുതൽ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കപ്പെടുന്നത് വരെയുള്ള കാര്യങ്ങളെല്ലാം മിന്നൽ വേഗത്തിലാണ് നീങ്ങിയതെന്നത് കേന്ദ്ര സർക്കാരിന്റെ വലിയ തോതിലുള്ള രാഷ്ട്രീയ താൽപര്യം ഈ നിയമനത്തിൽ നടന്നിട്ടുണ്ടെന്നതിന്റെ പച്ചയായ തെളിവാണ്. 
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതക്ക് വലിയ തോതിലുള്ള കോട്ടമാണ് അരുൺ ഗോയലിന്റെ നിയമനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നത് സുപ്രീം കോടതിയുടെ നിരീക്ഷണത്തിലൂടെ തന്നെ വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ താൽപര്യങ്ങൾക്കനുസരിച്ച് വളരെ എളുപ്പത്തിൽ നിയമനം നടത്താനുള്ള വേദിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഇതിലൂടെ തെളിയുന്നത്. സുപ്രീം കോടതിക്ക് മുന്നിൽ ഒരു പൊതുതാൽപര്യ ഹരജി എത്തിയതുകൊണ്ട് മാത്രമാണ് അരുൺ ഗോയലിന്റെ നിയമനത്തിലെ ക്രമക്കേടുകൾ പുറംലോകത്തെത്തിയത്. അല്ലെങ്കിൽ ഇത് നിഷ്പക്ഷ നിയമനമായി വിലയിരുത്തപ്പെടുമായിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണ മുന്നണിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമനങ്ങളെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരന്തരമായ ആരോപണങ്ങളുയരുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്. 2019 ൽ നരേന്ദ്ര മോഡിയും അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെളിവുകളുണ്ടായിട്ടും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നരേന്ദ്ര മോഡിക്ക് അനുകൂല നിലപാടെടുത്തത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് കേന്ദ്ര സർക്കാർ നേരിട്ട് നിയമനം നടത്തുന്നതുകൊണ്ടാണ് കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത്. അതിന് പകരം മറ്റൊരു സംവിധാനം കൊണ്ടുവരണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ നിഷ്പക്ഷമായ ഒരു തെരഞ്ഞെടുപ്പ് രീതി ആവിഷ്‌കരിക്കുന്നതിനോട് കേന്ദ്ര സർക്കാരിന് ഒട്ടും താൽപര്യമില്ല. തങ്ങൾ നിശ്ചയിക്കുന്ന ആളുകൾ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായി വരാൻ പാടുള്ളൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാനായി സുപ്രീം കോടതി നിർദേശിച്ച തെരഞ്ഞെടുപ്പ് രീതിയെപ്പോലും തള്ളുകയാണ് കെന്ദ്ര സർക്കാർ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കേന്ദ്ര സർക്കാർ നേരിട്ട് നിമയനം നടത്തുന്നതിന് പകരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെട്ട ഒരു സമിതിക്ക് നിയമന അധികാരം കൈമാറിക്കൂടേയെന്ന് ഭരണഘടന ബെഞ്ച് ആരാഞ്ഞപ്പോൾ അതിനോട് തീർത്തും നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. അത്തരമൊരു സംവിധാനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രാഷ്ട്രീയക്കളി പകൽ പോലെ വ്യക്തമായിരിക്കുകയാണ്.
2024 ലെ തെരഞ്ഞെടുപ്പിൽ തുടർഭരണം നേടുകയെന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. മതരാഷ്ട്രമടക്കമുള്ള അജണ്ട നടപ്പാക്കണമെങ്കിൽ തുടർഭരണം അനിവാര്യമാണ്. അതേസമയം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരികയെന്ന ബോധ്യവും നരേന്ദ്ര മോഡിക്കും കൂട്ടർക്കുമുണ്ട്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ വിശ്വാസ്യതയെയാണ് ഇത് തകർത്തു കളയുന്നത്. അതിന് ഉന്നത നീതിപീഠം കുട പിടിക്കില്ലെന്ന് പ്രത്യാശിക്കാം.

Latest News